നഗരത്തിലെ എല്ലാവർക്കും പറയാൻ ഇപ്പോൾ രണ്ടു പ്രധാന വിഷയങ്ങൾ മാത്രമേയുള്ളു... മഴയും പനിയും. നിർത്താതെ പെയ്യുന്ന മഴയിൽ നഗരം മുങ്ങുമ്പോൾ ഉയർന്നുവരുന്നത് ഒരുപിടി ആരോഗ്യപ്രശ്നങ്ങളാണ്. നഗരത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യവും വെള്ളക്കെട്ടുമെല്ലാം ഇതിനു കാരണമാകുന്നുണ്ട്. വെള്ളക്കെട്ടിൽ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ കൊച്ചിയെ പകർച്ചപ്പനിയുടെ കരങ്ങളിലേക്കാണ് എത്തിച്ചിരിക്കുന്നത്. നഗരത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നതിന്റെ കാരണവും ഇതുതന്നെ. ഡെങ്കിപ്പനിയെന്ന് സംശയം ആണെങ്കിൽ ഒരു ദിവസത്തിനുള്ളിൽ ‘എൻ.എസ്. വൺ ആന്റിജൻ ടെസ്റ്റും’ എലിപ്പനിക്കായി ‘റാപ്പിഡ് ടെസ്റ്റും’ ആണ് നിലവിലുള്ളത്. പനി ബാധിച്ച് ആദ്യ അഞ്ച് ദിവസത്തിനുള്ളിലാണ് റാപ്പിഡ് ടെസ്റ്റ് നടത്തേണ്ടത്. 

ബാധിക്കുന്നത് എങ്ങനെ?

‘ഈഡിസ്’ ഇനത്തിൽപ്പെട്ട പെൺകൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പനി ബാധിച്ച വ്യക്തിയിൽ നിന്ന് രക്തം കുടിക്കുന്നതോടെ ഡെങ്കു െെവറസുകൾ കൊതുകുകളിൽ കടക്കുന്നു. ഈ കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി പടരുന്നത്. കൊതുകുവഴി മാത്രമാണ് ഈ പനി പടരുന്നതെന്നാണ് ഇതിന്റെ പ്രത്യേകത. 


ഡെങ്കിപ്പനിയെ കരുതാം

പനി തുടങ്ങിയാൽ ഒരു ദിവസത്തിനുള്ളിൽത്തന്നെ രോഗ നിർണയത്തിന് രോഗി തയ്യാറാവണം. ഒരു കാരണവശാലും പനി ചികിത്സിക്കാതെ പോകരുത്. ചികിത്സ വൈകുംതോറും പനിയുടെ തലങ്ങൾ മാറുകയും ഗുരുതരാവസ്ഥയിലേക്ക് കടക്കുകയും ചെയ്യുന്നു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് വളരെവേഗം കുറയുന്നു എന്നതാണ് ഡെങ്കിപ്പനിയെ ഭീതിയോടെ നോക്കിക്കാണാൻ കാരണം. ആരോഗ്യവാനായ വ്യക്തിയിൽ 1,50,000 മുതൽ 4,50,000 വരെയാണ് പ്ലേറ്റ്‌ലെറ്റുകളുടെ അളവ്. ഡെങ്കിപ്പനി ബാധിച്ചാൽ ഈ അളവ് ക്രമാതീതമായി കുറയുന്നു. അതിനാൽ ത്തന്നെ രോഗിയിൽ കൃത്യമായ നിരീക്ഷണം ആവശ്യമാണ്. 

ഡെങ്കിപ്പനി മൂന്നു ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഡെങ്കിപ്പനി, ഡെങ്കി ഹെമറേജിക് ഫീവർ, ഡെങ്കി ഷോക്‌ സിൻഡ്രം എന്നിവയാണത്. രണ്ടാം ഘട്ടത്തിലേക്കെത്തുന്ന ഡെങ്കിപ്പനി രക്തസ്രാവത്തോടു കൂടിയാണ് ഉണ്ടാവുന്നത്. ഡെങ്കി ഷോക്‌ സിൻഡ്രം എന്നത് ശരീരത്തിലെ രക്തസമ്മർദം ക്രമാതീതമായ രീതിയിൽ താഴ്ന്ന്, തളർന്നുപോകുന്ന അവസ്ഥയാണുണ്ടാക്കുന്നത്. ഇവ രണ്ടും കൃത്യസമയത്ത് ചികിത്സിച്ചിട്ടില്ലെങ്കിൽ മരണകാരണമാകാൻ സാധ്യതയുള്ളവയാണ്.

പനിയുടെ ലക്ഷണങ്ങൾ കൂടാതെ മൂക്ക്, വായ, മോണ എന്നിവയിൽ നിന്നുള്ള രക്തസ്രാവം, ഛർദി, ശ്വാസതടസം എന്നിവ വളരെയേറെ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. മാറാത്ത ചുമയും ശ്വാസംമുട്ടും ഉണ്ടെങ്കിൽ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. കൃത്യമായ നിരീക്ഷണത്തിലൂടെ മാത്രമേ തുടർന്നുള്ള ചികിത്സ നടത്താൻ സാധിക്കുകയുള്ളൂ. ശരീരത്തിൽ ചെറിയ ചുവന്ന പാടുകൾ, ക്ഷീണം, ചുമ എന്നിവയും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.

പ്രതിരോധം 

ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിന് പ്രതിരോധ വാക്സിനുകൾ ലഭ്യമാണ്. വർഷത്തിൽ ഒരിക്കൽ ഇത് എടുക്കുന്നതു വഴി പനിയെ പ്രതിരോധിക്കാൻ ഒരു പരിധിവരെ സാധിക്കും. 
 രോഗം ബാധിച്ച ഒരു വ്യക്തി ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ ജലാംശം നഷ്ടപ്പെടുന്നതിന് പനി കാരണമാകും. ഇതിനെ പ്രതിരോധിക്കുന്നതിനായി ഒരാൾ ദിവസം മൂന്ന് ലിറ്റർ അല്ലെങ്കിൽ എട്ട് ഗ്ലാസ് വെള്ളം കുടിക്കേണ്ടതുണ്ട്. 

ശരിയായ വിശ്രമമാണ് പനി ബാധിച്ചാൽ ആവശ്യം. പനിയ്ക്ക് ശേഷവും യാത്രകൾ കുറേയ്ക്കണ്ടതും ശരീരത്തിന് വേണ്ട വിശ്രമം നൽകേണ്ടതും ആവശ്യമാണ്. ഗർഭിണികൾ, പ്രായമുള്ളവർ, കുഞ്ഞുങ്ങൾ എന്നീ വിഭാഗക്കാർക്ക് ശരിയായ പരിചരണം ആവശ്യമാണ്.

വിവരങ്ങൾ: 

ഡോ. ആശ രാജൻ
എം.ബി.ബി.എസ്, എം.ഡി.
കൺസൾട്ടന്റ് ഫിസിഷ്യൻ
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ
കൊച്ചി


ഡോ. ശ്രീരാജ് വി. 
എം.ഡി, ഡി.എം.
ക്ലിനിക്കൽ ഹെമറ്റോളജി
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ
കൊച്ചി