ന്യൂഡല്‍ഹി: ഇന്ത്യയുടെ യോഗ യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍. മനുഷ്യരാശിക്ക് ലഭിച്ച അമൂല്യമായ പൈതൃകപാരമ്പര്യമായാണ് യോഗയെ യുനെസ്‌കോ (യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്.

അമൂല്യമായ പൈതൃക പാരമ്പര്യങ്ങളുടെ സംരക്ഷണത്തിനായുള്ള യുനെസ്‌കോയുടെ അന്താരാഷ്ട്ര സമിതിയിലെ 24 അംഗങ്ങളും തീരുമാനത്തെ ഏകകണ്ഠമായി പിന്തുണച്ചു. സാങ്കേതിക വിദഗ്ധരടങ്ങിയ വിലയിരുത്തല്‍ സമിതിയുടെ തീരുമാനം തള്ളിക്കൊണ്ടാണ് ഈ പിന്തുണയെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

2017ലെ സമിതി യോഗത്തില്‍ യോഗയുടെ കാര്യം പരിഗണിച്ചാല്‍ മതിയെന്നായിരുന്നു വിലയിരുത്തല്‍ സമിതിയുടെ തീരുമാനം. യോഗയ്ക്ക് ലഭിച്ച പൈതൃകപദവി ഇന്ത്യയുടെ നയതന്ത്രവിജയമായാണ് വിലയിരുത്തപ്പെടുന്നത്. ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി 2014 ഡിസംബറില്‍ യു.എന്‍. പ്രഖ്യാപിച്ചിരുന്നു.

വാമൊഴി പാരമ്പര്യം, പുരാതന സമ്പ്രദായം, ശാസ്ത്രീയ ജ്ഞാനം, സമൂഹപ്രവൃത്തി എന്നീ നിലകളിലും ജാതി, മത, വംശ, ലിംഗ, പ്രായ, ദേശീയ വ്യത്യാസമില്ലാതെ സമാധാനം സാധ്യമാക്കുന്നതിലുമുള്ള യോഗയുടെ പങ്ക് പുതിയ പദവിയിലൂടെ ദൃഢമാകുമെന്ന് വികാസ് സ്വരൂപ് പറഞ്ഞു. നവംബര്‍ 28 മുതല്‍ ഡിസംബര്‍ രണ്ടുവരെ എത്യോപ്യയിലെ അഡിസ് അബെബയിലായിരുന്നു അന്താരാഷ്ട്രസമിതിയുടെ യോഗം.