ബ്രഷില്‍ നിറയെ പേസ്റ്റ് എടുത്ത് നന്നായി അമര്‍ത്തി പല്ലു തേയ്ക്കും. പേസ്റ്റ് കൂടുതല്‍ പതയുന്നുണ്ടെങ്കില്‍, പല്ല് ശരിക്ക് വൃത്തിയായെന്ന് ഉറപ്പിക്കും. ഇതാണ് നമ്മളില്‍ പലരുടെയും ശീലം. ശരിക്കും പേസ്റ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്?

സാധാരണയായി രണ്ട് തരത്തിലുള്ള ടൂത്ത് പേസ്റ്റുകളാണുള്ളത്. സാധാരണ പേസ്റ്റും മെഡിക്കേറ്റഡ് ടൂത്ത് പേസ്റ്റും. രണ്ടാമത്തേത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുന്നതും തുടര്‍ച്ചയായി ഉപയോഗിക്കുന്നത് നല്ലതല്ലാത്തതുമാണ്. 

പലനിറത്തിലുള്ള പേസ്റ്റുകളുണ്ടെങ്കിലും വെള്ള ഉപയോഗിക്കുന്നതാവും നല്ലത്. ജെല്‍ പേസ്റ്റുകളുടെ നിരന്തര ഉപയോഗം പല്ലിന് തേയ്മാനവും പുളിപ്പും ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ചില ജെല്‍ പേസ്റ്റുകളുടെ തുടര്‍ച്ചയായ ഉപയോഗം പല്ലുകളില്‍ കറ വരുത്തുന്നതിനും ഇടയാക്കുന്നു.ഇവയില്‍ അടങ്ങിയിട്ടുള്ള തരികള്‍ പല്ലില്‍ പോറല്‍ വീഴ്ത്തുന്നത് കൊണ്ടാണിത്.

പല്ല് വൃത്തിയാവാന്‍ ഏറ്റവും നല്ലത് ഉമിക്കരയാണെന്ന് പറയും. എന്നാല്‍ ഉമിക്കരി പല്ലിന് തേയ്മാനം ഉണ്ടാക്കും. അതിലെ തരികളിലെ വലിപ്പം പല്ലുകളില്‍ പോറലുകള്‍ വീഴ്ത്തും

പല്ല് തേയ്ക്കുമ്പോള്‍ ഒരുപാട് പേസ്റ്റ് ഉപയോഗിക്കുന്നതില്‍ കാര്യമില്ല. പേസ്റ്റ് ഒരു പയറുമണിയോളം മതി. 100 ഗ്രാം പേസ്റ്റ് ഒരാള്‍ക്ക് രണ്ട് മാസം ഉപയോഗിക്കാം. പേസ്റ്റ് കട്ടയായി തുടങ്ങുമ്പോള്‍ കേടാവുന്നു എന്ന് വേണം മനസിലാക്കാന്‍. പിന്നെ ആ പേസ്റ്റ് ഉപയോഗിക്കരുത്.