കായീച്ചയെ തുരത്താന്‍ ഫലപ്രദമായ കെണി തയ്യാറാക്കാം. വെള്ളരി വര്‍ഗത്തിലെ പച്ചക്കറികളുടെ പ്രധാന ശത്രുവാണ് കായീച്ച. കീടനാശിനികളെ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കുന്നതിനേക്കാള്‍ ഫലപ്രദവും പരിസ്ഥിതി സൗഹൃദവുമാണ് വിവിധതരം കെണികളിലേക്ക് ആകര്‍ഷിച്ച് നശിപ്പിക്കുക എന്നത്. 

vegetableആവശ്യമുള്ള വസ്തുക്കള്‍

1. ക്യൂലൂര്‍ (കായീച്ചയെ ആകര്‍ഷിക്കുന്ന പ്രധാന വസ്തു.) ഒരു കെണിക്ക് 4 മി.ലി എന്ന അളവില്‍ 40 മി.ലി 
2. ഈഥൈല്‍ ആല്‍ക്കഹോള്‍ - 60 മി.ലി
3.മാലത്തിയോണ്‍/ഡിഡി.വി.പി- 20 മി.ലി
4.അലുമിനിയം ഫോയില്‍ പേപ്പര്‍
5.കനംകുറഞ്ഞ വയര്‍- 10 ഇഞ്ച് നീളത്തില്‍ മുറിച്ചത്
6.കോട്ടണ്‍ തരികള്‍-അര ഇഞ്ച് കനമുള്ളത്
7.ഉപയോഗശൂന്യമായ മിനറല്‍ വാട്ടര്‍ കുപ്പി

നിര്‍മാണ രീതി

1. മിനറല്‍ വാട്ടര്‍ കുപ്പിയുടെ കഴുത്തില്‍ നിന്ന് 3 ഇഞ്ച് താഴെ 3 കിളിവാതില്‍ ഉണ്ടാക്കുക. ഇതിന് ഒരു ഇഞ്ച് നീളത്തില്‍ മൂന്നു ഭാഗം മുറിച്ച ശേഷം മുകളിലേക്ക് മടക്കിയാല്‍ മതി.
2. അടപ്പില്‍ ഒരു ചെറിയ ദ്വാരം ഇടുക
3.10 ഇഞ്ച് നീളമുള്ള വയറിനെ നടുക്ക് ഒരു കെട്ട് ഇട്ട ശേഷം അത് അടപ്പില്‍ കൂടി കടത്തുക. അടപ്പിന്റെ ഉള്‍വശത്തെ ഭാഗം ഒരു കൊളുത്തുപോലെയും പുറത്തുള്ള ഭാഗം ഒരു വളയമായും മടക്കണം.
4.കോട്ടണ്‍ തിരികള്‍ രണ്ട് ഇഞ്ച് നീളത്തില്‍ മുറിച്ചെടുക്കണം. ഇതിന്റെ രണ്ടുവശത്തും കനംകുറഞ്ഞ വയറോ ചെമ്പുകമ്പിയോ കൊണ്ട് ബലമായി കെട്ടി വയ്ക്കണം.
4.ഫിറമോണ്‍ നിര്‍മിക്കുന്നതിന് ഈതൈല്‍ ആല്‍ക്കഹോള്‍ (60 മി.ലി), ക്യൂലൂര്‍ (40  മി.ലി) കീടനാശിനി (20 മി.ലി) എന്നിവ 3:2:1 എന്ന അനുപാതത്തില്‍ നന്നായി കലര്‍ത്തുക. ഇതിന് ഗ്‌ളാസ് പാത്രം ഉപയോഗിക്കണം.
6.കോട്ടണ്‍ തിരികള്‍ 24 മണിക്കൂര്‍ മേല്‍ മിശ്രിതത്തില്‍ മുക്കി വെക്കുക. 120 മി.ലിറ്ററില്‍ 30 തിരികള്‍ വയ്ക്കാം.
7.പുറത്തെടുത്ത തിരികള്‍ അലുമിനിയം  ഫോയില്‍ വെച്ച് പൊതിയാം. ഇവ സൂക്ഷിച്ച് വയ്ക്കാം.

8. ഉപയോഗിക്കേണ്ട സമയം അലുമിനിയം ഫോയിലിന്റെ മൂന്നിലൊരു ഭാഗം നീക്കം ചെയ്തശേഷം മുന്‍പ് തയ്യാറാക്കിവെച്ച അടപ്പ് കൊളുത്തില്‍ തൂക്കി കുപ്പിയിലേക്ക് ഇറക്കണം. വയറിന്റെ വളയം ഉപയോഗിച്ച് കെണികള്‍ കമ്പുകളില്‍ തൂക്കി കൃഷിസ്ഥലത്ത് സ്ഥാപിക്കാം.
9. കെണികള്‍ ചെടിയുടെ പന്തലിന്റെ 3-4 അടി ഉയരത്തിലാകണം. ഒരു ഏക്കറിന് 6-10 കെണികള്‍ വേണം. 30-40 ദിവസത്തിലൊരിക്കല്‍ കെണികള്‍ മാറ്റിയാല്‍ നല്ല ഫലം ലഭിക്കും.

ഈ രീതിയില്‍ തയ്യാറാക്കുന്ന കെണികള്‍ക്ക് 35-40 രൂപ വരെ മാത്രമേ ചെലവ് വരുന്നുള്ളു. ഫിറമോണ്‍ മിശ്രിതം തയ്യാറാക്കുന്ന മുറി നല്ല വായുസഞ്ചാരമുള്ളതാകണം. തയ്യാറാക്കുന്ന ആള്‍ കയ്യുറയും മുഖംമൂടിയും ധരിക്കണം. ക്യൂലൂറിന് പകരം മീതൈല്‍ യൂജിനോള്‍ എന്ന വസ്തു ഉപയോഗിച്ചാല്‍ മാവ്, പേര, പപ്പായ എന്നിവയിലെ കായീച്ചകളേയും ഓടിക്കാം.