എസ്.എസ്.എല്‍.സി പരീക്ഷ പാസായി 15 വര്‍ഷം അഥവാ സ്‌കൂള്‍ വിട്ടതിനുശേഷം 15 വര്‍ഷത്തിനകം ജനനത്തീയതി തിരുത്താനുള്ള അപേക്ഷ സമര്‍പ്പിക്കണം. ഈ കാലപരിധിയും കഴിഞ്ഞാണ് ജനനത്തീയതി തിരുത്താന്‍ അപേക്ഷിക്കുന്നതെങ്കില്‍,കാലതാമസം മാപ്പാക്കാനുള്ള സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവും ഹാജരാക്കാണം.ഇതിനായി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്  അനക്സ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ എസ്.എസ്.എല്‍.സി. ബുക്ക്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ നല്‍കണം.

ജനനത്തീയതി തിരുത്താനുള്ള അപേക്ഷയില്‍ അപേക്ഷകന്‍ എസ്.എസ്എല്‍.സി സിവരെ പഠിച്ച എല്ലാ സ്‌കൂളുകളുടെയും മേല്‍വിലാസത്തോടുകൂടിയ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. അപേക്ഷിക്കുവാനുള്ള നിര്‍ദ്ദിഷ്ട ഫോറം  www.keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ഒടുവില്‍ പഠിച്ച വിദ്യാലയത്തിലാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്‌കൂള്‍ അധികാരി സ്‌കൂള്‍ രേഖകളുമായി ഒത്തുനോക്കി പരിശോധിച്ച ശേഷം ശുപാര്‍ശയോടുകൂടി ജോയിന്റ് കമ്മീഷണര്‍,ഗവണമെന്റ് പരീക്ഷാ കമ്മീഷറുടെ ഓഫീസ് ,പരീക്ഷാഭവന്‍,പൂജപ്പുര,തിരുവനന്തപുരം-12 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. 

അപേക്ഷകന് തദ്ദേശസ്വയംഭരണസ്ഥാപനത്തില്‍ നിന്ന് ലഭിച്ച അസല്‍ ജനനസര്‍ട്ടിഫിക്കറ്റും അതിന്റെ മൂന്നു സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷക്കൊപ്പം വെക്കണം. ജനനത്തീയതി തിരുത്തേണ്ട എസ്.എസ്.എല്‍.സി ബുക്കിന്റെ അസലും അപേക്ഷയോടൊപ്പം ഉണ്ടാവണം. അപേക്ഷകന്റെ പേര് ജനനസര്‍ട്ടിഫിക്കറ്റലേതുപോലെ അല്ലായെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടാവണം. 

എസ്എസ്എല്‍സി ബുക്കിലെ ജനനത്തീയതി തിരുത്താനുള്ള ഫീസ് 500 രൂപയാണ് ഇത് ട്രഷറിയില്‍ ഒടുക്കിയ രേഖയും അപേക്ഷക്കൊപ്പം ഉണ്ടാവണം (ഹെഡ് ഓഫ് അക്കൗണ്ട് -0202-01-102-92)പട്ടികജാതി/പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുവെച്ചാല്‍ ഫീസടക്കേണ്ട.

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)