ഒരു ചെറിയ തൊണ്ട വേദന വന്നാല്‍പ്പോലും ആശുപത്രിയില്‍ പോയി ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ തൊണ്ടവേദനയെ നമുക്ക് വീട്ടില്‍ത്തന്നെ അകറ്റാം. എങ്ങനെയെന്നല്ലേ....

- ഉപ്പുവെള്ളം വായില്‍ക്കൊള്ളുക എന്നതാണ് അതില്‍ ആദ്യത്തെ മാര്‍ഗം. ഒരു കപ്പ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പിട്ട് ഇളക്കുക. വെള്ളത്തിന് ഒരുപാട് ചൂടുണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദിവസം മൂന്ന് തവണയെങ്കിലും ഇതുപയോഗിച്ചാല്‍ തൊണ്ടവേദന പമ്പ കടക്കും.

- തൊണ്ടവേദന ഇല്ലാതാക്കാന്‍ വെളുത്തുള്ളി നല്ല ഒരുപാധിയാണ്. ഇതിലടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന ആന്റിബയോട്ടിക് ആണ് തൊണ്ടവേദനയകറ്റാന്‍ സഹായിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വെളുത്തുള്ളി സഹായിക്കും.

- ഗ്രാമ്പുവും തൊണ്ടവേദനയകറ്റാനുള്ള നല്ലൊരുപാധിയാണ്. തൊണ്ടവേദനയുള്ളപ്പോള്‍ ഉണങ്ങിയ ഒരു ഗ്രാമ്പൂ എടുത്ത് വായിലിട്ട് അലിയിക്കുക. ശേഷം അത് നന്നായി ചവച്ച് ഇറക്കുക. 

- തൊണ്ടവേദനയകറ്റാന്‍ കര്‍പ്പൂര തുളസിയും മികച്ച പ്രതിവിധിയാണ്. ഒരു കപ്പ് ചൂടുവെള്ളത്തിലേക്ക് രണ്ട് ടീസ്പൂണ്‍ കര്‍പ്പൂരതുളസിയിലകളിടുക. അല്‍പ്പം തണുത്ത ശേഷം ഈ വെള്ളം വായില്‍ക്കൊള്ളുക. 

- തേനും തൊണ്ടവേദനയകറ്റാന്‍ നമ്മുടെ വീടുകളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒന്നാണ്. ഒറ്റയ്ക്കും ചൂടുവെള്ളത്തിനൊപ്പം കലര്‍ത്തിയും തേന്‍ ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ തേന്‍ അതേപടി കഴിക്കുകയാണെങ്കില്‍ കഫ് സിറപ്പിന്റെ ഫലമാണ് അതുണ്ടാക്കുക.