ട്രക്കിങ് ഇഷ്ടപ്പെടാത്തവര്‍ യുവാക്കളില്‍ കുറവായിരിക്കും. ഒറ്റയ്ക്ക് കാടു കയറുന്ന സാഹസികര്‍ മുതല്‍ ട്രക്കിങ്ങിനായി മാത്രമുള്ള പ്രഫഷണല്‍ സംഘങ്ങള്‍ വരെ സജീവമാണ് ഇന്ന്. വെറുമൊരു ടൂര്‍ ആയി പരിഗണിച്ച് കാടു കയറുന്നവരും നാട്ടിലുണ്ട്. എന്നാല്‍ തുടക്കക്കാരെ സംബന്ധിച്ച് അല്‍പം മുന്‍കരുതലും ശ്രദ്ധയും ആവശ്യമുള്ള സംഗതിയാണ് ട്രക്കിങ്. ആദ്യമായി ട്രക്കിങ്ങിന് പോവേണ്ടവരുടെ ശ്രദ്ധയിലേക്കായി ചില കാര്യങ്ങള്‍.
നടന്ന്... നടന്ന്.. നടന്ന്
ട്രക്കിങ്ങിന് പുറപ്പെടുന്ന പലരും അപ്പോഴാണ് നടത്തത്തെക്കുറിച്ച് ആലോചിക്കുക തന്നെ. അരക്കിലോ മീറ്റര്‍ പോലും നടക്കാത്തവരാണ് നിങ്ങളെങ്കില്‍ ട്രക്കിങിന് മുന്നോടിയായി ആ ശീലം ഒഴിവാക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ പെട്ടെന്നുള്ള നടത്തം ശരീരത്തെ നെഗറ്റീവായി ബാധിച്ചേക്കാം.
കാലുകള്‍ കൊണ്ടുള്ള വ്യായാമം കൂട്ടാം
വ്യായാമത്തില്‍ കാലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ട്രക്കിങ്ങിന് ഉപകരിക്കും. ഇതിന് നടത്തം തന്നെ വേണമെന്നില്ല. സൈക്ലിങും നീന്തലും സ്‌ക്വാഷും ഫുട്‌ബോളും ഒട്ടും പിന്നിലല്ല. സ്റ്റെപ്പുകള്‍ കയറുന്നതും ഇറങ്ങുന്നതും മികച്ച ഫലം നല്‍കും
ട്രക്കിങ് ഷൂവുമായും ബാക്ക്പാക്കുമായും കൂട്ടുകൂടാം
ട്രക്കിങ്ങിന് ഷൂ പ്രധാനഘടകമാണ്. ട്രക്കിങ് പരിചയമില്ലെങ്കില്‍ ഷൂ ഇട്ടുള്ള നടത്തം ബുദ്ധിമുട്ടുണ്ടാക്കും. ട്രക്കിങ്ങിന് ഒരാഴ്ച മുന്‍പെങ്കിലും ബാക്ക്പാക്കുമായും ഷൂവുമായും പരിചയിക്കേണ്ടിയിരിക്കുന്നു. ട്രക്കിങ്ങിന് മുന്‍പായി ഇവ ധരിച്ച് ഫുള്‍ലോഡ് ബാക്ക് പാക്കുമായി പരിശീലനം നടത്തുന്നത് നല്ലതായിരിക്കും. ഷൂ വാങ്ങുമ്പോള്‍ കാലിന് അല്‍പം ആയാസം ലഭിക്കുന്ന തരത്തില്‍ ഗുണനിലവാരമുള്ളത് ഉപയോഗിക്കുന്നതാവും ഉചിതം. ഒപ്പം സോക്‌സും.
ബാക്ക്പാക്ക് തെരെഞ്ഞെടുക്കുമ്പോള്‍
ബാക്ക്പാക്ക് തെരെഞ്ഞടുക്കുമ്പോള്‍ ലൈറ്റ് വെയ്റ്റുള്ളതും അത്യാവശ്യ സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ബാഗ് വേണം വാങ്ങാന്‍. കൂടാതെ സപ്പോര്‍ട്ടിങ് സ്ട്രാപ്പും ബാഗില്‍ അഡ്ജസ്റ്റിങ് ബെല്‍റ്റുകളും ഉണ്ടെങ്കില്‍ ട്രക്കിങ് അല്‍പം കൂടി അനായാസമാവുകയും ശരീരത്തിന് അനുസരിച്ച് ബാഗിന്റെ പൊസിഷന്‍ അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യാം. ആവശ്യത്തിന് വെള്ളം, വസ്ത്രം, ആഹാരം തുടങ്ങിയവ ഉള്‍കൊള്ളുന്നുവെന്ന് ഉറപ്പു വരുത്തുക.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താം
ട്രക്കിങ്ങില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനാണ്. പരിശീലനത്തിലൂടെ ഇത് മറികടക്കാം. ചെറിയ അളവില്‍ ഇടക്കിടെ വെള്ളം കുടിക്കുന്നതും ദീര്‍ഘശ്വാസമെടുക്കുന്നതും ക്ഷീണമകറ്റാന്‍ സഹായിക്കും. ട്രക്കിങ്ങിനിടയില്‍ വിയര്‍ക്കുന്നതും ഹൃദയം കൂടുതലായി പ്രവര്‍ത്തിക്കുന്നതും ജലാംശം പെട്ടെന്ന് ശരീരത്തില്‍നിന്ന് നഷ്ടമാക്കും
വാക്കിങ് പോള്‍ ഉപയോഗിക്കാം
ട്രക്കിങ്ങില്‍ രണ്ട് കാലുകള്‍ക്കൊപ്പം നടക്കാന്‍ വാക്കിങ് പോള്‍ കൂടി ഉണ്ടെങ്കില്‍ നടത്തം അല്‍പം കൂടി സുഖകരമാക്കാം. തെന്നിവീഴാതെയും കയറ്റം സുഗമമാക്കുന്നതിനും ഈ ഊന്നുവടി സഹായിക്കും
ട്രക്കിങ്ങിനിടയില്‍ തന്നെ കഴിക്കാവുന്ന തരത്തിലുള്ള ആഹാരം തെരെഞ്ഞെടുക്കുന്നത് നന്നായിരിക്കും. ഹെവി ഭക്ഷവും എണ്ണയുളള ഭക്ഷണവും ഒഴിവാക്കാം.