ഇന്റര്‍വ്യൂഎന്ന് കേള്‍ക്കുമ്പോഴേ ബോധം പോവുന്നവരാണ് നമ്മളില്‍ പലരും. ഇതൊക്കെ നമ്മളെത്ര കണ്ടതാ എന്ന മട്ടില്‍ ചിലര്‍ ഇരിക്കുന്ന കാണുമ്പോള്‍ കൊതി തോന്നും. ഹൊ! എങ്ങനെ സാധിക്കുന്നോ എന്തോ. അഭിമുഖങ്ങളില്‍ പരാജയപ്പെടുന്നവരില്‍ പലരും എഴുത്ത് പരീക്ഷയില്‍ മികവ് പുലര്‍ത്തുന്നവരാണ്. അപ്പോള്‍ വിഷയത്തിലുള്ള പരിജ്ഞാനമല്ല, ആത്മവിശ്വാസമാണ് പ്രശ്നം.

മാനസികമായി അല്‍പം തയ്യാറെടുക്കുകയും അഭിമുഖത്തില്‍ പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം പറഞ്ഞോ അവതരിപ്പിച്ചോ പഠിക്കുന്നതിനോടൊപ്പം ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ അഭിമുഖം എന്ന കടമ്പ മറികടക്കാന്‍ നിങ്ങള്‍ പ്രയാസം നേരിടില്ല.

അഭിമുഖങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഇതാ ചില ടിപ്സ്.

മോക് ഇന്റര്‍വ്യു

അഭിമുഖത്തിന് മുന്നോടിയായി മോക് ഇന്റര്‍വ്യൂകള്‍ ചെയ്യുന്നത് നന്നായിരിക്കും. നിരവധി ഓണ്‍ലൈന്‍ സൈറ്റുകള്‍ സൗജന്യമായി തന്നെ മോക് ഇന്റര്‍വ്യുകള്‍ ചെയ്യുന്നുണ്ട്.കണ്ണാടിയില്‍ നോക്കി ഉത്തരം പറഞ്ഞ് പരിശീലിക്കുന്നതും ഗുണകരമാണ്. ഏത് കാര്യത്തിനുമെന്ന പോലെ വ്യക്തമായ തയ്യാറെടുപ്പോട് കൂടി മാത്രമേ അഭിമുഖങ്ങളില്‍ പങ്കെടുക്കാവൂ. 

അഭിമുഖങ്ങളില്‍ ചില ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് വരാറുണ്ട്. ഉദാഹരണത്തിന്, എന്തുകൊണ്ട് ഈ ജോലി തെരെഞ്ഞെടുത്തു ? ഞങ്ങളുടെ കമ്പനിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? നിങ്ങളെക്കുറിച്ച് പറയൂ... ഇത്തരം ചോദിക്കാവുന്ന ചോദ്യങ്ങള്‍ കണ്ടെത്തി ഉത്തരങ്ങള്‍ തയ്യാറാക്കി പരിശീലിക്കുന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കും 

വസ്ത്രധാരണം

ആദ്യമായി കാണുന്ന ഒരാളെ വിലയിരുത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അയാളുടെ വസ്ത്രധാരണം. വിലകൂടിയ വസ്ത്രം എന്ന് ഈ പറഞ്ഞതിന് അര്‍ഥമില്ല. അഭിമുഖത്തിലും വൃത്തിയായി വസ്ത്രം ധരിക്കല്‍ പ്രധാന ഘടകമാണ്. ലളിതമാവുക എന്നതാണ് ഇതില്‍ പ്രധാനം. നിറത്തിലും ഫാഷനിലും ഒരല്‍പം മിതത്വം പാലിക്കാം. കടും നിറങ്ങള്‍ പരമാവധി ഒഴിവാക്കുകയാണ് നല്ലത്. അമിതമായി അയഞ്ഞ വസ്ത്രമോ അമിതമായി ഇറുകിയതോ ആയ  ഉപയോഗിക്കാതിരിക്കാം.

വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ അഭിമുഖത്തിന് തയ്യാറാവുന്ന ജോലിയുടെ സ്വഭാവം കൂടി പരിഗണിക്കാവുന്നതാണ്. ബാങ്ക്, അധ്യാപനം തുടങ്ങിയ മേഖലകളില്‍ സ്ത്രീകള്‍ക്ക് സാരിയോ ചുരിദാറോ ആണ് കൂടുതല്‍ അഭികാമ്യമായി പറയാറുള്ളതെങ്കില്‍  കോര്‍പറേറ്റ് ജോലിക്ക് അല്‍പം സ്മാര്‍ട്ട് വസ്ത്രങ്ങളായിരിക്കും ഉചിതം. പുരുഷന്‍മാര്‍ തീര്‍ത്തും ഫോര്‍മല്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കണം. അല്‍പം കൂടി സ്റ്റൈലിഷാക്കാന്‍ ബെല്‍റ്റ്, ഷൂ, വാച്ചിന്റെ സ്ട്രാപ്പ് എന്നിവ ഒരേ നിറത്തിലാക്കാം.

കറുപ്പ്, വെള്ള, നീല തുടങ്ങിയ നിറങ്ങളാണ് പൊതുവില്‍ അഭിമുഖങ്ങള്‍ക്ക് അനുയോജ്യമായ നിറങ്ങളായി പരിഗണിക്കുന്നത്. ഓറഞ്ചു പോലുള്ള നിറങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

മേക്കപ്പ് 

മേക്കപ്പിലും മിതത്വം പാലിക്കാം. ലിപ്സ്റ്റികിനും നെയില്‍ പോളിഷിനും ചെരുപ്പിനും ഇളം നിറങ്ങള്‍ ഉപയോഗിക്കാം. ഹൈ ഹീല്‍സോ തിളക്കമുള്ളതോ ആയ ചെരിപ്പുകളും പരമാവധി ഒഴിവാക്കാം. നഖവും മുടിയും ഏറ്റവും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കുക. ഏത് ക്ഷീണിച്ച സമയത്തും മുടിയൊന്ന് ചീകി ഒതുക്കി വെച്ചാല്‍ നല്ല ഫ്രഷ്നസ് ഫീല്‍ ചെയ്യും. നിങ്ങളേത് ബ്രാന്റ് ചെരിപ്പുപയോഗിക്കുന്നു എന്നല്ല എത്ര വൃത്തിയായി അത് ധരിക്കുന്നു എന്നതിലാണ് കാര്യം 

ശരീരം സംസാരിക്കും

ശരീരഭാഷ ഏതൊരു ജോലിക്കു പ്രധാന ഘടകമാണ്. നിങ്ങളുടെ വായ സംസാരിക്കാത്തിടത്ത് ശരീരം സംസാരിക്കുന്നുണ്ടെന്ന് അറിയുക. മുഖത്തിന്റെയോ ശരീരത്തിന്റെയോ ചെറു ചലനങ്ങള്‍ പോലും ശ്രദ്ധയോടെ വീക്ഷിക്കപ്പെടാം. മാന്യമായ ഹസ്തദാനത്തിന് നമ്മുടെ കരുത്തും ആത്മവിശ്വാസവും മനസിലാക്കിക്കൊടുക്കാന്‍ സാധിക്കും. കണ്ണില്‍ നോക്കി സംസാരിക്കുന്നത് നമ്മുടെ ആത്മവിശ്വാസത്തെ സൂചിപ്പിക്കും. എന്നു കരുതി എല്ലാ നേരവും കണ്ണില്‍ നോക്കി ഇരിക്കേണ്ടതില്ല.

കൃത്യത

അഭിമുഖം നിശ്ചയിച്ചിരിക്കുന്നതിന് പതിനഞ്ച് മിനിറ്റ് മുന്‍പെങ്കിലും അഭിമുഖ സ്ഥലത്ത് എത്തുന്നത് ഉദ്യോഗാര്‍ഥിയുടെ കൃത്യനിഷ്ഠ സൂചിപ്പിക്കുന്നു. മാത്രമല്ല ഇത് ഉദ്യോഗാര്‍ഥിയുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും സഹായിക്കും. വൈകി എത്തുക എന്നത് നിങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യ നെഗറ്റീവ് മാര്‍ക്ക് ആയിരിക്കും.

മൊബൈല്‍ ഫോണ്‍

അഭിമുഖ സമയത്ത് മൊബൈല്‍ ഫോണിന് അല്‍പം വിശ്രമം നല്‍കാം. കാത്തിരിപ്പ് നീളുമ്പോള്‍ ബോറടി മാറ്റാന്‍ ഇയര്‍ഫോണ്‍ വെച്ച് രണ്ട് പാട്ടൊക്കെ കേട്ടുകളയാമെന്ന് കരുതിയെങ്കില്‍ തെറ്റി.അഭിമുഖത്തിനായി കാത്തിരിക്കുമ്പോള്‍ ഹെഡ് ഫോണുകള്‍ ഉപയോഗിക്കാതിരിക്കലാവും ഉചിതം. 

ഇടയ്ക്ക് വരുന്ന ചില കോളുകളോ മെസേജുകളോ നമ്മെ ഏതെങ്കിലും വിധത്തില്‍ അലട്ടുന്നതാണെങ്കില്‍ അത് നിങ്ങളുടെ പ്രകടനത്തെയും പ്രതികൂലമായി ബാധിക്കും. അഭിമുഖം കഴിയും വരെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുന്നതാവും നല്ലത്. സൈലന്റ് മോഡിലിടുമ്പോള്‍ കോള്‍ എടുത്തില്ലെങ്കിലും എന്തിനാവും വിളിച്ചതെന്ന ചോദ്യം സ്വാഭാവികമായും നമ്മെ അലട്ടിക്കൊണ്ടേ ഇരിക്കും

പല കമ്പനികളും വെയ്റ്റിങ് റൂമിലെ നമ്മുടെ പെരുമാറ്റം കൂടി സൂക്ഷ്മമായി വിലയിരുത്തിയാണ് ഇന്ന് ജോലി നല്‍കുക. ഉദ്യോഗാര്‍ഥിയുടെ സ്വാഭാവിക പെരുമാറ്റം പ്രതിഫലിക്കുന്ന സ്ഥലമെന്ന നിലയ്ക്കാണ് കമ്പനി ഈ രീതി അവലംബിക്കുന്നത്.

ക്ഷമ വേണം

നല്ല കേള്‍വിക്കാരനാവുക എന്നതാണ് ക്ഷമാശീലത്തിന്റെ ആദ്യ പടി. പരസ്പര ബഹുമാനം കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. സംസാരിക്കാനുള്ള അവസരത്തെ കാത്തിരിക്കുകത. ഇടയില്‍ കയറാതിരിക്കുക. അറിയാത്ത കാര്യങ്ങള്‍ കേട്ട് അറിയാമെന്ന ഭാവത്തില്‍ തലകുലുക്കുന്നതും നെഗറ്റീവ് ഇംപ്രഷനാണ് നല്‍കുക. ചോദിക്കുന്ന ചോദ്യങ്ങള്‍ ക്ഷമയോടെ കേട്ട് ആലോചിച്ച് ഉത്തരങ്ങള്‍ നല്‍കുക. അറിയാത്തവയ്ക്ക് തെറ്റായ ഉത്തരങ്ങള്‍ പറയുന്നതിലും നല്ലത് അറിയില്ലെന്ന് വിനയത്തോടെ പറയുന്നതാണ്.

ബയോഡാറ്റ പഠിക്കാം 

ഏത് ജോലിക്കുള്ള അഭിമുഖമായാലും ബയോഡാറ്റ വ്യക്തമായി പഠിക്കാന്‍ ശ്രദ്ധിക്കുക. പലപ്പോഴും ഉദ്യോഗാര്‍ഥി  സ്വയം കുഴിക്കുന്ന കുഴിയായി അവ മാറാറുണ്ട്. വിനോദം, യോഗ്യതകള്‍ ഇവ സത്യസന്ധമായി മാത്രം നല്‍കുക. ബോര്‍ഡ് ബയോഡാറ്റയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ ഇത് സഹായിക്കും. ബന്ധപ്പെട്ട് ചെയ്തിട്ടുള്ള വര്‍ക്കുകള്‍ എന്നിവ കൂടി മറ്റൊരു ഫയലാക്കി 'പോര്‍ട്ട് ഫോളിയോ ' രൂപത്തില്‍ കയ്യിലെടുക്കാം. ആവശ്യപ്പെട്ടാല്‍ കാണിക്കാം. 

പെരുമാറ്റം

ശരിയായ രീതിയില്‍ അഭിവാദനം ചെയ്യല്‍ പ്രധാന ഘടകമാണ്. നന്ദി പറയാനും ആവശ്യമെങ്കില്‍ ക്ഷമ ചോദിക്കാനും മടിക്കരുത്. മാന്യമായ വിനയപൂര്‍വമുള്ള പെരുമാറ്റമാണ് നിങ്ങളെ വിജയിത്തിലെത്തിക്കുക.

ഇരുത്തം

ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ എല്ലാവരെയും നോക്കി അഭിവാദനമര്‍പ്പിക്കുന്നതാണ് ഒരു രീതി. രണ്ട് പേരാണ് ബോര്‍ഡിലെങ്കില്‍ പ്രത്യേകം അഭിവാദനം നല്‍കാം. ഇരിക്കാന്‍ പറഞ്ഞതിന് ശേഷം മാത്രം ഇരിക്കുക. നന്ദി പറയാന്‍ മടിക്കരുത്.

ഇരിക്കുമ്പോള്‍ ശബ്ദമുണ്ടാവാതെ കസേര നീക്കാതെ ഇരിക്കുക. സര്‍ട്ടിഫിക്കേറ്റ് അടങ്ങിയ ഫയല്‍ കൈകള്‍ മടിയില്‍ വെച്ച്  നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക. അല്‍പം മുന്നോട്ടാഞ്ഞിരിക്കുന്നത്  നിങ്ങള്‍ക്ക് വിഷയത്തിലുള്ള താത്പര്യത്തെ സൂചിപ്പിക്കുന്നു. കസേരയില്‍ പിന്നിലേക്ക് ചാഞ്ഞോ ചാരിയോ ഇരിക്കരുത്.

കൈ ടേബിളിന് മുകളില്‍ വെക്കുമ്പോള്‍ അലക്ഷ്യമായി വെയ്ക്കാതിരിക്കുക. ഫയല്‍ ടേബിളില്‍ വെക്കരുത്. കര്‍ച്ചീഫ്, മൊബൈല്‍ പോലുള്ളവ കയ്യില്‍ നിന്ന് ഒഴിവാക്കാം. 

ചോദ്യങ്ങളെ നേരിടാം

ഒരു ചെറു പുഞ്ചിരിയോടെ ഉത്തരങ്ങള്‍ നല്‍കുന്നത് നിങ്ങളിലെ ആത്മവിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. 

കൃത്യത : കാടടച്ചു വെടിവെയ്ക്കാതെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ ശ്രമിക്കുക.അറിയാത്തവ അറിയില്ലെന്ന് പറയാം.തെറ്റുത്തരങ്ങള്‍ നല്‍കുന്നതിലും നല്ലത് സത്യസന്ധതയാണ്. 

പശ്ചാത്തലം  : നിങ്ങളുടെ ചുറ്റുപാട്, പഠനം, യോഗ്യത, ജോലി ചെയ്തിട്ടുണ്ടോ ഇല്ലയോ, അറിവ്, വിനോദം, താത്പര്യമുള്ള മേഖലകള്‍ ഇവയെല്ലാം ചോദ്യങ്ങളായേക്കാം.ഒപ്പം പുതിയ സ്ഥാപനത്തില്‍ അപേക്ഷ നല്‍കിയതിന്റെ കാരണവും ചോദ്യാമാവാം.

മുന്‍ പരിചയം : മുന്‍പരിചയം ഉളളവരാണെങ്കില്‍ ജോലിയുടെ സ്വാഭാവം, എന്ത് കൊണ്ട് നേരത്തെ ഉള്ള ജോലി വിട്ടു, അനുഭവം എന്നിവ ചോദിക്കാം. നേരത്തെ ജോലി ചെയ്ത സ്ഥാപനത്തെ അടച്ചാക്ഷേപിക്കുന്നത് ഉചിതമായിരിക്കില്ല. അത് നിങ്ങളുടെ മനോഭാവത്തെ കൂടിയാണ് കാണിക്കുന്നത്. 

പ്രായോഗിക ചോദ്യങ്ങള്‍ : സാഹചര്യങ്ങളെയും സമ്മര്‍ദങ്ങളെയും ഏത് രീതിയില്‍ അതിജീവിക്കുമെന്നറിയാന്‍ പ്രായോഗിക ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.  ഒരു മോശം സാഹചര്യം വന്നാല്‍ എങ്ങനെ കൈകൈര്യം ചെയ്യുമെന്നറിയാനാണിത്.

ചോദ്യം കൃത്യമായി മനസിലാക്കി മാത്രം അത്തരം ചോദ്യങ്ങള്‍ക്കുത്തരം നല്‍കാം. അഭിമുഖത്തിന് തയ്യാറെടുക്കുമ്പോള്‍ സ്വന്തം മേഖലയുമായി ബന്ധപ്പെട്ട് വരുന്ന കേസ് സ്റ്റഡികള്‍ പഠിക്കുന്നത് ഒരു പരിധി വരെ സഹായകമാണ്

ശമ്പളം : നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതായി നിങ്ങള്‍ക്ക് അറിയിക്കാം. പുതിയ ആളുകളാണെങ്കില്‍ മുന്‍പരിചയം ഇല്ലാത്തതിനാല്‍ തുക പറയാന്‍ പ്രയാസം തോന്നും. എന്നാല്‍ എന്തെങ്കിലും മതിയെന്നോ നിലവില്‍ മറ്റു കമ്പനികള്‍ അതേ ജോലിക്ക് നല്‍കുന്നതിനേക്കാള്‍ കുറവോ ചോദിക്കുന്നത് നിങ്ങള്‍ക്ക് നിങ്ങളുടെ കഴിവില്‍ മതിപ്പും ആത്മവിശ്വാസവുമില്ലെന്ന് പറയുന്നതിന് തുല്യമാണ്.

മറുചോദ്യം : 'എന്തെങ്കിലും ചോദിക്കാനുണ്ടോ' എന്ന് അഭിമുഖങ്ങള്‍ക്കവസാനം ചോദിച്ചാല്‍ തീര്‍ച്ചയായും അവസരം ഉപയോഗപ്പെടുത്താം. ജോലിയുടെ സ്വഭാവത്തെക്കുറിച്ചോ സമയത്തെക്കുറിച്ചോ ഒക്കെ ആവാം.

അഭിമുഖം അവസാനിപ്പിക്കുമ്പോള്‍ നന്ദി പറയാന്‍ മറക്കരുത്

സമ്മര്‍ദമില്ലാതെ ആത്മ വിശ്വാസത്തോടെ തയ്യാറെടുക്കൂ...വിജയം നിങ്ങള്‍ക്കൊപ്പം

Conten Highlights: interview tips career Career