എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം കുട്ടികളുടെ നല്ലഭാവിയെക്കുറിച്ചാണ്. എങ്ങനെ തങ്ങളുടെ കുഞ്ഞുങ്ങളെ ഈ മത്സരലോകത്ത് കാല്‍ച്ചുവടുകള്‍ പതിപ്പിക്കാന്‍ പ്രാപ്തരാക്കും എന്നാണ്.
ബുദ്ധിയും ഓര്‍മയും കൂട്ടുന്ന അദ്ഭുത ഭക്ഷണമെന്നത് നമുക്ക് യഥേഷ്ടം ലഭിക്കുന്ന, നമ്മള്‍ ചിലപ്പോള്‍ കഴിക്കാന്‍ മടി കാണിക്കുന്നവയാണെന്നു പറഞ്ഞാല്‍ എല്ലാവരും വിശ്വസിക്കണമെന്നില്ല.
വീടുകളില്‍ പാചകംചെയ്യുന്ന, വലിയ വിലകൊടുക്കാതെ കിട്ടുന്ന ചില ഭക്ഷണങ്ങള്‍ 'ബ്രെയിന്‍ ഫുഡ്‌സ്'എന്നാണ് അറിയപ്പെടുന്നത്. ആഹാരം എന്നതുതന്നെയാണ് കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമുള്ള ഇന്ധനം.
കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഏറ്റവും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.
കുട്ടികളുടെ ബുദ്ധിയെ ഉത്തേജിപ്പിക്കാന്‍ കഴിവുള്ള ചില ഭക്ഷണപദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.
ഇലക്കറികള്‍, ബ്രോക്കോളി
ചീര, കേല്‍ (Kale), ബ്രോക്കോളി തുടങ്ങിയ ഇലക്കറികളില്‍ വൈറ്റമിന്‍ കെ, ലുടിന്‍, ഫോളേറ്റ്, ബീറ്റ കരോട്ടിന്‍ തുടങ്ങിയ മസ്തിഷ്‌ക ആരോഗ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്.
ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഡി.എച്ച്.എ. നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കരുത്തുള്ളവയാണ്. കാന്‍സറിനെ ചെറുക്കുന്ന ആന്റി ഓക്‌സിഡന്റ്സും ധാരാളം അടങ്ങിയ ഭക്ഷണമാണ് ബ്രോക്കോളി.
ആരോഗ്യകരമായ തലച്ചോറിലെ ഏറ്റവും കൂടുതല്‍ ഘടനാപരമായ കൊഴുപ്പ് ഡി.എച്ച്.എ. (docosahexaenoic acid), ഒമേഗ -3 ഫാറ്റി ആസിഡുകളാണ്. ഡി.എച്ച്.എ. എന്നത് നമ്മുടെ കണ്ണിന്റെ റെറ്റിനയുടെ പ്രധാന ഘടകം കൂടിയാണ്.
പഠനങ്ങള്‍ സൂചിപ്പിക്കുന്നത് താഴ്ന്ന ഡി. എച്ച്.എ. അളവ് ബുദ്ധി, കാഴ്ചശക്തി, പെരുമാറ്റരീതി തുടങ്ങിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രോക്കോളി കഴിക്കുന്നതുവഴി കോളിന്‍ എന്ന പോഷണവും ലഭിക്കുന്നു. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷണമാണിത്. മാത്രമല്ല മസ്തിഷ്‌കവും ശരീരത്തിന്റെ വിവിധ ഭാഗങ്ങളും തമ്മില്‍ ആശയവിനിമയം നടത്തുന്നതിനും കോളിന്‍ സഹായിക്കുന്നു.
തലച്ചോറില്‍ വേണ്ടത്ര രക്തം എത്തിക്കുന്ന പ്രധാനപ്പെട്ട ഘടകമായ അയണ്‍ അഥവാ ഇരുമ്പുകൊണ്ടും ഇലക്കറികള്‍ സമ്പുഷ്ടമാണ്. ഇതിന്റെ കുറവ് ഓര്‍മക്കുറവിന് കാരണമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നല്ല ഓര്‍മയ്ക്ക് അയണ്‍ അത്യാവശ്യമാണ്. ഇലക്കറികള്‍ പ്രത്യേകിച്ചും മുരിങ്ങയിലയില്‍ അയണ്‍ ധാരാളമുണ്ട്. പരിപ്പുകള്‍ ധാന്യങ്ങള്‍ തുടങ്ങിയവയിലും ഇരുമ്പിന്റെ അംശം ധാരാളമുണ്ട്.
പാല്‍
പാല്‍ എന്നത് കുട്ടികള്‍ക്ക് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ്. പാലില്‍നിന്ന് വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. പാല്‍, തൈര് എന്നിവ എന്തുകൊണ്ടും കുട്ടികള്‍ക്ക് ഗുണം ചെയ്യും.
ഓട്‌സ്
വിറ്റാമിന്‍ ഇ, സിങ്ക്, ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. താഴ്ന്ന ഗ്ലൈസമിക് ഇന്‍ക്യുമെന്റുകളുമൊത്തുള്ള ഹൈ ഫൈബര്‍ ഉള്ളടക്കം, വളരെ സാവധാനത്തില്‍ ഗ്ലൂക്കോസിനെ രക്തപ്രവാഹത്തിലേക്ക് എത്തിക്കുന്നു. അതുവഴി കുട്ടികള്‍ക്ക് ഉറച്ച രീതിയില്‍ ഇടവിടാതെയുള്ള ഊര്‍ജം നല്‍കുന്നു.
മുട്ട
ബ്രോക്കോളിയില്‍ കാണപ്പെടുന്ന കോളിന്‍ എന്ന പോഷണം മുട്ടയില്‍നിന്ന് ലഭിക്കും. മുട്ടയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. കോളിന്‍ എന്ന പോഷണം മസ്തിഷ്‌കത്തില്‍ ന്യൂറോസ്ട്രാന്‍സ്മിറ്ററായ അസെറ്റിക്കൊളോലൈന്‍ ഉദ്പാദിപ്പിക്കുന്നു. ഇവ മെമ്മറി സെല്ലുകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്നു,
ധാന്യങ്ങള്‍
മസ്തിഷ്‌കത്തിന് ഗ്ലൂക്കോസിന്റെ നിരന്തരമായ വിതരണം ആവശ്യമാണ്. ധാന്യങ്ങള്‍ അതിനുത്തമമാണ്. ഗ്ലൂക്കോസിനെ ശരീരത്തില്‍ വിഘടിപ്പിക്കാനുള്ള ഫൈബര്‍ (നാരുകള്‍) നല്‍കി ധാന്യങ്ങള്‍ സഹായിക്കുന്നു. പൂര്‍ണ ധാന്യങ്ങളില്‍ വിറ്റാമിന്‍ ബി ഉണ്ട്. ആരോഗ്യകരമായ നാഡീവ്യവസ്ഥ വളര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു.
ബെറികള്‍
ബെറികള്‍ എന്നു പറയുന്നത് സാധാരണ സ്‌ട്രോബെറി, റാസ്പ്‌ബെറി, ബ്ലാക്‌ബെറി, ബ്ലൂബെറി എന്നിവയെയാണ്. ഇവയില്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനുള്ളതും കോഗ്‌നിറ്റീവ് പ്രവര്‍ത്തനക്ഷമതയ്ക്കും ഉതകുന്ന വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവയിലുള്ള പഞ്ചസാരയും നാരുകളും നൈസര്‍ഗികമാണ്.
മത്സ്യം
മത്സ്യം എന്നത് വിറ്റാമിന്‍ ഡി, ഒമേഗ-3 എസ് ഫാറ്റി ആസിഡുകള്‍ എന്നിവയുടെ നല്ല സ്രോതസ്സാണ്. ഈ പോഷണങ്ങള്‍ അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
ഈ ഫാറ്റി ആസിഡുകള്‍ക്ക് തീര്‍ച്ചയായും നിങ്ങളുടെ കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും. ചാള, സാല്‍മണ്‍, ടൂണ എന്നിവ ഒമേഗ-3 എസ് കൊണ്ട് സമൃദ്ധമാണ്.
വിറ്റാമിന്‍ ഡി-യുടെ നല്ല സ്രോതസ്സു കൂടിയാണ് മത്സ്യം. ഈ പോഷണം അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കും.