2020 ഓടെ  കര്‍ഷകരുടെ വരുമാനം  ഇരട്ടിയാക്കാനുള്ള 2016-17  കേന്ദ്ര ബജറ്റ് നിര്‍ദ്ദേശം  നടപ്പിലാക്കുന്നത് സംബന്ധിച്ച്‌  ഒക്ടോബര്‍ 25 ന് ബെംഗളൂരുവിൽ  നബാര്‍ഡ് ശില്പശാല സംഘടിപ്പിച്ചിരുന്നു. സാധാരണയായി കര്‍ഷകരുടെ ലാഭം ഇരട്ടിയാക്കുന്നത്  14 വര്‍ഷങ്ങള്‍കൊണ്ടാണ്.

6 വര്‍ഷംകൊണ്ട് നടപ്പിലാക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. കാര്‍ഷിക രാജ്യമായ  ഇന്ത്യയില്‍  രണ്ട് ഹെക്ടറില്‍ താഴെയുള്ള  ചെറുകിട  കര്‍ഷകരാണേറെയും. ഇവരില്‍ 85 ശതമാനം കര്‍ഷകര്‍ക്കും വരുമാന വര്‍ധനവിന്  ദീര്‍ഘകാലം ആവശ്യമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

കാര്‍ഷിക അനുബന്ധ മേഖല കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍  4% ല്‍ നിന്നും 12% വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കേരളത്തില്‍ 23% പേരാണ് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.  3.89 ദശലക്ഷം ഹെക്ടറാണ്  സംസ്ഥാനത്ത് കൃഷിയോഗ്യമായിട്ടുള്ളത്.  

കുറയുന്ന ഭൂവിസ്തൃതി, മണ്ണിന്റെ ഫലഭൂയിഷ്ഠതയിലുണ്ടാകുന്ന കുറവ്, വെള്ളത്തിന്റെ അശാസ്ത്രീയമായ ഉപയോഗം, ദൗര്‍ലഭ്യം, ഗുണനിലവാരമുള്ള വിത്തുകളുടെ ലഭ്യതക്കുറവ്, ഉല്‍പാദനക്ഷമതയിലുള്ള കുറവ് എന്നിവ കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികളില്‍ ചിലതാണ്.  

കാര്‍ഷിക മേഖലയില്‍ വൈവിധ്യവല്‍ക്കരണം മന്ദഗതിയിലാണ്  നടക്കുന്നത്. വിജ്ഞാന വ്യാപനത്തിന്റെ കുറവ്, ശാസ്ത്രീയ രീതികളുടെ കുറഞ്ഞ ഉപയോഗ രീതികള്‍, പ്രായോഗികതലത്തിലുള്ള ഏറ്റക്കുറച്ചില്‍, കുറഞ്ഞ മൂല്യ വര്‍ദ്ധിത  ഉല്‍പന്ന നിര്‍മാണം എന്നിവയും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക്  തടസ്സം സൃഷ്ടിക്കുന്നു.  കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന  സ്ഥാപനങ്ങളും വിവിധ തലത്തിലുള്ള ഗുണഭോക്താക്കളും തമ്മിലുള്ള  ഏകോപനമില്ലായ്മ, കുറഞ്ഞ താങ്ങുവില എന്നിവ  കാര്‍ഷിക വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു.

agricultureപ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, കുറഞ്ഞ ഇന്‍ഷൂറന്‍സ് പരിരക്ഷ എന്നിവയും, കാലവര്‍ഷത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലും  ഉല്‍പാദനത്തെയും ഉല്‍പാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നു. കാര്‍ഷിക വ്യവസായ മേഖലയില്‍ മാന്ദ്യം ഇപ്പോഴും തുടരുന്നു. ആഗ്രോ ഫുഡ് പ്രോസസിംഗ് രംഗത്ത് വേണ്ടത്ര വളര്‍ച്ച ദൃശ്യമല്ല. 

40% കര്‍ഷകരും കാര്‍ഷിക വായ്പ എടുക്കുന്നില്ല. 58.8% കര്‍ഷകര്‍ ബാങ്കു വായ്പ എടുക്കുന്നു.  ഇവരില്‍ 15.9% ചെറുകിട, ഇടത്തരം കര്‍ഷകരാണ്. എന്നാല്‍ വന്‍കിട കര്‍ഷകരാണ് 79% പേരും. 85% കര്‍ഷകരും അസംഘടിത മേഖലയെ ആശ്രയിക്കുന്നു. കൃഷിയില്‍ ആസ്തി രൂപപ്പെടുന്നതിലും കൃഷിയില്‍ കുറഞ്ഞു വരുന്ന ഭൗതിക സൗകര്യ വികസനത്തിലും രാജ്യത്ത് വന്‍ അന്തരം നിലനില്‍ക്കുന്നു.

agricultureഓരോ തുള്ളി വെള്ളത്തിനും കൂടുതല്‍ വിളവ് കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് കേന്ദ്ര ഗവണ്‍മെന്റ് ഓരോ തുള്ളി വെള്ളത്തിനും കൂടുതല്‍ വിളവ് എന്ന ആശയത്തിന് പ്രാമുഖ്യം നല്‍കുന്നു. ഗുണനിലവാരമുള്ള വിത്തുകളും, നടീല്‍ വസ്തുക്കളും, മണ്ണിന്റെ ഫലഭൂയിഷ്ഠതയും വിലയിരുത്തിയുള്ള സോയില്‍ ഹെല്‍ത്ത് കാര്‍ഡ് അനുസരിച്ച് ലഭ്യമാക്കണം. സൂക്ഷിപ്പില്‍ കൂടുതല്‍ മുതല്‍ മുടക്ക് ആവശ്യമാണ്.  ഇതിനായി  ശാസ്ത്രീയ വെയര്‍ ഹൗസിംഗ്, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണം ത്വരിതപ്പെടുത്തണം. ഇ-മാര്‍ക്കറ്റ്, ദേശീയ വിപണി എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, കാര്‍ഷിക അനുബന്ധ മേഖലയില്‍ കോഴി വളര്‍ത്തല്‍, ക്ഷീരമേഖല എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്.  

പ്രകൃതി സ്രോതസസ്സുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നത് കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കിടവരുത്തും. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക്  ഉല്പാദനച്ചെലവ് കുറയ്ക്കല്‍, വരുമാനം വര്‍ദ്ധിപ്പിയ്ക്കല്‍, റിസ്‌ക്ക് ഒഴിവാക്കല്‍ എന്നീ മൂന്നു തന്ത്രങ്ങളാണാവശ്യം. 

മൂല്യവര്‍ധിത ഉല്പന്ന നിര്‍മാണവും, വൈവിധ്യവല്‍ക്കരണവും

മൂല്യവര്‍ധിത ഉല്പന്ന നിര്‍മാണത്തിനും വൈവിധ്യവല്‍ക്കരണത്തിനും മുന്തിയ പരിഗണന നല്‍കണം. സാങ്കേതിക വളര്‍ച്ച കൈവരിയ്ക്കാന്‍ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള  ശാസ്ത്രീയ വിവരങ്ങള്‍ കര്‍ഷകരിലെത്തിക്കാനുള്ള ടെക്നോളജി ട്രാന്‍സ്ഫറിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഉല്‍പാദനച്ചെലവിന് ആനുപാതികമായി  കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താങ്ങുവില ഉയര്‍ത്തേണ്ടതുണ്ട്.

വായ്പ ഉദാരമാക്കുന്നതോടൊപ്പം ആസ്തി രൂപപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കണം. കൂടുതല്‍ ലാഭം പ്രദാനം ചെയ്യുന്ന High value Agriculture, കൃത്യതാ കൃഷി എന്നിവയ്ക്ക് മുന്തിയ പരിഗണന നല്‍കേണ്ടതാണ്.  വിപണി ലക്ഷ്യമിട്ടുള്ള ഉല്‍പാദന പ്രക്രീയയിലൂടെ മാത്രമെ വരുമാനം വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിക്കൂ!നിലവിലുള്ള ഉല്‍പാദനവും,  ആവശ്യമായ ഉല്‍പാദനവും തമ്മിലുള്ള വന്‍ അന്തരം നിലനില്‍ക്കുന്നു. ഉല്പാദനക്ഷമത പരമാവധി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

Marayoor agriculture കാര്‍ഷികോല്പന്നങ്ങളുടെ താങ്ങുവിലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലയളവില്‍ 4% വാര്‍ഷിക വളര്‍ച്ച മാത്രമെ കൈവരിച്ചിട്ടുള്ളൂ. കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവ് കര്‍ഷകര്‍ക്ക് ദോഷകരവും ഉപഭോക്താക്കള്‍ക്ക് ഗുണകരവുമാകുന്നു.  ഉയര്‍ന്ന വരുമാനക്കാര്‍ക്ക് ഉല്പാദനച്ചെലവിലും കുറഞ്ഞ വിലയ്ക്ക് കര്‍ഷകര്‍ വിറ്റഴിക്കേണ്ടി വരുന്നു.  അതിനാല്‍ താങ്ങുവിലയില്‍  10-15% വാര്‍ഷിക വര്‍ധനവ് ആവശ്യമാണ്. 

കുറയുന്ന കൃഷിഭൂമിയുടെ വിസ്തൃതി, തുണ്ടുവല്‍ക്കരണം എന്നിവ കൃഷിയെ ബാധിക്കുന്നു.  കൃഷിയ്ക്കാവശ്യമായ Optimum land holding, ലാഭകരമായി നടത്താവുന്ന  സുസ്ഥിര  കൃഷിയ്ക്കുള്ള യൂണിറ്റ് വലിപ്പം എന്നിവയെകുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. ചെറുകിട കൃഷിയ്ക്കാവശ്യമായ സഥല വിസ്തൃതിയെക്കുറിച്ചും വ്യക്തമായി നിര്‍വചിക്കേണ്ടതുണ്ട്.  

ജലദൗര്‍ലഭ്യം കൃഷിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. വെള്ളത്തിന്റെ
ദുരുപയോഗവും കാര്‍ഷിക മേഖലയില്‍ ദൃശ്യമാണ്. ജലത്തിന്റെ ശരിയായ ഉപയോഗത്തിനാവശ്യമായ  ബോധവല്‍ക്കരണം ആവശ്യമാണ്. 

കാര്‍ഷിക മേഖലയില്‍ വായ്പ കൂടുതലായി അനുവദിക്കണമെന്ന് പ്രഖ്യാപിക്കുമ്പോഴും നബാര്‍ഡിന്റെ കേന്ദ്ര ഗവണ്‍മെന്റിന്റെ റിഫൈനാന്‍സ് 40 ശതമാനമായി കുറഞ്ഞിട്ടുണ്ട്.  വായ്പ തുകയിലും, സേവനങ്ങളിലും കാലോചിതമായ മാറ്റം ആവശ്യമാണ്.  യന്ത്രവല്‍ക്കരണം വിപുലപ്പെട്ടു വരുമ്പോള്‍ ഉല്‍പ്പാദനച്ചെലവ് 40% ത്തോളം കുറയ്ക്കാം.  

agricultureജലസേചനത്തില്‍ ഊന്നിയുള്ള കാര്‍ഷികോല്പാദനത്തില്‍ മഴയെ അടിസ്ഥാനമാക്കിയുള്ള Rainfed Agriculture, ജലസേചനം ഉറപ്പുവരുത്തിയുള്ള Irrigated Agriculture എന്നിവയില്‍ കൂടുതല്‍ ശാസ്ത്രീയത ഉറപ്പു വരുത്തണം.
വിപണി അധിഷ്ഠിത  ഉല്പാദനം, വിപണി അധിഷ്ഠിതമായ ഉല്പാദനപ്രക്രിയ അനുവര്‍ത്തിക്കണം.

ഇ-വിപണി, ഓണ്‍ലൈന്‍ വിപണി എന്നിവയില്‍ ഉദാരസമീപനം ആവശ്യമാണ്. വിവര സാങ്കേതിക വിദ്യ അനുവര്‍ത്തിച്ചുള്ള ICT Deliverables ലൂടെ പുതിയ സംരംഭങ്ങള്‍ രൂപപ്പെടുത്തിയെടുക്കാം.

ഭക്ഷ്യവിപണിയില്‍ സംഭരണം, മൂല്യ വര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, സംസ്‌കരണം എന്നിവ വളര്‍ച്ച കൈവരിക്കുമ്പോള്‍ റീട്ടെയില്‍ രംഗത്തെ സാധ്യതകള്‍  പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.  

കാര്‍ഷിക അനുബന്ധ മേഖലകളായ ക്ഷീര വികസനം, പൗള്‍ട്രി ഫാമിംഗ്, ആടു വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, മത്സ്യം വളര്‍ത്തല്‍ എന്നിവയില്‍ Gross capital formation  വളരെ കൂടുതലാണ്. ജന്തുജന്യ പ്രോട്ടീന്‍ ഉല്‍പാദനം പ്രോട്ടീന്‍ ന്യൂനത എളുപ്പത്തില്‍ പരിഹരിക്കാൻ ഇടവരുത്തും.

രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ കാര്‍ഷിക മേഖലയുടെ വിഹിതം  14.1 ശതമാനമാണ്.  രാജ്യത്തെ 55-60% പേര്‍ തൊഴില്‍ ചെയ്യുന്ന മേഖല കൂടിയാണിത്. കാര്‍ഷിക  വരുമാനവുമായി താരതമ്യപ്പെടുത്തിയാല്‍  ഇതൊരു  സുസ്ഥിര മോഡലല്ല. കാര്‍ഷികോല്‍പന്നങ്ങളുടെ വിലയില്‍  കാര്യമായ വര്‍ദ്ധനവുണ്ടാകുന്നില്ല.  ഇത് Food inflation ന് വഴിയൊരുക്കുന്നു.  

കാര്‍ഷിക മേഖലയില്‍ വരുമാന വര്‍ദ്ധനവും, ഉല്‍പാദനവും ഉറപ്പുവരുത്താന്‍ വിവിധ മേഖലകളെ സമന്വയിപ്പിച്ചുള്ള സംയോജിത രീതികള്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്.

ജൈവകൃഷിയ്ക്ക് പ്രാധാന്യമേറുമ്പോള്‍ കീടനാശിനികളുടെയും ആന്റിബയോട്ടിക്കുകളുടെയും ഉപയോഗം കുറച്ചുള്ള Safe to eat ഉല്‍പന്നങ്ങള്‍ക്ക് സാധ്യതയേറെയുണ്ട്.  

ഇതിനായി ഇന്നവേഷന്‍, ടെക്നോളജി ഇന്‍ക്യുബേഷന്‍, സംരംഭകത്വം എന്നിവ  പ്രോത്സാഹിപ്പിക്കണം. Startup Village, Agrismart village പ്രൊജക്ടുകള്‍ അനുവര്‍ത്തിയ്ക്കുന്നത് മൂല്യവര്‍ദ്ധിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍  പ്രശ്നാധിഷ്ഠിത സമീപനം കൂടിയേ തീരൂ !

( വെറ്ററിനറി സര്‍വകലാശാല സംരംഭകത്വ വിഭാഗം ഡയറക്ടറാണ് ലേഖകൻ)