കളനാശിനികളുടെ ഉപയോഗത്തില്‍  നാം വളരെയേറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സാധാരണ കര്‍ഷകര്‍ കളനാശിനികള്‍, കീടനാശിനികള്‍, വളര്‍ച്ചത്വരകങ്ങള്‍ (രാസവളങ്ങള്‍, ഗോമൂത്രം, തുടങ്ങിയവ) എന്നിവ ചെടികളില്‍ തളിക്കാന്‍ ഒരേ സ്‌പ്രേയര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. 

ഓരോ തരവും തളിച്ച ശേഷം സ്‌പ്രേയര്‍ നല്ലത് പോലെ കഴുകി വൃത്തിയാക്കിയില്ലെങ്കില്‍ ചെടികളുടെ വളര്‍ച്ചയേയും, ഉത്പാദനത്തെയും അത് ഹാനികരമായി ബാധിക്കും. കളനാശിനികളും, കീടനാശിനികളും ചെടികളില്‍ തളിക്കാന്‍ വെവ്വേറെ സ്‌പ്രേയറുകള്‍ തന്നെ ഉപയോഗിക്കുന്നതാണ് അഭികാമ്യം

കളനാശിനി ഉപയോഗിക്കുമ്പോള്‍, അവ തളിക്കുന്ന കൃഷിയിടത്തിനടുത്ത് നില്‍ക്കുന്ന വിളകളില്‍, കാറ്റ് മുഖാന്തരമോ,ശ്രദ്ധക്കുറവാലോ കളനാശിനി അംശം വിളകളില്‍ പതിക്കുന്നെങ്കില്‍ അത് ചെടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

 അതുപോലെ കളനാശിനി പ്രയോഗത്തിന് ശേഷം, സ്‌പ്രേയറുകള്‍ വേണ്ടത്ര ശ്രദ്ധയോടെ കഴുകി വൃത്തിയാക്കാതെ അവ ഉപയോഗിച്ചു തന്നെ രാസവളങ്ങള്‍, കീടനാശിനികള്‍,ഗോമൂത്രം പോലെയുള്ള വളര്‍ച്ചത്വരകങ്ങള്‍ ചെടികളില്‍ തളിച്ചാല്‍, ചെടികളില്‍ പലതരം രോഗസദൃശമായ ലക്ഷണങ്ങള്‍ കണ്ടുവരുന്നു. 

പയര്‍,വെണ്ട, ചീര , വെള്ളരി, പപ്പായ എന്നീ വിളകളുടെ ഇലകളില്‍ വൈറസ് മൂലമുള്ള രോഗബാധയേറ്റ പോലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇലകളുടെ വളര്‍ച്ച മുരടിച്ച്, ചുരുങ്ങി, അസാധാരണ ആകൃതി കൈവരിക്കുന്നതായി കാണുന്നു. 

ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ കര്‍ഷകര്‍ ഇവ വൈറസ്, കുമിള്‍ എന്നിവ ബാധിച്ച രോഗലക്ഷണങ്ങളായി തെറ്റിദ്ധരിച്ച്, അതിന് വേണ്ട പ്രതിവിധികള്‍ അവലംബിക്കാറുണ്ട്. ഇത് സാമ്പത്തിക നഷ്ടത്തോടൊപ്പം തന്നെ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന രാസപദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ കളനാശിനികളുടെ ഉപയോഗത്തിലും, തളിക്കുന്ന അളവിലും ശ്രദ്ധ ചെലുത്തണം.

(കടപ്പാട് : ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)