'എനിക്ക് മൂന്നു കുട്ടികളാണുള്ളത്. ഏറ്റവും ഇളയകുട്ടിയെയാണ് കൈകാര്യം ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ട്. ദുശ്ശാഠ്യവും വികാരാവേശവും അവന്‍ പൊതുസ്ഥലത്തുവെച്ച് പ്രകടിപ്പിക്കും. എനിക്ക് നിങ്ങളെ ഇഷ്ടമല്ല... വെറുപ്പാണെന്ന് അവന്‍ അലറും. ഇടിക്കും കടിക്കും... കാര്യങ്ങള്‍ അവന്‍ ആഗ്രഹിക്കുന്ന രീതിയില്‍ നടക്കുന്നിടംവരെ പൊതുസ്ഥലത്തുവെച്ച് നാണം കെടുത്താന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതൊക്കെ ചെയ്യും. 
എപ്പോഴും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണിത്. കാരണം, അച്ചടക്കത്തോടെ പെരുമാറണമെന്ന് കുട്ടികളോട് ആവശ്യപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പൊതുസ്ഥലമായതിനാല്‍ സാധിച്ചുവെന്നു വരില്ല. പ്രത്യേകിച്ച് നിങ്ങളുടെ മറ്റു കുഞ്ഞുങ്ങളും ഒപ്പമുണ്ടെങ്കില്‍. 
ഒരു രക്ഷാകര്‍ത്താവെന്ന നിലയില്‍ ഞാന്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന സമയമാണത്. പക്ഷേ, ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കും- ഇത് ഒരു ഘട്ടമാണ്. നമ്മള്‍ അതിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുകയാണ്. ഈ തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചമുണ്ടാകും. ദയവോടെയും കരുത്തോടെയും കാത്തിരിക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്. ഒപ്പം ഈ പരിണാമത്തിനിടെ മനസ്സു മടുക്കാതിരിക്കാനും ശ്രദ്ധിക്കും.'

ഇത് ഒരു അമ്മ സാമൂഹികമാധ്യമത്തിലെ പബ്ലിക് ഫോറത്തില്‍ പങ്കുവെച്ച അനുഭവമാണ്. ഇന്റര്‍നെറ്റില്‍ മറ്റൊരമ്മയുടെ ബ്ലോഗ് വായിക്കുന്നതിനിടെയാണ് ഞാനിത് കണ്ടത്. എനിക്കുറപ്പാണ് നമ്മളില്‍ പലരും പൊതുസ്ഥലത്തുവെച്ച് ഇത്തരത്തിലുള്ള നാണക്കേടിന്റെ നിമിഷങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടാകും. ചുറ്റുമുള്ള മുഴുവന്‍ ആളുകളുടെയും കണ്ണ് നമുക്കു മേലായിരിക്കും. 
നമ്മുടെ അടുത്ത നീക്കമെന്താണെന്ന് അതിസൂക്ഷ്മമായി അവര്‍ നിരീക്ഷിക്കുകയാകും. കുട്ടി നിലവിളിക്കാനും അടിക്കാനും തുടങ്ങുന്നതോടെ ഇനിയെന്താകും അടുത്തു സംഭവിക്കുക എന്നറിയാന്‍ ചുറ്റുമുള്ളവര്‍ കാത്തിരിക്കും. ചുറ്റുമുള്ളവരുടെ തുറിച്ചുനോട്ടത്തിന്റെയും മുന്‍വിധിയുടെയും മറ്റും ഭാരം നമുക്ക് അനുഭവപ്പെടാന്‍ തുടങ്ങും. കുട്ടികള്‍ പൊതുസ്ഥലത്തുവെച്ചു പ്രകടിപ്പിക്കുന്ന ദുശ്ശാഠ്യം ഏതൊരു രക്ഷിതാവിന്റെയും ദുഃസ്വപ്നമാണ്. അത് അപമാനജനകവും വിഷമകരവുമാണ്. പ്രത്യേകിച്ച് അതിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍. 

എന്നാല്‍, 'നല്ല രക്ഷിതാവ്' എന്ന തലപ്പാവ് നഷ്ടപ്പെടുത്താതെ തന്നെ പൊതുസ്ഥലങ്ങളിലെ കുട്ടികളുടെ ദുശ്ശാഠ്യങ്ങളെ ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? അല്ലെങ്കില്‍ കുട്ടികള്‍ അത്തരം ദുശ്ശാഠ്യങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍നിന്ന് തടയാന്‍ സാധിക്കുമോ? 
നിങ്ങള്‍ക്ക് സാധിക്കും എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. വീടിനു പുറത്തിറങ്ങുന്നതിനു മുന്നേ തന്നെ കുട്ടിയിലെ ദുശ്ശാഠ്യത്തെ നിങ്ങള്‍ക്ക് തടയാന്‍ സാധിക്കും. ഇനി കുട്ടി ശാഠ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയെന്നിരിക്കട്ടെ, അതിനെ മുളയിലേ നുള്ളിക്കളയാം. ഇനി അതുമല്ല പൊതുസ്ഥലത്തുവെച്ച് നിങ്ങളുടെ കുട്ടി തൊണ്ട പൊട്ടുമാറുച്ചത്തില്‍ ദുശ്ശാഠ്യങ്ങള്‍ പ്രകടിപ്പിക്കുകയാണെന്നിരിക്കട്ടെ, അതിനെ ശാന്തമായ രീതിയില്‍ കൈകാര്യം ചെയ്യാനും മാര്‍ഗമുണ്ട്. 

ഇങ്ങനെ മറികടക്കാം

എന്താണ് സംഭവിക്കുന്നതെന്ന്  പറഞ്ഞുകൊടുക്കുക കുട്ടികളും നമ്മളെപ്പോലെയാണ്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ അവര്‍ക്കും താത്പര്യമുണ്ടായിരിക്കും. ഓരോയിടത്തും എങ്ങനെ വേണം പെരുമാറാന്‍, സംസാരിക്കാന്‍ തുടങ്ങിയവയെക്കുറിച്ച് കുട്ടികളോട് നേരത്തേതന്നെ പറയാം. അവരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്, അവിടെ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്തു കൂടായെന്നും പറഞ്ഞു കൊടുക്കാം. 
 കുട്ടികളെ ആശുപത്രിയിലോ ഭക്ഷണശാലയിലോ മുടിവെട്ടുന്നിടത്തോ കൊണ്ടു പോവുകയാണെന്നിരിക്കട്ടെ. അവിടെ അവര്‍ക്ക് കളിക്കാന്‍ ചില കളിപ്പാട്ടങ്ങള്‍ വെച്ചിട്ടുണ്ടാകും. ഇവിടങ്ങളില്‍നിന്ന് തിരികെ വരുമ്പോള്‍ ഈ കളിപ്പാട്ടങ്ങളും ഒപ്പം കൊണ്ടുവരാന്‍ കുട്ടികള്‍ ശാഠ്യം പിടിച്ചെന്നിരിക്കും. ആ കളിപ്പാട്ടങ്ങള്‍ അവിടെവെച്ച് കളിക്കാനുള്ളവയാണെന്നും എടുത്തുകൊണ്ടുവരാന്‍ കഴിയില്ലെന്നും നേരത്തേ തന്നെ പറഞ്ഞു കൊടുക്കുകയാണെങ്കില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. 

പ്രശ്‌നങ്ങള്‍ നേരിടാന്‍ സജ്ജരായിരിക്കുക 

കുട്ടികളുടെ ദുശ്ശാഠ്യത്തെ നേരിടാന്‍ ചില 'സാമഗ്രികള്‍' കൈവശം കരുതുക. 'സാമഗ്രി' എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഭക്ഷണപദാര്‍ഥങ്ങളെയും കളിപ്പാട്ടത്തെയും മറ്റുമാണ്. നിങ്ങള്‍ ദിവസത്തില്‍ ഏറിയ പങ്കും പുറത്തു ചെലവഴിക്കുകയാണെന്നിരിക്കട്ടെ, കുട്ടികള്‍ക്ക് മുഷിപ്പ് അനുഭവപ്പെടാനും വിശക്കാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തില്‍ അവര്‍ക്ക് ഭക്ഷണവും കളിപ്പാട്ടങ്ങളും നല്‍കാം. 

അവരെ ശ്രദ്ധിക്കാം

ചിലപ്പോഴൊക്കെ നിങ്ങള്‍ ചെയ്യേണ്ടത് കുട്ടിയെ ഒരു നിമിഷം ശ്രദ്ധിക്കുക എന്നതുമാത്രമായിരിക്കും. ഒന്ന് കുട്ടിയെ കെട്ടിപ്പിടിക്കുന്നതും ഗുണഫലമുണ്ടാക്കും. കുട്ടികളെക്കൂടി ഉള്‍പ്പെടുത്താം- നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ കുട്ടികളെയും ഉള്‍പ്പെടുത്താം. നിങ്ങള്‍ പലവ്യഞ്ജനം വാങ്ങുകയാണെന്നിരിക്കട്ടെ, അതിനെ ഒരു കളിയാക്കി മാറ്റാം. അച്ഛനില്‍നിന്ന് സാധനം വാങ്ങി അമ്മയെ ഏല്‍പ്പിക്കുന്ന വിധത്തിലോ അല്ലെങ്കില്‍ സാധനങ്ങള്‍ കൂടയില്‍ വെക്കുന്ന വിധത്തിലോ കളികളാകാം. 

ശാന്തമായി സംസാരിക്കുക

കുട്ടികള്‍ ദേഷ്യപ്രകടനത്തിനു മുതിരുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നിരിക്കട്ടെ, ശബ്ദം താഴ്ത്തി ശാന്തമായി, മെല്ലെ സംസാരിക്കുക. ഇത് നിങ്ങളെയും കുട്ടിയെയും ശാന്തരാക്കാന്‍ സഹായിക്കും. കുട്ടികള്‍ ശാഠ്യം പിടിക്കുന്നത് ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കിലും കാര്യം വഷളാകാതിരിക്കാന്‍ സഹായിക്കും. നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് കുട്ടികള്‍ക്ക് മനസ്സിലാവുകയും ചെയ്യും. 
ജീവിതമെന്നത് പരീക്ഷണങ്ങളുടെ ആകത്തുകയാണ്. എന്തൊക്കെ പ്രായോഗികമാകും എന്തൊക്കെ ആവില്ല എന്നതിന്റെ ആകത്തുക. കുട്ടികള്‍ ബുദ്ധിമാന്മാരാണ്. അതുകൊണ്ടുതന്നെ കുട്ടികള്‍ പലവിധത്തിലുള്ള കാര്യങ്ങള്‍ പരീക്ഷിക്കും-ദുശ്ശാഠ്യങ്ങള്‍ ഉള്‍പ്പെടെ. എന്തൊക്കെ കാര്യങ്ങള്‍ പ്രായോഗികമാകും എന്തൊക്കെ ആവില്ല എന്നു തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കുക എന്നതാണ് നമ്മുടെ ചുമതല.