ജീന്‍സ് എന്നത് ഏതൊരാളുടെയും അലമാരയില്‍ എന്നും ഇപ്പോഴും ഒരു സ്‌പെഷ്യല്‍ ഇടം നേടിയിട്ടുള്ള ഫാഷനാണ്. 300-400 വര്‍ഷം മുന്‍പ് കോട്ടണിന്റെ ലഭ്യത കൂടുതലായിരുന്ന സമയത്താണ് 'ഡെനിം' ഉത്ഭവിച്ചത്. കട്ടിയുള്ള,  പെട്ടെന്ന് കീറാത്ത, ഏറെനാള്‍ നിലനില്‍ക്കുന്ന എന്നൊക്കെയുള്ള വിശേഷണങ്ങളാണ് ഡെനിമിനെ പണ്ടേ ആളുകളുടെ പ്രിയപ്പെട്ട വസ്ത്രമാക്കിയത്. പല നിറങ്ങളുള്ള ജീന്‍സുകള്‍ വിപണിയില്‍ ഉണ്ടെങ്കിലും 'ഡെനിം ബ്ലൂ' തന്നെയാണ് ജീന്‍സുകളിലെ താരം.

ഇന്ന് ഫാഷന്‍ ലോകത്തെ ഐക്കണ്‍ ഫാബ്രിക് ആണ് 'ഡെനിം'. ജീന്‍സ് എന്ന രൂപത്തില്‍ നിന്ന് ഡെനിമിന് ഒരുപാട് രൂപാന്തരങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അവയില്‍ ചിലതിനെക്കുറിച്ചാവാം ഇന്നത്തെ സംസാരവിഷയം.

 ഡെനിം ജീന്‍സ്
 
ജീന്‍സിന്റെ ഉത്ഭവകാലത്ത് വളരെയധികം കട്ടിയുള്ള, ലൂസായ ഡിസൈനില്‍ നിന്ന് ഇന്ന് കട്ടികുറഞ്ഞ, അവിടവിടെ പാച്ചുകള്‍ ഉള്ള 'ബോയ്ഫ്രണ്ട് ജീന്‍സി'ല്‍ എത്തിയിരിക്കുകയാണ് ഡെനിം ജീന്‍സ് ഡിസൈന്‍സ്. പക്ഷേ, 2018-ല്‍ 'ലൂസ് ഡെനിം പാന്റ്സുകള്‍' വീണ്ടും തിരിച്ചുവരികയാണ്. എന്നാല്‍, ജീന്‍സിന്റെ രൂപത്തില്‍ അല്ല, 'സ്വെറ്റ് പാന്റ്സുകള്‍' ആയി.

ഡെനിം സ്വെറ്റ് പാന്റ്‌സ്

ഡെനിം മെറ്റീരിയലില്‍ ഉള്ള ലൂസ് ട്രാക്ക് പാന്റ്സുകളാണിത്, എന്നാല്‍ സ്‌പോര്‍ട്‌സ് ട്രാക്കിലോ ജിമ്മിലോ അല്ല ഇത് പോപ്പുലര്‍, എയര്‍പോര്‍ട്ട്, കാഷ്വല്‍ സ്‌റ്റൈലുകളായാണ് സ്വെറ്റ് പാന്റ്സുകള്‍ ഫാഷന്‍ പ്രേമികള്‍ ഉപയോഗിക്കുന്നത്.

ബാഗ്ഗി ജീന്‍സ്

ബാഗ്ഗി ജീന്‍സും ഷൂസുമണിഞ്ഞ് ടൗണില്‍ ചെത്തിനടക്കുന്ന ഫാഷന്‍ പ്രേമികളെ ഇനി കൂടുതലായി കാണാം. കാരണം, ഡെനിം 'ബാഗ്ഗി ജീന്‍സുകള്‍' ഫാഷന്‍ ലോകത്തേക്ക് തിരിച്ചുവന്നിരിക്കുകയാണ്.

അള്‍ട്രാ കഫ് ജീന്‍സ്

ജീന്‍സിന്റെ കഫ് മുകളിലേക്ക് സാധാരണയില്‍ അല്പം കൂടുതല്‍ മടക്കിയുള്ള ഡിസൈന്‍ ആണ് ഇത്. ഫുള്‍ ലെങ്ത് ജീന്‍സിലും ത്രീ ഫോര്‍ത് ഡിസൈനുകളിലും ഇത് ലഭ്യമാണ്. 
നിങ്ങളുടെ വാര്‍ഡ്രോബില്‍ ഉള്ള പഴയ ജീന്‍സുകള്‍ക്ക് പുതിയൊരു ലുക്ക് കൊടുക്കാനുള്ള നല്ലൊരു ടെക്നിക് ആണിത്. കഫ് മടക്കി തുന്നുമ്പോള്‍, കുറച്ചു ഗോള്‍ഡന്‍ അല്ലെങ്കില്‍ മെറ്റാലിക് മുത്തുകള്‍ കൂടി തുന്നി ചേര്‍ത്താല്‍ സംഭവം കിടിലന്‍.
 ഇനി ജീന്‍സുകളെക്കാള്‍ നിങ്ങള്‍ക്ക് 'ഡെനിം സ്കേർട്ടു'കളോടാണ് താത്പര്യം എങ്കില്‍, പാറ്റേണ്‍ വര്‍ക്കുകള്‍, എംബ്രോയിഡറി, സീക്വന്‍സ് വര്‍ക്കുകള്‍ ചെയ്ത ഡെനിം സ്‌കേര്‍ട്ടുകള്‍ അല്ലെങ്കില്‍ ജാക്കറ്റുകള്‍ ആണ് ഇപ്പോള്‍ താരം.

ഡെനിം ജാക്കറ്റ്‌സ്

3-4 ഡെനിം ജീന്‍സുകള്‍, കൂടെ ഒരു ഡെനിം ജാക്കറ്റ്, ഇത്രയും ഉണ്ടെങ്കില്‍ തന്നെ നമുക്ക് ടെന്‍ഷന്‍ ഫ്രീ ആകാം. എന്നാല്‍ എന്നും ഇടുന്ന ഈ ജീന്‍സുകളില്‍ ഇടയ്ക്ക് സീക്വന്‍സുകളോ െലയ്സുകളോ തുന്നിപ്പിടിപ്പിച്ച്, പുതിയ ഫാഷന്‍ അല്ലെങ്കില്‍ പുതിയ ജീന്‍സ് എന്ന രീതിയില്‍ നമുക്ക് ഫ്രണ്‍ഡ്സിനു മുന്നില്‍ അവതരിപ്പിക്കാവുന്നതാണ്.

'ഡെനിം' എന്നത് വസ്ത്രങ്ങളില്‍ മാത്രമല്ല ഇപ്പോള്‍ കാണാവുന്നത്, ബാഗുകളായും പഴ്‌സുകള്‍ ആയും, എന്തിനു ഷൂസ് ചപ്പല്‍ ഇങ്ങനെ പല വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും നമുക്ക് ഡെനിമിനെ കാണാം, പഴയ ജീന്‍സുകള്‍ കൊടുത്താല്‍ ഉഗ്രന്‍ ഹാന്‍ഡ് ബാഗുകളോ ബാക്ക്പാക്ക് ആയോ മാറ്റിത്തരുന്ന കടകള്‍ ബംഗളൂരുവില്‍ കണ്ടിട്ടുണ്ട്. 

ഗൂഗിളിലോ യു-ട്യൂബിലോ ഒന്ന് തിരഞ്ഞാല്‍ നിങ്ങള്‍ക്കുതന്നെ ഇതെല്ലാം ഉണ്ടാക്കാനുള്ള എളുപ്പവിദ്യകള്‍ ഇഷ്ടംപോലെ കിട്ടും. റീസൈക്കിള്‍ ചെയ്യാന്‍ പറ്റിയ മെറ്റീരിയല്‍ ആണ് എന്നതുതന്നെയാണ് ഡെനിമിന്റെ സവിശേഷത. പഴയ ഡെനിം ജീന്‍സ് കൊണ്ട് ബാഗുകള്‍, പഴ്‌സുകള്‍, മാത്രമല്ല ചൂടുള്ള ഗ്ലാസുകളും ചെറിയ പത്രങ്ങളും വയ്ക്കാവുന്ന ചെറിയ ടേബിള്‍ മാറ്റുകള്‍, ലെറ്ററുകളും ബില്ലുകളും വയ്ക്കാവുന്ന വോള്‍ പോക്കറ്റുകള്‍ ഇതെല്ലാം ഉണ്ടാക്കാവുന്നതാണ്.

പഴയ ജീന്‍സുകളുടെ പോക്കറ്റുകള്‍ കട്ട് ചെയ്‌തെടുത്ത് നിങ്ങളുടെ ടോപ്പുകളിലോ കുര്‍ത്തകളിലോ തുന്നിച്ചേര്‍ത്ത് ഒരു പുതിയ ഡിസൈനുണ്ടാക്കാം. കൂടെ, നിങ്ങളുടെ ഡ്രസ്സുകള്‍ക്ക് 'ഡെനിം ടച്ച്' കൊടുത്ത് ക്ലാസ്സിയും ആക്കാം. കാരണം ഡെനിം, കാഷ്വല്‍ ആന്‍ഡ് ക്ലാസ്സി ലൂക്കുകളുടെ പ്രതീകമാണ്. 

പഴയ പട്ടുസാരിയുടെയോ കുര്‍ത്തയുടെയോ ഭംഗിയുള്ള ബോര്‍ഡറുകള്‍ നിങ്ങളുടെ ഡെനിം ജീന്‍സിന്റെ കഫില്‍ തുന്നിച്ചേര്‍ത്തും ചെറിയ ഫാബ്രിക് പൈറ്റിങ് വര്‍ക്കുകള്‍ ചെയ്തും ജീന്‍സിനൊരു പുത്തന്‍ ലുക്ക് കൊടുക്കാം.

എന്നാല്‍, ജീന്‍സുകള്‍ ഇത്രയ്ക്കധികം പോപ്പുലര്‍ ആകാനുള്ള യാഥാര്‍ഥ കാരണങ്ങളില്‍ ഒന്ന് എന്താണെന്നറിയാമോ ? എന്നും കഴുേകണ്ട എന്നതു തന്നെ. സത്യത്തില്‍ ഇടയ്ക്കിടയ്ക്ക് കഴുകാതിരിക്കുന്നതാണ് നിങ്ങളുടെ ജീന്‍സുകളുടെ ആരോഗ്യത്തിനു നല്ലത് എന്നാണ് ജീന്‍സ് കമ്പനിക്കാര്‍ പറയുന്നത്. 

വൃത്തി കൂടുതല്‍ ഉള്ളവര്‍ ആറ് മാസത്തില്‍ ഒരിക്കലും അല്ലാത്തവര്‍ കൊല്ലത്തില്‍ ഒരിക്കലും ജീന്‍സ് കഴുകിയാല്‍ മതിയത്രെ. അത് കേള്‍ക്കുമ്പോള്‍ത്തന്നെ എന്താ ഒരു ആശ്വാസം അല്ലേ?

Content Highlights: Denim fashion jeans how to