നിത്യേനെയുള്ള യോഗാഭ്യാസം ബീജങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആണ് ഇത് സംബന്ധിച്ച പഠനഫലം പുറത്തുവിട്ടിരിക്കുന്നത്.
ബീജങ്ങളുടെ ആരോഗ്യമില്ലായ്മയാണ് വന്ധ്യതയ്ക്കുളള പ്രധാന കാരണങ്ങളിലൊന്ന് എന്നിരിക്കെ നിത്യവുമുള്ള യോഗയ്ക്ക് ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ജേണലായ നേച്ചര്‍ റിവ്യൂ യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം വിശദീകരിക്കുന്നു. എയിംസിലെ അനാട്ടമി വിഭാഗവും യൂറോളജി ആന്റ് ഗൈനക്കോളജി വിഭാഗവും സംയുക്തമായി ചേര്‍ന്നാണ് പഠനം നടത്തിയിരിക്കുന്നത്.
ശരീരത്തിന്റെ ആന്റി ഓക്‌സിജന്‍ കപ്പാസിറ്റിയും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് ബീജങ്ങളുടെ ഡിഎന്‍എയിലുണ്ടാവുന്ന തകരാറുകള്‍ക്ക് കാരണമാവുന്നത്. ബീജങ്ങളുടെ ഡിഎന്‍യ്ക്ക് തകരാര്‍ സംഭവിച്ചാല്‍ അത് വന്ധ്യത, ഗര്‍ഭഛിദ്രം, ജന്മനാ ഉണ്ടാവുന്ന വൈകല്യങ്ങള്‍ തുടങ്ങിയ പ്രധാന പ്രശ്‌നങ്ങളിലേക്കും നയിക്കുന്നതെന്ന് എയിംസിലെ ലബോറട്ടറി ഓഫ് മോളിക്യുലാര്‍ റിപ്രൊഡക്ഷന്‍ ആന്‍ഡ് ജെനെറ്റിക്‌സ് വിദഗ്ദന്‍ ഡോ. റിമ ദാദ പറയുന്നു.
നിരവധി കാരണങ്ങള്‍ കൊണ്ട് പുരുഷന്മാരില്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ഉണ്ടാവാം. അത് ബാഹ്യവും ആന്തരികവുമാവാം. പോഷകങ്ങളുടെ കുറവ്, അമിതവണ്ണം, അണുബാധ തുടങ്ങിയവ ആന്തരിക കാരണങ്ങള്‍ ആവുമ്പോള്‍ അന്തരീക്ഷ മലിനീകരണം, കീടനാശിനികളുമായുള്ള സമ്പര്‍ക്കം, റേഡിയേഷന്‍, തുടങ്ങിയവ ഇതിനുള്ള ബാഹ്യകാരണങ്ങളാണ്.
എന്നാല്‍ അല്‍പമൊന്ന് കരുതല്‍ സ്വീകരിച്ചാല്‍, ജീവിതശൈലികളില്‍ അല്‍പം മാറ്റം വരുത്തിയാല്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ഉണ്ടാവുന്ന കാരണങ്ങളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കാം. അതിനായി പതിവാക്കാന്‍ കഴിയുന്ന ജീവിത ശൈലിയിലൊന്നാണ് യോഗ.
നിത്യവും യോഗ അഭ്യസിക്കുന്നത് ഈ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ഒഴിവാക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വിശദീകരിക്കുന്നു. സ്‌ട്രെസ് ഒഴിവാക്കുന്നതിനൊപ്പം ബീജങ്ങളുടെ ഡിഎന്‍എയിലുണ്ടാവുന്ന തകരാറുകള്‍ കുറയ്ക്കാനും യോഗയ്ക്ക് കഴിയുമെന്നും അങ്ങനെ യോഗ വന്ധ്യതയ്ക്കും ഒരു പരിധി വരെ പരിഹാരമാവുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി.
200 പുരുഷന്മാരില്‍ ആറ് മാസക്കാലയളവിലാണ് പഠനം നടത്തിയത്. പഠനകാലയളവില്‍ യോഗ പതിവാക്കിയവരില്‍ മാനസിക സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയവ കുറയുകയും ബീജത്തിന്റെ അളവും ആരോഗ്യവും വര്‍ധിച്ചതായി കണ്ടെത്തുകയും ചെയ്തു.