ഹാരം കഴിക്കാൻ കുഞ്ഞുങ്ങൾക്കൊരു താളമുണ്ട്. വാരിവലിച്ച് തിന്നുകയല്ല, ആ താളത്തിൽ ആസ്വദിച്ചാണ് അവർ കഴിക്കുക. കുഞ്ഞുങ്ങളിൽനിന്ന്  നാം പഠിക്കേണ്ട  ഏറ്റവും പ്രധാനപ്പെട്ട കാര്യം ആഹാര ശീലമാണ്. ഇരുന്നു കഴിക്കണം എന്നത് മുതൽ വയറു നിറയുമ്പോൾ ഭക്ഷണം നിർത്തണം എന്നതുവരെ കുഞ്ഞുങ്ങളിൽനിന്ന് പഠിക്കാവുന്ന പാഠങ്ങളാണ്.

അത്തരം ചില പാഠങ്ങളാണ് താഴെ. പരീക്ഷിച്ച് നോക്കൂ

ഭക്ഷണം വിശക്കുമ്പോൾ

ശിശുക്കൾ കരയുന്നതിന്റെ പ്രധാന കാരണം വിശപ്പാണ്. കുട്ടികൾ കരച്ചിലിലൂടെ നമ്മളെ അവരുടെ വിശപ്പറിയിക്കുന്നു. എന്നാൽ മുതിർന്നവരായ നമ്മൾ വയറു വിശപ്പറിയിച്ചാലും, അത് കണക്കിലെടുക്കാതെ ജോലിത്തിരക്കോ മറ്റു പല കാരണങ്ങളോ കൊണ്ട് സമയം തെറ്റി ഭക്ഷണം കഴിക്കുന്നു. ഇതുവഴി ശരീരത്തിന്റെ ജീവശാസ്ത്ര അടയാളങ്ങൾ കാറ്റിൽ പറത്തുന്നു. ഇങ്ങനെ സമയം തെറ്റി ഭക്ഷണം കഴിക്കുന്നത് പലപ്പോഴും അമിതഭക്ഷണം കഴിക്കുന്നതിലേക്ക്‌ നയിക്കുന്നു. ശരീരത്തിൽ ഇന്ധനം കുറവാണെന്ന്‌ ശരീരം നമ്മളെ അറിയിക്കുമ്പോൾ അതിനുവേണ്ട വിധത്തിൽ പ്രതികരിക്കാൻ നമ്മൾ കുട്ടികളിൽനിന്ന് പഠിക്കേണ്ടിയിരിക്കുന്നു.  

food

ഭക്ഷണം ആവശ്യത്തിന് മാത്രം

‘കഴിക്കാൻ വേണ്ടി ജീവിക്കാതെ ജീവിക്കാൻ വേണ്ടി കഴിക്കുക’ എന്നത് അമിതമായി ഭക്ഷണം കഴിക്കുന്നവരെ കളിയാക്കാൻ ഉപയോഗിക്കാറുള്ളതാണെങ്കിലും അതിൽ നല്ല ആശയവുമുണ്ട്. കുട്ടികൾ അവർക്കു വയറു നിറഞ്ഞതായി തോന്നിയാൽ ഉടൻ ഭക്ഷണം കഴിക്കുന്നത് നിർത്തുകയാണ് പതിവ്. ചിലപ്പോൾ മുതിർന്നവരുടെ നിർബന്ധത്തിനു വഴങ്ങി കൂടുതൽ കഴിക്കേണ്ടി വരാറുണ്ട്. എന്നിരുന്നാലും ആവശ്യത്തിന് മാത്രം കഴിക്കുക എന്നത് കുട്ടികളുടെ ഭക്ഷണരീതിയിൽനിന്ന് നമുക്ക് പഠിക്കാം. അമിതവണ്ണം നിയന്ത്രിക്കാനുള്ള എളുപ്പവഴിയാണ് ഭക്ഷണം കുത്തിനിറയ്ക്കാതെ ആവശ്യത്തിന് മാത്രം കഴിക്കുക എന്നത്.

വർണാഭമായ ഭക്ഷണത്തിന്റെ വശ്യത

കുട്ടികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് വിവിധ നിറത്തിലുള്ള ഭക്ഷണങ്ങളാണ്. ഒരു പ്ലേറ്റിൽ വിവിധ നിറത്തിലുള്ള പച്ചക്കറികളോ പഴങ്ങളോ ഉണ്ടെങ്കിൽ തീർച്ചയായും കുട്ടികൾ കഴിച്ചു നോക്കും. ഇങ്ങനെ കടുംനിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും നൽകുന്ന ധാതുക്കളും പോഷകങ്ങളും മുതിർന്നവർക്കും ഉപയോഗപ്രദമാണ്. കഴിക്കുമ്പോൾ മഴവില്ലിലെ ഏഴു നിറങ്ങളോട് സാമ്യമുള്ള പ്രകൃതിദത്തമായ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.

KIDS

സമയമെടുത്ത് കഴിക്കൂ

കുട്ടികൾക്ക് എന്ത് ഭക്ഷണം കൊടുത്താലും അവർ അത് കഴിച്ചു തീർക്കാൻ കുറച്ചു സമയം എടുക്കും. ഓരോ ഉരുളയും ആസ്വദിച്ച്, ചവച്ചരച്ച് അവർ കഴിക്കും. മുതിർന്നവർ സമയം ലാഭിക്കാൻ വേണ്ടി പാതി ചവച്ചും മറ്റുമാണ് കഴിക്കുക. കുട്ടികളെപ്പോലെ ഓരോ ഉരുളയും ആസ്വദിച്ച് കഴിക്കുന്നത്, അമിത ഭക്ഷണം ഉള്ളിൽ ചെല്ലുന്നതു തടയാനും ഭക്ഷണം ഉദ്ദീപനരസവുമായി ചേർന്ന് ദഹനം നന്നായി നടക്കാനും സഹായിക്കുന്നു.

പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കൂ

നമ്മൾ കുഞ്ഞുങ്ങൾക്ക് വിവിധ തരത്തിലുള്ള പോഷകമൂല്യങ്ങളുള്ള നിരവധി ഭക്ഷണങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കാറില്ലേ. ചിലപ്പോൾ ഒരുപാടു പ്രാവശ്യം കൊടുത്തതിന് ശേഷമായിരിക്കും കുഞ്ഞിന് അത് ഇഷ്ടമാകാൻ തുടങ്ങുക. എല്ലാ ആഴ്ചയും പരീക്ഷിക്കാൻ കുഞ്ഞിന് പുതിയ ആഹാരങ്ങൾ നൽകുന്നത് പോലെ നമുക്കും പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കാം. അങ്ങനെ ചിലപ്പോൾ നമുക്കും സമ്പൂർണമായ പ്രിയപ്പെട്ട ഭക്ഷണം കണ്ടെത്താൻ ശ്രമിക്കാം.

മിതമായ അളവിലും എളുപ്പത്തിലും

കുട്ടികൾക്ക് കഴിക്കാനുള്ള എളുപ്പത്തിന് നമ്മൾ ഭക്ഷണം മുറിച്ചു പാത്രത്തിലാക്കി നൽകാറില്ലേ? അതുപോലെ സ്കൂളിൽ കഴിക്കുന്നതിനായി ലഘുഭക്ഷണമായി ചെറിയ പഴങ്ങളോ കശുവണ്ടിയോ അല്ലെങ്കിൽ കാരറ്റ് മുതലായ പച്ചക്കറികളോ കൊടുക്കാറുമുണ്ട്. എന്തുകൊണ്ട് നമുക്ക് സ്വയം അങ്ങനെ ചില ആരോഗ്യകരമായ ലഘുഭക്ഷണം കഴിച്ചു കൂടാ? ഇങ്ങനെ ലളിതവും സൗകര്യപ്രദവുമായ രീതിയിലും മിതമായ അളവിലും ഭക്ഷണം ലഭ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. ചെറിയ വിശപ്പ് അകറ്റാൻ ഒരു പാക്കറ്റ് ചിപ്സിന് കഴിയും.

ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കുക

കുട്ടികളെ നമ്മൾ ഒരു നിശ്ചിത സ്ഥലത്ത് ഇരുത്തിയതിനു ശേഷമാണ്‌ ഭക്ഷണം കൊടുക്കാറുള്ളത്. നടന്നുകൊണ്ടോ കളിച്ചു കൊണ്ടോ അല്ല അവർ ഭക്ഷണം കഴിക്കുക. നമ്മൾ അങ്ങനെയാണോ? ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ കുട്ടികളുടെ ശ്രദ്ധ അവർ കഴിക്കുന്ന ഭക്ഷണത്തിലാണ്. അത് അവരെ കഴിക്കുന്നതിന്റെ അളവ് അറിഞ്ഞു കഴിക്കുന്നതിന് സഹായിക്കുന്നു. ടി. വി. കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന മുതിർന്നവരിൽ ഒരു നല്ല ശതമാനം ആളുകളും അവർക്കു വേണ്ടതിൽ അധികം ഭക്ഷണം കഴിക്കുകയും ഇത് ക്രമേണ അമിതവണ്ണമുണ്ടാക്കുന്നതിന് ഇടവരുത്തുകയും ചെയ്യും. ഇരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ മറ്റൊരു ഗുണമായി ഡയറ്റീഷ്യൻമാർ പറയുന്നത്, ഭക്ഷണം അധികമാവുമ്പോൾ ഇടുപ്പുഭാഗം നമ്മെ പെട്ടെന്ന് ബോധവാന്മാരാക്കും, എന്നാൽ നിന്നുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ആ തോന്നൽ എളുപ്പത്തിൽ ഉണ്ടാകില്ല.

വിളമ്പി വച്ചിരിക്കുന്ന ഭക്ഷണം കുട്ടികൾ പുരാവസ്തു ഗവേഷകരുടെ സൂക്ഷ്മപരിശോധനയെ വെല്ലുന്ന വിധത്തിൽ നിരീക്ഷിക്കുന്നതും അതിൽനിന്ന് കടുകുമണിയോ കറിവേപ്പിലയോ പോലുള്ളവ കണ്ടെത്തുന്നതും ശ്രദ്ധിച്ചിട്ടില്ലേ? കുട്ടികൾ കഴിക്കുന്നത് വളരെ കരുതലോടെയാണ്. കിട്ടുന്നതെന്തും എടുത്തു കഴിക്കുവാൻ അവർക്കു കഴിയില്ല. ഭക്ഷണം ആകർഷകമാണെങ്കിലും, നിരീക്ഷണ സ്വഭാവം അവർ കൈവിടുന്നില്ല. ഒരു കുട്ടിയെപ്പോലെ കഴിക്കുന്നതു നല്ലതെന്നു പറയുന്നതുകൊണ്ട് അർഥമാക്കുന്നത് അവർ കഴിക്കുന്ന അളവിൽ കഴിക്കണം എന്നല്ല. മറിച്ച്‌ കുട്ടികൾ എങ്ങനെ സ്വാഭാവികമായും വേണ്ടവിധത്തിലും തങ്ങളുടെ ഭക്ഷണത്തെ സ്വീകരിക്കുന്നു എന്നതിനെ മനസ്സിലാക്കുകയും, വിലമതിക്കുകയും ചെയ്യുക എന്നതാണ്.

ഫുഡ് ആർട്ട് രംഗത്ത്  വിദഗ്ദ്ധയാണ് എഴുത്തുകാരി 

 Content Highlight: Eat like a child