Shanmukhiഷൺ എന്നാൽ ആറ്‌ എന്നാണർത്ഥം. ഷണ്മുഖൻ എന്നാൽ ആറുമുഖമുള്ള സുബ്രഹ്മണ്യൻ, കാർത്തികേയൻ ഇത്‌ ആസനമാണെങ്കിലും മുദ്രകളിലുംപെടും. ഇതിനു പല പേരുകളുണ്ട്‌. പരാങ്‌മുഖിമുദ്ര, അതായത്‌ ഉള്ളോട്ടുനോക്കുന്നത്‌. ശാംഭവിമുദ്ര, അതായത്‌ ശംഭു (ശിവൻ, ഷണ്മുഖന്റെ അച്ഛൻ) വിന്റെ മകന്റെ മുദ്ര. യോനി (ഉത്സഭവസ്ഥാനം) മുദ്ര അതായത്‌ ഉള്ളോട്ട്‌, ഉത്ഭവസ്ഥാനത്തേക്കുനയിക്കുന്ന മുദ്ര.

ചെയ്യുന്നവിധം

പത്മാസനത്തിൽ ഇരിക്കുക, നട്ടെല്ലു നിവർന്നിരിക്കണം. കൈകൾ മടക്കി ഉയർത്തി പെരുവിരലുകൾകൊണ്ട്‌ അതത്‌ ചെവിയുടെ ദ്വാരം അടയ്ക്കുക. കൈത്തണ്ടകൾ ഭൂമിക്കു സമാന്തരവും ചുമലിനുനേരെയുമാവണം. ചൂണ്ടുവിരലും നടുവിരലുംകൊണ്ട്‌ കണ്ണുകൾ മൂടണം. മോതിരവിരലുകളാൽ മൂക്കടയ്ക്കണം.

ചെറുവിരലുകൾ മേൽച്ചുണ്ടിൽ ചേർക്കണം. ശ്വാസത്തെ ആഴത്തിലും ദീർഘവും താളത്തിലും ആക്കാൻ കൈകളുടെ അടപ്പ്‌ സഹായിക്കും. അന്തർദൃഷ്ടി നൽകാൻ ചെവിയും കണ്ണും അടയ്ക്കുമ്പോൾ സൗകര്യപ്പെടും. ഈ അവസ്ഥയിൽ സാധിക്കുന്നത്ര സമയം തുടരാം.
ഗുണങ്ങൾ

ഇന്ദ്രിയങ്ങളെ പുറത്തേക്കു പോകുന്നതിൽനിന്നും തടഞ്ഞ്‌ അകത്തേക്ക്‌ തിരിക്കാൻ ഈ മുദ്ര സഹായിക്കും. ആന്തരികമായ ശാന്തത അനുഭവപ്പെടും. അഷ്ടാംഗയോഗത്തിലെ അഞ്ചാമത്തെ അംഗം, പ്രത്യാഹാരം, അനുഭവിക്കാൻ അവസരമുണ്ടാവും. ഏകാഗ്രത കൂടുമ്പോൾ വിചിത്രമായ ശബ്ദങ്ങളും കാഴ്ചകളും അനുഭൂതമാവുമെന്ന്‌ ശാസ്ത്രം പറയുന്നു.