''ഒരു രക്ഷിതാവാകുക എന്നത് ഇന്നത്തെ കാലത്ത് ശ്രമകരമാകുന്നത് എന്തുകൊണ്ടാണ്? എന്നെ ഒരു നല്ല രക്ഷിതാവാക്കുന്നത് എന്താണ്? രക്ഷിതാക്കളെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്നത് എന്തുകൊണ്ടാവും? കുട്ടികള്‍ക്ക് അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കിയാല്‍ മതിയാവില്ലേ? മാതാപിതാക്കള്‍ എന്തൊക്കെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടതായുണ്ട്? ഗുണകരമായ രക്ഷാകര്‍തൃത്വത്തിനുള്ള സമവാക്യം എന്താണ്? രക്ഷാകര്‍തൃത്വത്തില്‍ ഞാന്‍ അമിതശ്രദ്ധ നല്‍കേണ്ടതുണ്ടോ''
രക്ഷാകര്‍തൃ ശില്പശാലകള്‍ക്കിടയിലും കണ്‍സള്‍ട്ടേഷന്‍ സെഷനുകള്‍ക്കിടയിലും വച്ച് കേരളത്തിന്റെ വിവിധയിടങ്ങളില്‍നിന്നുള്ള മാതാപിതാക്കളില്‍നിന്ന്  കേള്‍ക്കാറുള്ള ചോദ്യങ്ങളാണ് ഇവയൊക്കെ. 
''രക്ഷാകര്‍തൃത്വത്തെക്കുറിച്ച് ഒരുപാട് സംസാരിക്കേണ്ടതുണ്ടോ? അതൊരു സ്വാഭാവിക പ്രക്രിയ അല്ലേ....'' എന്നിങ്ങനെയുള്ള ചോദ്യവും ഇത്തരം പരിപാടിക്കിടെ ഉയര്‍ന്നുവരാറുണ്ട്. എന്റെ അഭിപ്രായത്തില്‍, നല്ല രക്ഷിതാവ് എന്ന നിര്‍വചനത്തിന്റെ ഉടമയാവുകയെന്നത് ഇന്നത്തെ കാലത്ത് കാഠിന്യമേറിയ പ്രവൃത്തിയാണ്. 

നാം നമ്മളെ, നമ്മുടെ മാതാപിതാക്കളുമായോ അവരുടെ മാതാപിതാക്കളുമായോ താരതമ്യം ചെയ്യുകയാണെന്നിരിക്കട്ടെ. മുന്‍തലമുറയെ അപേക്ഷിച്ച് കുട്ടികള്‍ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നത് ഇന്നത്തെ രക്ഷിതാക്കളാണെന്ന തോന്നലാണ് ഉണ്ടാവുക. കുട്ടികളായിരിക്കെ, ഇന്നത്തെ രക്ഷിതാക്കള്‍ക്കു ലഭിച്ചതിനെക്കാള്‍ കൂടുതല്‍ പരിചരണം ലഭിക്കുന്നവരാണ് നമ്മുടെ കുട്ടികളെന്നും മനസ്സിലാക്കാന്‍ സാധിക്കും. 
യഥാസമയം ഭക്ഷണം ഉറപ്പാക്കിയിരുന്ന, മാന്യമായും ബഹുമാനത്തോടെയും ഉത്തരവാദിത്വത്തോടെയും പെരുമാറാന്‍ കുട്ടികളെ പഠിപ്പിച്ചിരുന്നവരെയാണ് അമ്പതുവര്‍ഷത്തിനുംമുമ്പ് നല്ല രക്ഷിതാക്കളായി പരിഗണിച്ചിരുന്നത്. 
കുട്ടികള്‍ ശരിയായ രീതിയിലാണോ വസ്ത്രം ധരിച്ചിരിക്കുന്നത്? 
അവര്‍ നേരെയാണോ ഇരിക്കുന്നത്?
അവര്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും ലഭിക്കാറുണ്ടോ? - തുടങ്ങിയവയൊക്കെ രക്ഷിതാക്കളുടെ ആശങ്കയാണ്.
കുട്ടികളുടെ പുറമേയുള്ള പെരുമാറ്റം വിജയകരമായ രക്ഷാകര്‍തൃത്വത്തിന്റെ സൂചനയാണ്. എന്നാല്‍ കുട്ടിയുടെ ഉള്ളിലെ വൈകാരികലോകത്തെക്കുറിച്ചും അത് എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ചും വളരെ പരിമിതമായ അറിവുമാത്രമാണ് പല രക്ഷാകര്‍ത്താക്കള്‍ക്കുമുള്ളത്. 

കുട്ടികളുടെ വളര്‍ച്ചയെയും മാനസികവികാസത്തെയും കുറിച്ചുള്ള വിവരങ്ങളുടെ കുത്തൊഴുക്ക് മാതാപിതാക്കളില്‍ ഞെട്ടലുണ്ടാക്കാറുണ്ട്. കുട്ടികളുടെ ശാരീരികമായ വളര്‍ച്ച മാത്രമല്ല, സാമൂഹികവും വൈകാരികവും ബൗദ്ധികവുമായ വളര്‍ച്ചയെയും കുറിച്ചുള്ള വിവരങ്ങളാണ് മാതാപിതാക്കളിലേക്കെത്തുന്നത്. താരതമ്യേന കുറഞ്ഞ കാലയളവില്‍, മുപ്പതുവര്‍ഷത്തിനുള്ളില്‍ തന്നെ, കുട്ടികളുടെ മനഃശാസ്ത്രവുമായി ബന്ധപ്പെട്ട് നിരവധി സിദ്ധാന്തങ്ങളാണ് പുറത്തെത്തിയിട്ടുള്ളത്. അച്ചടക്കമുള്ളവരായി മാത്രമായല്ല, വൈകാരിക പ്രാപ്തിയുള്ളവരായും ആരോഗ്യകരമായ ബന്ധങ്ങളുള്ളവരായും കുട്ടികളെ വളര്‍ത്തേണ്ടുന്നതിനെക്കുറിച്ചുള്ള ഈ വിവരങ്ങള്‍ പല മാതാപിതാക്കളിലും സമ്മര്‍ദത്തിനും മനഃക്‌ളേശത്തിനും കാരണമായിട്ടുണ്ടാവും. 
ഇന്നത്തെ കാലത്ത് നല്ല രക്ഷിതാക്കളാകുക എന്നത് ശ്രമകരമാകുന്നത് എന്തുകൊണ്ടാണെന്ന കാര്യം മനസ്സിലാക്കാന്‍ കുട്ടികളുടെ വളര്‍ച്ചയെയും മാനസിക വികാസത്തെയും കുറിച്ചുള്ള പുത്തന്‍വിവരങ്ങള്‍ നിങ്ങളെ സഹായിക്കും. 

ഉത്തരവാദിത്വമുള്ളവരും സഹാനുഭൂതിയുള്ളവരുമാകാന്‍ കുട്ടികളെ നാം പഠിപ്പിക്കാറുണ്ട്. ഒപ്പം അവരുടെ വൈകാരിക ആരോഗ്യത്തിന് ക്ഷതമേല്‍ക്കാതെ സംരക്ഷിക്കേണ്ടതു കൂടിയുണ്ട്. ഏറെ ശ്രമകരമായ മറ്റൊരു കാര്യമുണ്ട്. ഒരു കുട്ടി നന്നായി പെരുമാറുന്നെന്ന് നമുക്ക് കണ്ടുമനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ കുഞ്ഞിന്റെ ഉള്ളിലെ ലോകം എത്രത്തോളം ആരോഗ്യമുള്ളതാണെന്ന് കണ്ട് മനസ്സിലാക്കാനാകില്ല. 
കുട്ടികളുടെ വൈകാരിക ആരോഗ്യത്തെ സംബന്ധിച്ച് മാതാപിതാക്കള്‍ അവരവരോടുതന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. 
ആത്മവിശ്വാസമുള്ളവരും കഴിവുള്ളവരുമാണെന്ന തോന്നലുണ്ടാക്കാന്‍ കുട്ടികളെ നമുക്ക് എങ്ങനെ സഹായിക്കാന്‍ സാധിക്കും? 
അവനവനില്‍ വിശ്വാസമുള്ളവരാകാന്‍ കുട്ടികളെ നമുക്ക് എങ്ങനെ സഹായിക്കാം?
സുരക്ഷിതരും സ്‌നേഹിക്കപ്പെടുന്നവരുമാണ് തങ്ങളെന്ന ബോധ്യം എങ്ങനെ കുട്ടികളില്‍ രൂപപ്പെടുത്താം?
സമ്മര്‍ദത്തെയും പ്രതിസന്ധിയെയും എങ്ങനെ മറികടക്കാന്‍ സഹായിക്കാം. സ്വന്തം ശക്തിയെയും പരിമിതികളെയും കുറിച്ച് എങ്ങനെ ബോധവാന്മാരാക്കാം? 
 

കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം
കുട്ടികളുടെ ആന്തരികലോകത്തെക്കുറിച്ച് ശ്രദ്ധയുള്ളവരായിരിക്കുന്നതിനൊപ്പം അവരുമായുള്ള നിങ്ങളുടെ ബന്ധത്തെയും വിലയിരുത്തേണ്ടതുണ്ട്. 
വിശ്വാസം, സുരക്ഷിതത്വം, സംരക്ഷിക്കപ്പെടുന്നെന്ന ബോധ്യം, ഉത്തരവാദിത്വം, പ്രതിജ്ഞാബദ്ധത എന്നിവ കുട്ടികളുമായുള്ള ബന്ധത്തില്‍ വളര്‍ത്തിയെടുക്കണം. 
പറഞ്ഞുകൊടുക്കുന്നതിലൂടെയും മാതൃകകളാകുന്നതിലൂടെയും കുട്ടികളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാനും അവരിലേക്ക് മേല്‍പ്പറഞ്ഞ ഗുണങ്ങളെ എത്തിക്കാനും സാധിക്കും. മാത്രമല്ല മാര്‍ഗനിര്‍ദേശത്തിന് മാതാപിതാക്കളെ സമീപിക്കാനും കുട്ടികളെ ഇത് പ്രേരിപ്പിക്കും. 
കുട്ടികളുമായി ശക്തമായ ബന്ധം സ്ഥാപിക്കുക എന്നത് പലര്‍ക്കും അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം നമ്മളില്‍ പലരുടെയും മാതാപിതാക്കള്‍ ഇത്തരം ശക്തമായ ബന്ധത്തെക്കുറിച്ച് പഠിപ്പിച്ചിട്ടില്ല എന്നതുതന്നെ. 
കുട്ടികളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാനും വളര്‍ത്താനും ചില ചോദ്യങ്ങള്‍ അവനവനോടുതന്നെ ചോദിക്കുക. 
എങ്ങനെയാണ് കുട്ടിയുമായുള്ള തുറന്ന ആശയവിനിമയത്തെ പ്രോത്സാഹിപ്പിക്കേണ്ടത്? 
ഞങ്ങള്‍ക്കിടയില്‍(കുട്ടിയും രക്ഷാകര്‍ത്താവും) വിശ്വാസവും സുരക്ഷിതത്വവും വളര്‍ത്തേണ്ടത് എങ്ങനെ?
ബന്ധങ്ങളില്‍ വിശ്വസ്തതയുള്ളവരാകാന്‍ കുട്ടിയെ എങ്ങനെ പഠിപ്പിക്കാം?
അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളപ്പോഴും അടുപ്പം എങ്ങനെ സൂക്ഷിക്കാം? 
രക്ഷാകര്‍തൃത്വത്തിന്റെ ഉത്തരവാദിത്വങ്ങളെ മഞ്ഞുമലയുടെ അഗ്രവുമായി താരതമ്യപ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കുട്ടികളുടെ പുറമേയുള്ള പെരുമാറ്റമാണ് ആ മഞ്ഞുമലയുടെ പുറത്തുകാണുന്ന അഗ്രം. ജലത്തിനടിയിലുള്ള മഞ്ഞുമലയുടെ ബാക്കി ഭാഗം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മാതാപിതാക്കള്‍ നല്‍കുന്ന പിന്തുണയും ശക്തിയുമാണ്. അതാണ് കുട്ടി പ്രകടിപ്പിക്കുന്ന വൈകാരിക സ്ഥിരതയുടെയും കുട്ടിയുടെ ആരോഗ്യകരമായ ബന്ധത്തിന്റെയും അടിസ്ഥാനം. 
പെരുമാറ്റരീതികളെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ കുട്ടികളുടെ ആത്മാഭിമാനത്തെക്കുറിച്ച് മനസ്സില്‍ ബോധ്യമുണ്ടായിരിക്കണം. കൂടാതെ കുട്ടികളുമായി സ്‌നേഹം നിറഞ്ഞതും വിശ്വസ്തതയുള്ളതുമായ ബന്ധവും വളര്‍ത്തിയെടുക്കണം. ഈ ലോകത്തിന് യോജിച്ചവരായി കുട്ടികള്‍ വളരുന്നതിനുള്ള അടിസ്ഥാനഘടകങ്ങളാണ് ഇവ. 
നല്ല രക്ഷിതാവാകാന്‍ ഒറ്റമൂലിയോ സമവാക്യങ്ങളോ ഇല്ല. നമുക്കു ചുറ്റുമുള്ള മാറ്റങ്ങളെ പരിഗണിക്കുകയും മേല്‍പ്പറഞ്ഞ മൂന്നു കാര്യങ്ങളെ മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുന്നതിലൂടെ ഉത്തരവാദിത്വമുള്ള രക്ഷിതാക്കളായി മാറാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ കുട്ടികള്‍ പക്വതയാര്‍ജിക്കുന്നിടം വരെയും സ്വയം പര്യാപ്തരാകുന്നിടംവരെയും അവര്‍ക്കൊപ്പമുണ്ടായിരിക്കുകയും ചെയ്യുക.

എങ്ങനെയാണ് കുട്ടിയുമായുള്ള തുറന്ന ആശയവിനിമയത്തെ പ്രോത്സാഹിപ്പിക്കേണ്ടത്?
ഞങ്ങള്‍ക്കിടയില്‍(കുട്ടിയും രക്ഷാകര്‍ത്താവും) വിശ്വാസവും സുരക്ഷിതത്വവും വളര്‍ത്തേണ്ടത് എങ്ങനെ?
ബന്ധങ്ങളില്‍ വിശ്വസ്തതയുള്ളവരാകാന്‍ കുട്ടിയെ എങ്ങനെ പഠിപ്പിക്കാം?അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളപ്പോഴും അടുപ്പം എങ്ങനെ സൂക്ഷിക്കാം?

രക്ഷാകര്‍തൃത്വത്തിന്റെ ഉത്തരവാദിത്തങ്ങളെ മഞ്ഞുമലയുടെ അഗ്രവുമായി താരതമ്യപ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കുട്ടികളുടെ പുറമേയുള്ള പെരുമാറ്റമാണ് ആ മഞ്ഞുമലയുടെ പുറത്തുകാണുന്ന അഗ്രം. ജലത്തിനടിയിലുള്ള മഞ്ഞുമലയുടെ ബാക്കി ഭാഗം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് മാതാപിതാക്കള്‍ നല്‍കുന്ന പിന്തുണയും ശക്തിയുമാണ്. അതാണ് കുട്ടിയുടെ പ്രകടിപ്പിക്കുന്ന വൈകാരിക സ്ഥിരതയുടെയും ആരോഗ്യകരമായ ബന്ധത്തിന്റെയും അടിസ്ഥാനം. പെരുമാറ്റരീതികളെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ കുട്ടികളുടെ ആത്മാഭിമാനത്തെക്കുറിച്ച് മനസ്സില്‍ ബോധ്യമുണ്ടായിരിക്കണം. കൂടാതെ കുട്ടികളുമായി സ്‌നേഹം നിറഞ്ഞതും വിശ്വസ്തതയുള്ളതുമായ ബന്ധവും വളര്‍ത്തിയെടുക്കണം. ഈ ലോകത്തിന് യോജിച്ചവരായി കുട്ടികള്‍ വളരുന്നതിനുള്ള അടിസ്ഥാനഘടകങ്ങളാണ് ഇവ. നല്ല രക്ഷിതാവാകാന്‍ ഒറ്റമൂലിയോ സമവാക്യങ്ങളോ ഇല്ല. നമുക്കു ചുറ്റുമുള്ള മാറ്റങ്ങളെ പരിഗണിക്കുകയും മേല്‍പ്പറഞ്ഞ മൂന്നു കാര്യങ്ങളെ മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുന്നതിലൂടെ ഉത്തരവാദിത്തമുള്ള രക്ഷിതാക്കളായി മാറാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ കുട്ടികള്‍ പക്വതയാര്‍ജിക്കുന്നിടം വരെയും സ്വയം പര്യാപ്തരാകുന്നിടംവരെയും അവര്‍ക്കൊപ്പമുണ്ടായിരിക്കുകയും ചെയ്യുക.