ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു മാസത്തിനകം ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കണം. കാലാവധി തീര്‍ന്ന് അഞ്ചുവര്‍ഷം കഴിഞ്ഞാന്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനാകില്ല. എല്ലാ കടമ്പകളും കടന്ന് പുതിയ ലൈസന്‍സ് എടുക്കുകയെ പിന്നെ വഴിയുള്ളൂ.

കാലാവധി തീരുന്നതിന് ഒരുമാസം മുന്‍പോ ഒരു മാസത്തിനു ശേഷമോ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാം. ഈ സാഹചര്യത്തില്‍ കാലാവധി തീരുന്ന ദിവസം മുതല്‍ ലൈസന്‍സ് പുതുക്കി ലഭിക്കും. കാലാവധി തീര്‍ന്നശേഷം ഒരുമാസം കഴിഞ്ഞാല്‍ അപേക്ഷ ലഭിക്കുന്ന ദിവസംമുതല്‍ ലൈസന്‍സ് പുതുക്കി ലഭിക്കും.

ആവശ്യമായ രേഖകള്‍

1. ഡ്രൈവിങ് ലൈസന്‍സ്
2. അപേക്ഷാ ഫോം നമ്പര്‍ 9
3. ഫോം നമ്പര്‍ 1 ( ശാരീരിക ക്ഷമത സംബന്ധിച്ച സ്വന്തം സാക്ഷ്യപത്രം)
4. ഫോം നമ്പര്‍ 1 എ (ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്)
5. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ- രണ്ടെണ്ണം
6. 250 രൂപ ഫീസും 50 രൂപ സര്‍വീസ് ചാര്‍ജ്ജും അടച്ചതിന്റെ രസീത്.

ലൈസന്‍സ് തപാലില്‍ ലഭിക്കാന്‍ നിശ്ചിത സ്റ്റാംപ് ഒട്ടിച്ച കവറും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.