കേരളത്തില്‍ തുലാവര്‍ഷം കുറഞ്ഞത് കൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇത്തവണ മഴയില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഇടവിള കൃഷി ചെയ്യാനും കഴിയാത്ത സാഹചര്യം. ജലസ്രോതസ്സുകളില്‍ വെള്ളം കുറയുന്നതോടെ എന്തു ചെയ്യുമെന്നറിയാതെ കര്‍ഷകര്‍ കുഴങ്ങുന്നു. കിണറുകളിലെല്ലാം ജലനിരപ്പ് വളരെ കുറഞ്ഞുതുടങ്ങി.

ppfmഈ സാഹചര്യത്തില്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല കര്‍ഷകരെ സഹായിക്കാന്‍ ജീവാണു ലായനിയുമായി രംഗത്തെത്തിയിരിക്കുന്നു.

പിങ്ക്  പിഗ്മെന്റഡ് ഫാക്കല്‍റ്റേറ്റീവ് മെത്തിലോട്രോഫ്‌ എന്നാണ്  ഈ ജീവാണു ലായനിയുടെ പേര്. കോയമ്പത്തൂരിലെ കാര്‍ഷിക കോളേജിലെ മൈക്രോബയോളജി വിഭാഗം തലവനായ ഡോ.  മാരിമുത്തു ആണ് ഇത് കണ്ടെത്തിയത്.

'ചെടികളുടെ ഇലകളില്‍ കാണപ്പെടുന്ന മെത്തിലോ ബാക്ടീരിയം സ്പീഷിസില്‍പ്പെട്ടവയാണ് ഇവ. ഈ ജീവാണുവിനെ വേര്‍തിരിച്ചെടുത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ ബാക്ടീരിയയ്ക്ക് ചെടിയിലെ വളര്‍ച്ചാ ഹോര്‍മോണുകളായ സൈറ്റോകിനിന്‍, ഇന്‍ഡോള്‍ അസറ്റിക് ആസിഡ് എന്നിവ ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട് . വിത്ത് മുളപ്പിക്കാനും ചെടികള്‍ ഫലപ്രദമായ രീതിയില്‍ വളരുവാനും ഇത് സഹായിക്കും. ഈ ബാക്ടീരിയയാണ് ചെടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്‌. വളരെ പെട്ടെന്ന് പുഷ്പിക്കുവാനും കായ്ക്കുവാനും ഈ ലായനി സഹായിക്കും.' ഡോ.  മാരിമുത്തു  വ്യക്തമാക്കുന്നു.

ഉപയോഗ രീതി

ഒരു മില്ലി ജീവാണു ലായനി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിക്കുക. ഇതില്‍ വിത്ത് കുതിര്‍ക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യാം.ചെടികളില്‍ സ്‌പ്രേ ചെയ്യുകയും ചെയ്യാം. ഒരു മാസത്തെ ഇടവേള നല്‍കിയാണ് ഇത് തളിക്കേണ്ടത്. പച്ചക്കറികള്‍ക്കാണെങ്കില്‍ പതിനഞ്ചു ദിവസം കൂടുമ്പോള്‍ തളിക്കാവുന്നതാണ്. എല്ലാത്തരം വിളകള്‍ക്കും ഉപയോഗിക്കാം.

ഒരു ലിറ്റര്‍ ലായനിക്ക് 300 രൂപയാണ് വില. ലായനി രൂപത്തില്‍ ആയതുകൊണ്ട് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വഴി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാന്‍ കഴിയില്ല. ആവശ്യമുള്ളവര്‍ക്ക് കാര്‍ഷിക സര്‍വകലാശാലയിലേക്ക് നേരിട്ട് വിളിച്ച് പേരും വിലാസവും മൊബൈല്‍ നമ്പരും നല്‍കാം. ആവശ്യമായ അളവ് അറിയിക്കണം. ഒരു ലിറ്റര്‍ ആണ് ഏറ്റവും കുറഞ്ഞ അളവ്. 

തമിഴ്‌നാട്ടിലെ വരണ്ട കാലാവസ്ഥയില്‍ ഫലപ്രദമാണെന്ന് പരീക്ഷിച്ച് കണ്ടെത്തിയ ഈ ലായനി നമ്മുടെ കേരളത്തിലെ കര്‍ഷകര്‍ക്കും ആശ്വാസമായേക്കാം.

വയനാട്ടിലെ കാര്‍ഷിക മേഖല ഇപ്പോള്‍ത്തന്നെ വരള്‍ച്ചയുടെ പിടിയിലമര്‍ന്നു. നെല്‍പ്പാടങ്ങള്‍ കരിഞ്ഞുണങ്ങിക്കഴിഞ്ഞു. കൃഷിഭൂമി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഈ ജീവാണുലായനി കര്‍ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. വേനല്‍ക്കാലത്ത് വിളകളുടെ വളര്‍ച്ചയ്ക്ക് ഏറെ ഫലപ്രദമാണെന്ന് ഇവരുടെ ഇടപെടലില്‍  നിന്നും കര്‍ഷകര്‍ മനസ്സിലാക്കി.

ഇനി വരുന്ന രണ്ടു മൂന്നു മാസക്കാലയളവുകളില്‍ കേരളത്തിലെ വിളകളെ വരള്‍ച്ചയില്‍ നിന്ന് പ്രതിരോധിക്കാന്‍ കഴിയുന്ന ഈ ജീവാണു ലായനി കൂടുതല്‍ കര്‍ഷകരിലേക്കെത്തിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

(ഫോണ്‍ നമ്പര്‍ : 0422- 6611 294

മധുരയിലെ കോളേജിലും ലഭ്യമാണ്. ഫോണ്‍: 0452- 24 22 956)