ടൊമാറ്റോ കെച്ചപ്പ് അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ അറിയപ്പെടുന്ന ടൊമാറ്റോ സോസ് കഴിക്കുമ്പോള്‍ ഒരിക്കലും അതിലൂടെ ശരീരത്തിന് എന്തെങ്കിലും ഗുണം ഉണ്ടാകുമെന്ന് നമ്മള്‍ ചിന്തിച്ചുകാണാന്‍ വഴിയില്ല. ആരോഗ്യം മെച്ചപ്പെടുത്തുന്ന ചില ഘടകങ്ങള്‍ കെച്ചപ്പിലുണ്ടെന്നത് ആശ്ചര്യത്തോടെയാണ് മിക്കവാറും ജനങ്ങളും ഉള്‍ക്കൊള്ളുന്നത്.

കെച്ചപ്പ് ചരിത്രം

'കെച്ചപ്പ്' (Ketchup) എന്നത് ചൈനീസ് വാക്കായ 'കി  സിപ്പ് ' (ketsiap) എന്നതില്‍ നിന്നുണ്ടായതാണ്. ചൈനീസ് ഭാഷയില്‍ ആ വാക്കിന്റെ അര്‍ത്ഥം 'ഉപ്പിലിട്ട മീന്‍ രസം' എന്നാണ്. പതിനേഴാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് നാവികര്‍ ഈ ചൈനീസ് സംയോജനത്തിന്റെ സ്വാദില്‍ സംതൃപ്തി കണ്ടെത്തി പടിഞ്ഞാറിലേക്ക് കൊണ്ടുവന്നു. ചൈനയില്‍നിന്ന് മലേഷ്യയിലേക്കും പിന്നീട് ഇന്‍ഡൊനീഷ്യയിലേക്കും കെച്ചപ്പ് തന്റെ യാത്ര തുടര്‍ന്നു. 1690 കാലഘട്ടത്തിലാണ് കെച്ചപ്പിനെക്കുറിച്ച് അച്ചടിച്ച് കാണപ്പെട്ടത്.

1835നടുത്ത് ഒരു മരുന്ന് എന്ന നിലയിലാണ് കെച്ചപ്പ് കണക്കാക്കപ്പെട്ടിരുന്നത്. ഇത് തക്കാളി ഗുളികകളായി വിറ്റഴിച്ചു. ഒഹായോയിലെ വില്ലോബി സര്‍വകലാശാലയിലെ മെഡിക്കല്‍ വിഭാഗത്തിന്റെ പ്രസിഡന്റായ ഡോ. ജോണ്‍ കുക്ക് ബെന്നെറ്റ് ആണ് ഈ ആശയം അവതരിപ്പിച്ചത്. വയറിളക്കവും മഞ്ഞപ്പിത്തവും ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട രോഗങ്ങളും സുഖപ്പെടുത്താന്‍ തക്കാളിക്ക് കഴിയുമെന്ന് അദ്ദേഹം കരുതി. ബെന്നെറ്റ് ഈ ആശയങ്ങള്‍ മിഷിഗനില്‍ താമസിച്ചിരുന്ന ഡോക്ടര്‍ വില്യം സ്മിത്ത് എന്നയാളോട് ചേര്‍ന്ന് വിപണിയില്‍ എത്തിച്ചു. അങ്ങനെ വിവിധ വ്യവസായികള്‍ അവരുടെ ചുവടുകള്‍ പിന്തുടര്‍ന്നുകൊണ്ട് ഒട്ടേറെ തക്കാളി ഗുളികകള്‍ ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി. എന്നാല്‍ ഇവയില്‍ മിക്കതും തട്ടിപ്പു ഗുളികകളായിരുന്നു. അവര്‍ തക്കാളി ഉപയോഗിച്ചിരുന്നില്ല. അങ്ങനെ ജനങ്ങള്‍ക്ക് അത് മനസ്സിലായിത്തുടങ്ങിയപ്പോള്‍ 1840ല്‍ തക്കാളി ഗുളികളുടെ കമ്പോളം തകരാന്‍ ഇടയാക്കി.

ഇന്ന് നമ്മള്‍ കാണുന്ന കെച്ചപ്പിനെക്കാള്‍ വളരെ ഏറെ വ്യത്യാസമുള്ളതായിരുന്നു പണ്ടത്തെക്കാലത്തെ കെച്ചപ്പ്. ബ്രിട്ടീഷുകാരുടെ കെച്ചപ്പ് ഉണ്ടാക്കുന്ന പാചകരീതിയില്‍ കൂണ്‍, വാള്‍നട്ട്, ഓയിസ്റ്റ്‌സ്, മീന്‍ എന്നിവ ചേര്‍ന്നാണ്. ഈ കാലയളവിലാണ് കെച്ചപ്പില്‍ ഏറ്റവും കൂടുതല്‍ ആവശ്യമായുള്ള ഒരു ചേരുവയെക്കുറിച്ച് ആളുകള്‍ ബോധവാന്മാരാകുന്നത്. 1876ല്‍ തക്കാളി കെച്ചപ്പ് എഫ്. ആന്‍ഡ് ജെ. ഹീന്‍സ് കമ്പനി വില്‍ക്കാന്‍ തുടങ്ങി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് അമേരിക്കയില്‍ പ്രധാന കെച്ചപ്പ് ആയി മാറി.

കെച്ചപ്പ് വസ്തുതകള്‍

ഒരു ടേബിള്‍ സ്പൂണ്‍ കെച്ചപ്പില്‍ പതിനാറു കലോറി മാത്രമേയുള്ളു (കൊഴുപ്പു തീരെ ഇല്ല)

നാലു ടേബിള്‍സ്പൂണ്‍ കെച്ചപ്പിലൂടെ ഒരു ഇടത്തരം വലിപ്പമുള്ള തക്കാളിയിലൂടെ ലഭിക്കുന്ന പോഷകങ്ങള്‍ എല്ലാംതന്നെ ലഭിക്കും.

100 ഗ്രാം കെച്ചപ്പില്‍ 3 ഗ്രാം ലൈക്കോപീന്‍ (Lycopene) ഉണ്ട്. ലൈക്കോപീന്‍ എന്നത് പച്ചക്കറികളിലും പഴങ്ങളിലും (ചുവന്ന നിറത്തിലുള്ളവയില്‍) കാണപ്പെടുന്ന ഒരു ധാതുവാണ്. കോശങ്ങളിലെ ഡി.എന്‍.എ. തകരാറുകള്‍ തടയുന്നതിന് അത്യുത്തമമാണ് ലൈക്കോപീന്‍.

100 ഗ്രാം കെച്ചപ്പിലെ പോഷണ പട്ടിക

കാര്‍ബോഹൈഡ്രേറ്റ്  28.5 ഗ്രാം

വിറ്റാമിന്‍ എ  0.45 എം.ജി.

വിറ്റാമിന്‍ ബി 1  0.07 എം.ജി.

വിറ്റാമിന്‍ ബി 2  0.08 എം.ജി.

വിറ്റാമിന്‍ സി  7 എം.ജി.

കെച്ചപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍

കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍  ടൊമാറ്റോ കെച്ചപ്പില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയാന്‍  ട്യൂമര്‍ വളര്‍ച്ച മുരടിപ്പിക്കാന്‍ കെച്ചപ്പില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍  ഫിന്നിഷ് ഗവേഷകരുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കെച്ചപ്പ് ഉപയോഗിക്കുന്നതു വഴി ചീത്ത കൊളസ്‌ട്രോള്‍ (ലിപ്പോ പ്രോട്ടീന്‍) കുറയ്ക്കാന്‍ കഴിയും എന്നാണ്.

ത്വക്കിന്റെ ആരോഗ്യത്തിന്  ലൈക്കോപീന്‍ നല്‍കുന്ന മറ്റൊരു ഉപകാരം ഇവ സൂര്യന്റെ അതിതീവ്രമായ അള്‍ട്രാ വയലറ്റ് കിരണങ്ങളില്‍നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്നു.

എല്ലുകളുടെ ആരോഗ്യത്തിന്  കെച്ചപ്പിലുള്ള ആന്റി ഓക്‌സിഡന്റ്‌സ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു.

ടൊമാറ്റോ കെച്ചപ്പ് റെസിപ്പി

തക്കാളി  ഒരു കിലോഗ്രാം (നല്ല പഴുത്ത തക്കാളി)

പഞ്ചസാര  അരക്കപ്പ്

മുളക്  5 (പച്ചമുളക്  ആവശ്യത്തിന് എരിവുള്ളത്)

ഉപ്പ്  പാകത്തിന്

വിനാഗിരി  കാല്‍ക്കപ്പ്

ഏലയ്ക്ക  3 എണ്ണം

കറുവപ്പട്ട 1 ചെറിയ കഷ്ണം

ഗ്രാമ്പു 4 എണ്ണം

ജീരകം അര ടീസ്പൂണ്‍

സവാള  1 എണ്ണം

ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്  2 ടീസ്പൂണ്‍

പാചകം ചെയ്യാന്‍

തക്കാളി നന്നായി കഴുകി വൃത്തിയാക്കുക. ഒരു പാത്രത്തില്‍ കുറച്ചു വെള്ളം ചൂടാക്കാന്‍ വയ്ക്കുക. ചൂടാകാന്‍ തുടങ്ങുമ്പോള്‍ കഴുകിവച്ച തക്കാളി ചേര്‍ത്ത് നന്നായി തിളപ്പിക്കുക. കുറച്ചു സമയത്തിനുള്ളില്‍ തക്കാളിയുടെ പുറംതൊലി അടര്‍ന്നുവരുന്നതായി കാണാം. അടുപ്പില്‍നിന്ന് പാത്രം എടുത്തുമാറ്റുക. തക്കാളി തണുത്തവെള്ളമുള്ള മറ്റൊരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം (ചൂട് മാറിയതിനു ശേഷം) തൊലി മാറ്റിയെടുക്കുക. തക്കാളി മിക്‌സര്‍ ഗ്രൈന്‍ഡറിലിട്ട് നന്നായി ഉടച്ചെടുക്കുക. ജീരകം, സവാള, ഗ്രാമ്പു, കറുവപ്പട്ട, മുളക്, ഏലയ്ക്ക എന്നിവ മയത്തില്‍ ചതച്ചെടുക്കുക. ഇങ്ങനെ ചതച്ചെടുത്തതും ഇഞ്ചി  വെളുത്തുള്ളി പേസ്റ്റും യോജിപ്പിച്ചതിനു ശേഷം ഒരു നല്ല വൃത്തിയുള്ള തുണിയില്‍ കിഴികെട്ടുക. മിക്‌സിയില്‍ അരച്ചെടുത്ത തക്കാളി ഉടച്ചെടുത്തത് ഒരു പാന്‍ അടുപ്പത്തുവച്ച് നേരിയ ചൂടില്‍ ഇളക്കുക. നേരത്തെ ഉണ്ടാക്കിവച്ച കിഴിയും ഇതില്‍ ഇട്ടതിനുശേഷം വീണ്ടും ഇളക്കുക. കുറുകിവരാന്‍ തുടങ്ങുമ്പോള്‍ പഞ്ചസാര, ഉപ്പ്, വിനാഗിരി എന്നിവ ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. നല്ലവണ്ണം തിളച്ച് കുറുകി ക്കഴിയുമ്പോള്‍ കിഴി സോസില്‍നിന്ന് എടുത്തു മാറ്റുക. നന്നായി തണുത്തതിനു ശേഷം കുപ്പിയില്‍ അടച്ചുസൂക്ഷിക്കാം. കൂടുതല്‍നാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.