രീരത്തിലെ ഓരോ അവയവങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഒന്നും വിലകുറച്ച് കാണാനാവില്ല. പാദങ്ങളും അങ്ങിനെ തന്നെയാണ്. ശരിക്കും പറഞ്ഞാല്‍ ശരീരാവയവങ്ങളിലെ പോരാളിയാണ് പാദങ്ങള്‍ എന്നു വേണമെങ്കില്‍ പറയാം.

കല്ലും മുള്ളും ചെളിയും മാലിന്യങ്ങളുമായുള്ള നിരന്തരമായ ഇടപെടല്‍. അതുകൊണ്ടുതന്നെ പാദങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ മുഖത്തിന് എങ്ങിനെ സംരക്ഷണം നല്‍കുന്നോ അതുപോലെ.

പാദങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ചില മാര്‍ഗങ്ങളാണ് താഴെ.

 • പാദങ്ങളിലെ ഫംഗസ് ബാധ ആരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തേണ്ടതാണ്. വിദഗ്ദ്ധ നിര്‍ദ്ദേശമനുസരിച്ച് വേണ്ട മുന്‍കരുതലുകളെടുക്കുക.
   
 • മെഡിക്കേറ്റഡ് സോപ്പ് ഉപയോഗിച്ച് പാദങ്ങള്‍ കഴുകി വൃത്തിയാക്കിയതിന് ശേഷം വിള്ളലുകളില്‍ നിന്ന് സംരക്ഷിക്കാനുംചര്‍മം വരണ്ടതാകാതിരിക്കാനുമായി സ്‌കിന്‍ ഹൈഡ്രേറ്റിങ് ക്രിമുകള്‍ പുരട്ടുക.
   
 • നഖങ്ങള്‍ ദിവസവും വെട്ടുക. നഖങ്ങള്‍ക്കടിയില്‍ അഴുക്ക് അടിഞ്ഞുകൂടുന്നത് ഇതുവഴി ഒഴിവാകും.
   
 • നിര്‍ജലീകരണത്തിന്റെ ഒരു ലക്ഷണമാണ് പാദങ്ങളിലെ വിള്ളല്‍. ദിവസേന ധാരാളം വെള്ളം കുടിക്കുന്നതൊടൊപ്പം പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. കാപ്പി, ചായ, ആല്‍ക്കഹോള്‍ എന്നിവ കുറക്കുക.
   
 • പാദങ്ങളിലുണ്ടാകാറുള്ള ഒട്ടുമിക്ക പ്രശ്‌നങ്ങളെയും അകറ്റാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് സ്‌ക്രബിങ്. കൃത്യമായ ഇടവേളകളില്‍ പാദങ്ങളിലെ വരണ്ടതും മൃതവുമായ ചര്‍മഭാഗങ്ങളെ ഉരച്ച് കളയുന്നതിലൂടെ വിള്ളല്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനാവും. പരുപരുത്ത പാദങ്ങളുടെ അഭംഗി ഇല്ലാതാക്കി മൃദുവും ഭംഗിയുള്ളതുമാക്കി മാറ്റാന്‍ ഇത് സഹായിക്കും. ഇതിന് വേണ്ടി പാര്‍ലറുകളില്‍ നിരന്തരം കയറിയിറങ്ങേണ്ടതില്ല. കല്ലുകളിലുരച്ചും സ്‌ക്രബിങ് ഉപകരണങ്ങള്‍ വാങ്ങിയും വീട്ടില്‍ നിന്ന് തന്നെ ഇത് ചെയ്യാവുന്നതാണ്.
   
 • സ്പായും സലൂണുകളും സന്ദര്‍ശിക്കാന്‍ സമയമില്ലെങ്കില്‍ നല്ലൊരു ഫൂട്ട് മാസ്‌ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം.രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്ട്മീല്‍ പൗഡര്‍, അര ടേബിള്‍ സ്പൂണ്‍ തേന്‍, അര ടേബിള്‍സ്പൂണ്‍ ഓലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഇത് അരമണിക്കൂറോളം പാദങ്ങളില്‍ തേച്ച് പിടിപ്പിക്കുക.നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം. മോസ്ചറൈസര്‍ ക്രീം ഉപയോഗിച്ച് മസാജ് ചെയ്യുക.