കമ്പോളത്തില്‍ നിന്ന് വാങ്ങുന്ന  പച്ചക്കറികളിലെ വിഷ മാലിന്യങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ മലയാളികളുടെ മനസ്സില്‍ എന്നും ഒരു പേടി സ്വപ്‌നമാണ്. എന്നാല്‍ വളരെ ലളിതവും ഫലപ്രദമായി ചില മാര്‍ഗങ്ങളിലൂടെ നല്ലൊരളവ് കീടനാശിനിയുടെ അംശം കുറയ്ക്കാന്‍ സാധിക്കുന്നതായി പഠനങ്ങളില്‍ കണ്ടിട്ടുണ്ട്.

ഓരോ പച്ചക്കറിയും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്നതിനു മുമ്പായി കൈകാര്യം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കുന്നതു വഴി പച്ചക്കറികളിലൂടെ നമ്മുടെ ഉള്ളിലെത്താന്‍ സാധ്യതയുള്ള കീടനാശിനികളെ നീക്കം ചെയ്യാന്‍ സാധിക്കും.

പയര്‍വര്‍ഗം

പയര്‍ വര്‍ഗ പച്ചക്കറികളില്‍ കീടനാശിനി അവശിഷ്ടം ഏറ്റവുമധികം കണ്ടെത്തിയത് വള്ളിപ്പയറിലാണ്. പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് സ്‌ക്രബറിന്റെ കഷണമോ, ചകിരിയോ ഉപയോഗിച്ച് ടാപ്പ് വെള്ളത്തില്‍ മൂന്നോ നാലോ പയര്‍ ഒരുമിച്ച് വച്ച് ഉരസി കഴുകിയതിനു ശേഷം 15 മിനിട്ട് (വിനാഗിരി 40 മില്ലി) രണ്ട് ലിറ്റര്‍ വെള്ളത്തില്‍ കലക്കി പയര്‍ മുക്കി വയ്ക്കാന്‍ പറ്റിയ വലിപ്പമുള്ള പാത്രത്തില്‍ വയ്ക്കണം. ഇതിന് ശേഷം പച്ചവെള്ളത്തില്‍ കഴുകി ,വെള്ളം വാര്‍ന്ന് പോയതിനുശേഷം ഇഴയകലമുള്ള തുണിസഞ്ചികളില്‍ പൊതിഞ്ഞ് ഫ്രിഡിജിലേക്ക് മാറ്റണം. വിനാഗിരിക്ക് പകരം വാളന്‍പുളി സത്തും ഉപയോഗിക്കാവുന്നതാണ്. 40 ഗ്രാം വാളന്‍പുളി 2 ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ ശേഷം അരിച്ചെടുത്ത തവിട്ട് ലായനിയില്‍ പയര്‍ 15 മിനിട്ട് മുത്തി വെച്ചാല്‍ മതി. ഇതിനുശേഷം പച്ചവെള്ളത്തില്‍ കഴുകി, വെള്ളം വാര്‍ന്ന് പോയതിനുശേഷം ഇഴയകലമുള്ള തുണിസഞ്ചികളില്‍ പൊതിഞ്ഞ് ഫ്രിഡ്ജിലേക്ക് മാറ്റണം.

ഇലവര്‍ഗം

ചീര, കറിവേപ്പില, മല്ലിയില എന്നീ ഇലവര്‍ഗ പച്ചക്കറികളില്‍ ചീരയിലും കറിവേപ്പിലയിലുമാണ് കീടനാശിനികളുടെ അവശിഷ്ട വിഷാംശം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. 

ചീര
കമ്പോളത്തില്‍ നിന്നു വാങ്ങുന്ന ചീര ചുവടുഭാഗം വേരോടെ മുറിച്ചു മാറ്റിയ ശേഷം തണ്ടും ഇലകളും ടാപ്പ് വെള്ളത്തില്‍ പലതവണ കഴുകി വൃത്തിയാക്കണം. അതിനുശേഷം 15 മിനിറ്റ് പുളിവെള്ളത്തില്‍ മുക്കിവയ്ക്കണം. ഇതിനായി കുരുകളഞ്ഞ പുളി 60 ഗ്രാം, മൂന്നു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് ചീര മുക്കിവയ്ക്കാന്‍ പറ്റിയ വലിപ്പമുള്ള പാത്രത്തില്‍ വയ്ക്കണം. ഇതിനുശേഷം പച്ചവെള്ളത്തില്‍ കഴുകി, വെള്ളം വാര്‍ത്ത് കളഞ്ഞ് ഇലകളും തണ്ടും വേര്‍പെടുത്തി ഈര്‍പ്പം ഇല്ലാതെ ഇഴയകന്ന തുണിസഞ്ചികളിലോ പ്ലാസ്റ്റിക് കണ്ടെയ്‌നറിലോ മാറ്റിയ ശേഷം ഫ്രിഡിജില്‍ സൂക്ഷിക്കാവുന്നതാണ്.

മല്ലിയില

കൈകാര്യം ചെയ്യുമ്പോള്‍ വളരെ മുന്‍കരുതലെടുക്കേണ്ട പച്ചക്കറിയാണ് മല്ലിയില. സലാഡുകളിലും മറ്റും പാചകം ചെയ്യാതെയും മേമ്പൊടിക്കായും ഉപയോഗിക്കുന്നതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ചുവട് മുറിച്ച് കളഞ്ഞ ശേഷം ടാപ്പ് വെള്ളത്തില്‍ പല ആവര്‍ത്തി കഴുകണം. വായു കടക്കാത്ത പ്ലാസ്റ്റിക് കണ്ടെയ്‌നറിലോ, സ്റ്റീല്‍ പാത്രത്തിലോ മൂന്നോ നാലോ ടിഷ്യുപേപ്പര്‍ അടിയിലും മുകളിലുമായി നിരത്തിവെച്ച ശേഷം ഈര്‍പ്പം മാറ്റി മല്ലിത്തണ്ടുകള്‍ ഇവയ്ക്കിടയില്‍ നിരത്തിവയ്ക്കാം. ടിഷ്യുപേപ്പറില്ലെങ്കില്‍ ഇഴയകന്ന കോട്ടണ്‍ തുണി കഷണമോ ന്യൂസ് പേപ്പറോ ഉപയോഗിച്ചാലും മതി. 

വെള്ളരി വര്‍ഗ പച്ചക്കറികള്‍

പാവല്‍, പടവലം, കണിവെള്ളരി, സലാഡ് വെള്ളരി, കോവല്‍, മത്തന്‍, ഇളവന്‍, കുമ്പളം, പീച്ചില്‍ എന്നിവയില്‍ കീടനാശിനികളുടെ അവശിഷ്ടവിഷാംശം കൂടുതലായി കാണുന്നത് പാവയ്ക്ക, പടവലങ്ങ, വെള്ളരി എന്നിവയിലാണ്.

പാവയ്ക്ക

പാവയ്ക്കയുടെ പുറത്തെ മുള്ളുകള്‍ക്കിടയില്‍ കീടനാശിനി ലായനി പറ്റിപ്പിടിച്ചിരിക്കാന്‍ കൂടുതല്‍ സാദ്ധ്യതയുള്ളതുകൊണ്ടാണ് മറ്റ് പച്ചക്കറികളെക്കാള്‍ വിഷാംശ പ്രശ്‌നം പാവയ്ക്കയില്‍ കൂടുതല്‍ കാണുന്നത്. കമ്പോളത്തില്‍ നിന്ന് വാങ്ങുന്ന പാവയ്ക്ക ഒരു ബ്രഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. സാധാരണ തുണി അലക്കുവാന്‍ ഉപയോഗിക്കുന്ന മൃദുവായ നാരുകള്‍ ഉള്ള ഒരു വാഷിംഗ് ബ്രഷ് ഇതിനുവേണ്ടി അടുക്കളയില്‍ പ്രത്യേകം കരുതി വയ്ക്കണം. അധികം അമര്‍ത്താതെ ഉരസി ഒരു മിനിറ്റ് ടാപ്പ് വെള്ളത്തില്‍ കഴുകിയതിനുശേഷം 15 മിനിറ്റ് വിനാഗിരി (40 മില്ലി) രണ്ട് ലിറ്റര്‍ വെള്ളത്തില്‍ കലക്കി പാവയ്ക്ക മുക്കി വയ്ക്കാന്‍ പറ്റിയ വലിപ്പമുള്ള കുപ്പിയിലോ പ്ലാസ്റ്റിക് ജാറിലോ വയ്ക്കണം. ഇതിനു ശേഷം പച്ചവെള്ളത്തില്‍ കഴുകി ,വെള്ളം വാര്‍ന്ന് പോകാന്‍ പറ്റിയ സുഷിരങ്ങളുള്ള പ്ലാസ്റ്റിക് കുട്ടയിലോ ബാസ്‌കറ്റിലോ വയ്ക്കണം. ഇങ്ങനെ ഒരു രാത്രി വച്ചതിനു ശേഷം അടുത്ത ദിവസം ഫ്രിഡ്ജിലേക്ക് മാറ്റണം. ഇഴയകന്ന കോട്ടണ്‍ തുണി സഞ്ചിയിലോ പേപ്പര്‍ ബാഗിലോ ആക്കിയ ശേഷം ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് നല്ലത്. 

പടവലം, കണിവെള്ളരി, സാലഡ് വെള്ളരി

കടകളില്‍ നിന്നും വാങ്ങുന്ന പടവലം,കണിവെള്ളരി,സലാഡ് വെള്ളരി, മത്തന്‍,കുമ്പളം, പീച്ചില്‍ എന്നിവ. ഒരു ബ്രഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം വാര്‍ന്നുപോകാന്‍ പറ്റിയ പ്ലാസ്റ്റിക് കുട്ടയിലോ ബക്കറ്റിലോ കുത്തനെ വയ്ക്കണം. ഈര്‍പ്പം മാറിയ ശേഷം ഇഴയകന്ന കോട്ടണ്‍ തുണിയിലോ തോര്‍ത്തിലോ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആവശ്യമെങ്കില്‍ വിനാഗിരി ലായനിയില്‍ 15 മിനിറ്റ് മുക്കി വെച്ച ശേഷം ടാപ്പ് വെള്ളത്തില്‍ കഴുകി ശുദ്ധീകരിക്കാവുന്നതാണ്. മുറിച്ച് കഷണങ്ങളാക്കി വാങ്ങുകയാണെങ്കില്‍ ഈര്‍പ്പം പൂര്‍ണമായി നീക്കിയശേഷം പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാക്കി ഫ്രിഡ്ജില്‍ വെച്ച് തൊലി ചെത്തിമാറ്റി ഉപയോഗിക്കാവുന്നതാണ്. 

(കടപ്പാട്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)