പൃഷ്ഠഭാഗം ഉയര്‍ത്തുന്ന ആസനമായതിനാലാണ് ഇതിനെ ഉത്ഥാന പൃഷ്ഠാസനം എന്ന് പറയുന്നത്.
ചെയ്യുന്ന വിധം
കാല്‍ നീട്ടിയിരിക്കുക. വലതുകാല്‍ മടക്കി തുടയ്ക്കടിയില്‍ ചേര്‍ക്കുക. ഇടതുകാലും ചേര്‍ക്കുക. ഇപ്പോള്‍ വജ്രാസനമായി. കൈമുട്ടുകള്‍ മടക്കി തമ്മില്‍ പിണയ്ക്കുക. വലതുകൈപ്പത്തികൊണ്ട് ഇടതുകൈമുട്ടിനുമേലെയും ഇടതുകൈപ്പത്തി വലതു കൈമുട്ടിനു മേലെയും പിടിക്കണം. കാലുകള്‍ അല്പം അകത്തുക. കാല്‍മുട്ടുകള്‍ നിവര്‍ന്ന് മുന്നോട്ടാഞ്ഞ് കൈകള്‍ മുന്നില്‍ അകലെ നിലത്തു വെയ്ക്കുക. കൈമുട്ടുകള്‍ മാത്രം നിലത്തു മുട്ടും. കാല്‍തുടകള്‍ ഭൂമിക്ക് 45 ഡിഗ്രി ചരിഞ്ഞിരിക്കും.
ശ്വാസം വിട്ടുകൊണ്ട് പിന്നോട്ട്വലിഞ്ഞ് പൃഷ്ഠഭാഗം ഉയര്‍ത്തുക. ഭാരം മുഴുവന്‍ കൈകാല്‍മുട്ടുകളിലായിരിക്കും. നെഞ്ചും താടിയും കൈകള്‍ക്കുള്ളിലായി നിലത്തോടടുപ്പിക്കുക. ശ്വാസമെടുത്തുകൊണ്ട് തിരിച്ചുവരിക.
ഉത്ഥാന പൃഷ്ഠാസനത്തിന്റെ ഗുണങ്ങള്‍
ദോഷഫലങ്ങള്‍ ഒന്നുമില്ലാത്ത ആസനമാണിത്. നട്ടെല്ലിനും നെഞ്ചിനും ഡയഫ്രത്തിനും ഗുണം ചെയ്യും. തോള്‍പ്പലകകളിലെ പിടുത്തം മാറും. കഴുത്തിനു പുറകില്‍ വലിവും സുഖവും കിട്ടും.