ദിവ്യ അലൻ എന്ന 28കാരിയുടെ ഒരുദിവസം ഇതാ ഇങ്ങനെയാണ്. രാവിലെ അഞ്ചുമുതൽ ഏഴു വരെ ലയൺസ് ക്ലബ്ബിൽ യോഗ പരിശീലനം. എട്ടുമുതൽ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിൽ. അവിടെയും യോഗ ടീച്ചർ. വൈകീട്ട് നാലു മുതൽ അഞ്ചുവരെ നാട്യോദയ നൃത്തവിദ്യാലയത്തിലും രാത്രി ഏഴുമുതൽ എട്ടുവരെ വീടിനടുത്തുള്ള കുട്ടികൾക്കും യോഗ തെറാപ്പി-യോഗയിലേക്ക് ഉണർന്ന് യോഗയിൽ തന്നെ ഉറങ്ങുംപോലെ. ഒരുപാട് പ്രതിസന്ധികളും ഒത്തിരി അനിശ്ചിതത്വങ്ങളും ഉണ്ടായിട്ടുണ്ട്, എന്റെ ജീവിതത്തിൽ. എല്ലാത്തിനെയും മറികടക്കാനുള്ള ഊർജം തന്നത് യോഗയാണ്. ഇപ്പോൾ അതെനിക്ക് ജീവിതമാർഗം കൂടിയാണ്.’-ദിവ്യ പറയുന്നു.

പന്ത്രണ്ടാം വയസ്സിൽ ടീച്ചർ

ഏഴു വയസ്സുള്ളപ്പോൾ യോഗ പഠിച്ചുതുടങ്ങിയതാണ് ദിവ്യ. അയ്യന്തോളിലെ വീടിനടുത്തുള്ള ബ്രഹ്മയോഗ എന്ന സ്ഥാപനത്തിലായിരുന്നു പഠനം. അവിടെ ബ്രഹ്മദത്തൻ എന്ന യോഗ ഗുരുവിന്റെ ശിഷ്യയായി. തൃശ്ശൂർ നഗരത്തിലാകെ ബ്രഹ്മയോഗയുടെ ശാഖകൾ പടർന്നപ്പോൾ 12-ാം വയസ്സിൽ ഗുരുവിന്റെ അനുഗ്രഹത്തോടെ ദിവ്യയും യോഗ പഠിപ്പിച്ചുതുടങ്ങി.

നാലു സെന്ററുകളിൽ ക്ലാസെടുത്തിരുന്നു. എന്റെ അഞ്ചും ആറും ഇരട്ടി പ്രായമുള്ളവരെപ്പോലും അന്ന് യോഗ പഠിപ്പിച്ചിട്ടുണ്ട്’-ദിവ്യ ഓർമകളിലേക്ക് ചായുന്നു. ‘കൃത്യമായ യോഗ പരിശീലനം എന്റെ ജീവിതമാകെ മാറ്റി. അടുക്കും ചിട്ടയും വന്നു. പഠിക്കുന്ന കാര്യങ്ങൾ എളുപ്പം ഗ്രഹിക്കാനായി. അക്കാലത്തുണ്ടായിരുന്ന ചില ശാരീരിക ബുദ്ധിമുട്ടുകൾക്കും ശമനമുണ്ടായി. യോഗയെക്കുറിച്ച് കൂടുതൽ കൂടുതൽ അറിയണമെന്ന് മോഹമുണ്ടായി’-ദിവ്യ പറയുന്നു.

യോഗ തെറാപ്പിയിൽ ബിരുദാനന്തര ബിരുദം

ബിരുദപഠനം പൂർത്തിയാക്കിയപ്പോഴേക്കും ദിവ്യയുടെ ജീവിതം യോഗയിൽ മുങ്ങിയിരുന്നു. ബി.എസ്‌സി. ബോട്ടണിയായിരുന്നു. യോഗയിൽത്തന്നെ പി.ജി. എടുക്കണമെന്ന് ഉറപ്പിച്ചിരുന്നു. കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ എം.എസ്‌സി. ഹെൽത്ത് ആൻഡ്‌ യോഗ തെറാപ്പിക്ക്‌ ചേർന്നു. അതൊരു വലിയ അനുഭവമായിരുന്നുവെന്ന് ദിവ്യ പറയുന്നു. ഒന്നാം റാങ്കോടെയാണ് ബിരുദാനന്തര ബിരുദം നേടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യോഗ ചാമ്പ്യൻഷിപ്പുകളിൽ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്.

സ്വാസ്ഥ്യം യോഗയിലൂടെ

പ്രണയവിവാഹമായിരുന്നു ദിവ്യയുടേത്. പ്ലസ് ടുവിന് കൂടെ പഠിച്ച അലൻ ഡേവിഡിനൊപ്പമുള്ള വിവാഹം വീട്ടുകാരുടെ എതിർപ്പിനെ മറികടന്നായിരുന്നു. ആകെ മനോവിഷമവും പിരിമുറുക്കവുമായിരുന്നു അക്കാലത്ത്. പക്ഷേ എല്ലാ ദുഃഖവും കുറയ്ക്കാൻ യോഗ സഹായിച്ചുവെന്ന് ദിവ്യ.
അലൻ വലിയ പിന്തുണ നൽകി. മൂത്തകുട്ടി പിറന്നശേഷം യോഗ ഇൻ ദോഹ എന്ന സ്ഥാപനത്തിൽ യോഗ തെറാപ്പിസ്റ്റായി ദിവ്യ ഖത്തറിലേക്ക് പോയി. നല്ല പ്രതിഫലം കിട്ടിയിരുന്നെങ്കിലും അവിടെ യോഗ കച്ചവടച്ചരക്ക് പോലെയായിരുന്നത് വിഷമമുണ്ടാക്കി. അധികം വൈകാതെ തിരിച്ചെത്തി നാട്ടിൽ യോഗ തെറാപ്പിയും പരിശീലനവും ആരംഭിക്കുകയായിരുന്നു.

യോഗയിലെ ത്രാടക 

ഷോർട്ട് സൈറ്റ് ഉണ്ടായിരുന്നതിനാൽ ചെറിയ പ്രായത്തിലേ ഞാൻ കണ്ണട വച്ചിരുന്നു. യോഗയിലെ ത്രാടക എന്ന ക്രിയ പതിവായി ചെയ്തതോടെ എനിയ്ക്ക് കണ്ണട ഒഴിവാക്കാനായി. ഒരുപാട് പേരുടെ ആത്‌സമ,സ്‌പോണ്ടിലൈറ്റിസ്,തൈറോയ്ഡ് പ്രശ്‌നങ്ങൾക്ക് യോഗാതെറാപ്പിയിലൂടെ ശമനമുണ്ടാക്കാനായി.ഈ വിഷയത്തിൽ ഗവേഷണം ചെയ്യണമെന്നുണ്ട്-ദിവ്യ പറയുന്നു.

അനുഭവം തന്നെ ഗുരു

രണ്ടു കുട്ടികളുടെ അമ്മയാണ് ദിവ്യ -ധ്യാനയുടെയും ജോസിയയുടെയും. ‘രണ്ടും സുഖപ്രസവമായിരുന്നു. ആദ്യത്തെ ഗർഭകാലത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. കൃത്യമായ യോഗ പരിശീലനത്തിലൂടെ സുഖമായി പ്രസവിച്ചു. അനുഭവമാണ്‌ ഗുരു’-ദിവ്യ പറയുന്നു.