വേനല്‍ക്കാലത്തിന് മുന്നോടിയായി മഞ്ഞുകാലം തുടങ്ങി. അതിരാവിലെയും വൈകുന്നേരങ്ങളിലുമുളള മഞ്ഞുവീഴ്ച പലവിധ രോഗങ്ങള്‍ക്കും കാരണമാകും. മൂക്കൊലിപ്പ്, പനി, ചുമ, അലര്‍ജി, തുമ്മല്‍, അക്യൂട്ട് ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയവയാണ് പൊതുവേ കാണുന്ന തണുപ്പുകാലപ്രശ്‌നങ്ങള്‍. അന്തരീക്ഷത്തിലെ ഈര്‍പ്പമേറുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള മുഖ്യകാരണം.

കാലാവസ്ഥ മാറുമ്പോള്‍ മിക്കവര്‍ക്കും പനിവരുന്നത് പതിവാണ്. പനി മാറിയിട്ടും ചുമയും കഫക്കെട്ടും തുടരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ശ്വാസനാളിയിലുള്ള നീര്‍ക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവയുടെ ലക്ഷണമാകാം ഇത്തരം ബുദ്ധിമുട്ടുകള്‍. കഫക്കെട്ടും മറ്റ് പ്രശ്‌നങ്ങളും വൈറല്‍ ന്യുമോണിയയിലേക്ക് നയിച്ചേക്കാം. 
    
വിട്ടുമാറാത്ത ചുമ ആസ്ത്മയുടെ കാരണമാകാം. ചിലര്‍ക്ക് സീസണലായി ആസ്ത്മ വരും. കൃത്യമായ മരുന്നിലൂടെ ആസ്ത്മ പൂര്‍ണമായും നിയന്ത്രിക്കാം. ഒരുമാസം ചുമ തുടരുക, ഭാരക്കുറവ്, കഫത്തില്‍ രക്തത്തിന്റെ അംശം എന്നിവയുണ്ടെങ്കില്‍ കഫം പരിശോധിക്കണം. ചിലപ്പോള്‍ ടി.ബി.യുടെ ലക്ഷണമാകാം.

സി.ഒ.പി.ഡി. (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ്) ഉള്ളവര്‍ക്ക് അത് കൂടാന്‍ ഇടയുണ്ട്. പുകവലികാരണമുണ്ടാകുന്ന ഇത്തരം പ്രശ്‌നം പ്രായംചെന്നവരിലാണ് കൂടുതലായുണ്ടാവുന്നത്. ഇത് നിയന്ത്രിക്കുന്നതിനുള്ള കുത്തിവെപ്പ് ഫലപ്രദമാണ്.

മുന്‍കരുതല്‍

• ആരോഗ്യപ്രശ്‌നം ഒഴിവാക്കാന്‍ പൊടി, തണുപ്പ് തുടങ്ങിയ സാഹചര്യങ്ങളില്‍നിന്ന് മാറി നില്‍ക്കുക
•  ജോലിസ്ഥലത്തും യാത്രയിലും മുഖകവചം ഉപയോഗിക്കുക
•  പെര്‍ഫ്യൂം, ചന്ദനത്തിരി, കൊതുകുതിരി തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുക
•  തണുത്ത ഭക്ഷണവും ജങ്ക്ഫുഡും വേണ്ട. മുളപ്പിച്ച ധാന്യങ്ങള്‍, പച്ചക്കറി എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

 ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

• സ്വയംചികിത്സ ഒഴിവാക്കുക. അസുഖം കണ്ടെത്താതെ ലക്ഷണങ്ങള്‍ക്കുമാത്രം മരുന്നുവാങ്ങിക്കഴിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. താത്കാലികശമനം മാത്രമാണ് സ്വയംചികിത്സയിലൂടെ ലഭിക്കുക. ഡോക്ടറെക്കണ്ടുതന്നെ മരുന്ന് വാങ്ങുക.  
• ഡോക്ടറുടെ സേവനം ഉറപ്പാക്കുക. കൃത്യമായി മരുന്ന് കഴിക്കുന്നതിലൂടെ അസുഖമകറ്റാം.
•  നേരത്തേ അസുഖമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പൈട്ടന്ന് ആശ്വാസം നല്‍കുന്നതും അസുഖം തടയുന്നതുമായ മരുന്നുകള്‍ കൈയില്‍ കരുതുക.
•  പ്രതിരോധശേഷി കുറവുള്ളവരും പ്രായമേറിയവരും സി.ഒ.പി.ഡി. പോലുള്ള അസുഖമുള്ളവരും പ്രതിരോധകുത്തിവെപ്പെടുക്കുന്നത് നല്ലതാണ്.

(കടപ്പാട്: ഡോ. എം.സി. സാബിര്‍,കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റ്, ബേബി മെമ്മോറിയല്‍ ആസ്പത്രി, കോഴിക്കോട്)