നിസ്സാരക്കാരനാണെങ്കിലും താരന്‍ കുറച്ചൊന്നുമല്ല നമ്മളെ ടെന്‍ഷന്‍ അടിപ്പിക്കാറ്. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യ മാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി എടുക്കാറ്. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് തലമുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. മുടികൊഴിച്ചിലിനൊപ്പം മുടിയുടെ വളര്‍ച്ച തടയുന്നതിനാല്‍ തന്നെ താരന്‍ മാറ്റാന്‍ അല്പം കരുതല്‍ വേണം.

തല ചൊറിച്ചില്‍, തലയില്‍ വെളുത്ത പൊടികള്‍, മുഖത്തേക്കും തോളിലേക്കുമെല്ലാം ഈ പൊടികള്‍ ഇളകി വീഴുക എന്നിവയെല്ലാമാണ് താരന്റെ ആദ്യലക്ഷണങ്ങള്‍. നിരന്തരമായ ചൊറിച്ചില്‍ മൂലം തടിപ്പുകള്‍, ഉണലുകള്‍, നീരൊലിപ്പ് എന്നിവയുമുണ്ടാകാം. ഇതിനെ സെബോറിക് ഡെര്‍മറ്റൈറ്റിസ് (seborrhoeic dermatitis) എന്നു പറയും. ചൊറിയുമ്പോള്‍ ശിരോചര്‍മത്തിലുണ്ടാവുന്ന മുറിവുകളിലൂടെ അണുബാധയുണ്ടായി പഴുപ്പ് വരാനും സാധ്യതയുണ്ട്.

കൂടുതലായാല്‍ താരന്‍ തലയില്‍ മാത്രമല്ല മുഖം, കക്ഷം, നെഞ്ച്, പുറം, തുടയിടുക്കുകള്‍ എന്നിവിടങ്ങളിലെല്ലാം ബാധിച്ചു ചൊറിച്ചില്‍, ഉണലുകള്‍, പഴുപ്പ്, നീരൊലിപ്പ് എന്നിവ ഉണ്ടാക്കുന്നു. താരന്‍ കൂടുതലാകുമ്പോള്‍ മുടികൊഴിച്ചിലും അനുഭവപ്പെടാം.

കൃത്യസമയത്ത് മാറ്റാതിരുന്നാല്‍ ത്വക്കിലേക്കും വ്യാപിക്കാന്‍ സാധ്യതയുളളതിനാല്‍ താരന്‍ വരാതിരിക്കാന്‍ എപ്പോഴും അല്പം മുന്‍കരുതല്‍ നല്ലതാണ്. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ വളരെ പെട്ടെന്ന് തന്നെ താരന്‍ തടയാം.

എന്താണ് താരന് കാരണം?

താരന് പല കാരണങ്ങളുണ്ട്. ഏറ്റവും പ്രധാന കാരണം മലസ്സീസിയ ഫര്‍ഫര്‍ (malassezia furfur) അഥവാ പിറ്റിറോസ്‌പോറം ഒവേല്‍ (ptiyrosporum ovale) എന്ന ഒരുതരം പൂപ്പലുകള്‍ (fungus) ആണ്. ശിരോചര്‍മത്തില്‍ വസിക്കുന്ന ഒരു നിരുപദ്രവകാരിയാണ് ഇത്. പക്ഷേ, ചില സമയങ്ങളില്‍ ഇവ കൂടുതലായി വളര്‍ന്നു പെരുകി താരനുണ്ടാക്കുന്നു.

താരന്‍ രണ്ടുതരമുണ്ട്. എണ്ണമയമുള്ളതും അല്ലാത്തതും 

(1) ശിരോചര്‍മത്തിലെ എണ്ണമയം കൂടുന്നതു കൊണ്ടുണ്ടാകുന്നതാണ് എണ്ണമയമുള്ള താരന്‍ (gresay dandruff). ശിരോചര്‍മത്തിലെ എണ്ണഗ്രന്ഥികള്‍ കൂടുതലായി എണ്ണ ഉല്പാദിപ്പിക്കുന്നു. അത് പിറ്റിറോസ്‌പോറം എന്ന പൂപ്പലുകള്‍ വളരാന്‍ സഹായിക്കുന്നു.

(2) സോപ്പുകള്‍, ഷാംപൂകള്‍ എന്നിവയുടെ അമിതോപയോഗം മൂലം ശിരോചര്‍മം വരണ്ട് താരനുണ്ടാകാം. ഇതാണ് വരണ്ട താരന്‍ (dry dandruff).

ശരീരത്തിലെ മറ്റു ചില അസുഖങ്ങള്‍ കൊണ്ടും താരനുണ്ടാകം. പാര്‍ക്കിന്‍സണിസം (parkinsonism) എന്ന രോഗമുള്ളവരില്‍ താരന്‍ കൂടുതലായി കാണുന്നു. ഈ അസുഖം മൂലം തലയില്‍ എണ്ണമയം കൂടുന്നതാണ് ഇതിനു കാരണം.

മദ്യപാനികള്‍, തടി കൂടിയവര്‍, ഹൃദ്രോഗികള്‍, പ്രമേഹരോഗികള്‍, അപസ്മാര രോഗികള്‍ എന്നിവരിലും താരന്‍ കൂടുതലായി കാണപ്പെടുന്നു.
എയ്ഡ്‌സ് രോഗികളില്‍ താരന്‍ ഒരു പ്രധാന രോഗലക്ഷണമായിത്തന്നെ അറിയപ്പെടുന്നു. അവരില്‍ 'പിറ്റിറോസ്‌പോറം' ഫംഗസുകള്‍ വളരെയധികമായി വളര്‍ന്നുവരുന്നതാണ് ഇതിനു കാരണം.

ചില വിറ്റാമിനുകളുടെ കുറവ്  പ്രത്യേകിച്ച് ബി കോംപ്ലക്‌സ് വിറ്റാമിനുകളായ ബയോട്ടിന്‍ (biotin), പാന്റ്‌റോതനിക് ആസിഡ് (pantothenic acid), റിബോഫ്‌ലേവിന്‍ (riboflavin) എന്നിവയുടെ കുറവ് താരനു കാരണമായെന്നു വരാം.

ഇതാ എളുപ്പത്തില്‍ താരനകറ്റാനുളള ഏഴ് മാര്‍ഗങ്ങള്‍;


1. തലയിലെ എണ്ണമയം നീക്കം ചെയ്യുക

എണ്ണ തേക്കുന്നത് തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെങ്കിലും ഏറെ നേരം എണ്ണ മുടിയില്‍ തേച്ച് നില്‍ക്കുന്നത് താരനുണ്ടാകാന്‍ ഇടയാക്കും. എണ്ണ തേച്ചതിന് ശേഷം ചെറുപയര്‍ പൊടിച്ചതോ താളിയോ തേച്ച്  മുടി കഴുകുക. തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും താരനകറ്റാനും മുടിയിലെ എണ്ണ മയം നീക്കം ചെയ്യാനും സഹായകരമാകും. 

2. ചെറുനാരങ്ങാനീരും തൈരും

താരനുണ്ടാകുമ്പോള്‍ വരുന്ന മറ്റൊരു പ്രധാന പ്രശ്‌നം  തലയിലെ ചര്‍മ്മം വരണ്ടുപോകുന്നതാണ്. ഇത് അകറ്റാനായി അല്പം ചെറുനാരങ്ങാനീര് വെളളത്തില്‍ ചേര്‍ത്ത് തലമുടി കഴുകാം. പക്ഷെ ഒരു കാരണവശാലും ചെറുനാരങ്ങനീര് മാത്രം തലയോട്ടിലില്‍ തേച്ച് പിടിപ്പിക്കരുത്. വെളളത്തിലോ തൈരിലോ ചേര്‍ത്ത് മാത്രം ഉപയോഗിക്കുക.

3. കറ്റാര്‍വാഴയുടെ നീര്

വീടുകളില്‍ സുലഭമായി ലഭിക്കുന്ന കറ്റാര്‍വാഴയുടെ നീര് മുടിവളരാനും താരന്‍ മാറാനും ഏറെ സഹായകരമാകും. എണ്ണമയം നീക്കം ചെയ്ത് ശേഷം തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര് നന്നായി തേച്ച്പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക. 

4. വേപ്പിന്റെ നീരും വെളിച്ചെണ്ണയും 

മിക്ക ത്വക്ക് രോഗങ്ങള്‍ക്കും നല്ലൊരു ഔഷധമാണ് വേപ്പ്. താരനകറ്റാനും വേപ്പിന്റെ നീര് നല്ലൊരു മരുന്നാണ്. അല്പം വെളിച്ചെണ്ണയിലോ തൈരിലോ വേപ്പിന്റെ നീര് ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരനകറ്റാന്‍ സഹായിക്കും.

5. ഉണക്കനെല്ലിക്കപ്പൊടി

ഉണങ്ങിയ നെല്ലിക്കയുടെ പൊടി തുളസി ഇലയ്‌ക്കൊപ്പം അരച്ച മിശ്രിതം തലയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക. ഇത് താരനകറ്റാന്‍ ഫലപ്രദമായ ഒരു മാര്‍ഗമാണ്.

6. ഒലിവ് ഓയില്‍

അല്പം ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലിവ് ഓയിലും ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരന്‍ നിയന്ത്രിക്കാന്‍ സഹായകരമാകും.

7. ഇതു കൂടാതെ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടതും മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഏറെ ആവശ്യമാണ്. ഇതിനായി ധാരാളം ഇലക്കറികളും ഫ്രൂട്ട്‌സും കഴിക്കുക.