പല സുപ്രധാനകാര്യങ്ങളും അത്യാവശ്യഘട്ടങ്ങളില്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതെ ചിലപ്പോള്‍ നമ്മള്‍ ബുദ്ധിമുട്ടാറുണ്ട്. പരീക്ഷയ്ക്കും മത്സരപ്പരീക്ഷകള്‍ക്കും ഊണും ഉറക്കവുമില്ലാതെ പഠിച്ച് ഉത്തരമെഴുതാന്‍ തുടങ്ങുമ്പോളായിരിക്കും പലപ്പോഴും ഇത്തരത്തിലുള്ള മറവി സംഭവിക്കുക.  

മാനസികസംഘര്‍ഷങ്ങളും ലക്ഷ്യം നേടിയെടുക്കാനാകുമോയെന്ന ആശങ്കകളുമാണ് പലപ്പോഴും ഇത്തരത്തിലുള്ള അവസ്ഥയ്ക്കിടയാക്കാറ്. എന്നാല്‍, ശ്വാസോച്ഛ്വാസത്തില്‍ ചില മാറ്റങ്ങള് വരുത്തിയാല്‍  പെട്ടെന്നുള്ള ഈ മറവിയെ മറികടക്കാമെന്നാണ് ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍.

ജീവിതത്തിരക്കിനിടെ താളക്രമത്തിലുള്ള ശ്വാസോച്ഛ്വാസംപോലും മറക്കുന്നതാണ് ഇത്തരം മറവികള്‍ക്കു കാരണമാകുന്നതെന്ന് പഠനത്തിനു നേതൃത്വംനല്‍കിയ അസിസ്റ്റന്റ് പ്രൊഫസര്‍ ക്രിസ്റ്റീന സെലോന പറഞ്ഞു. കൃത്യമായ താളക്രമത്തിലുള്ള ശ്വാസോച്ഛ്വാസംമൂലം തലച്ചോറിലെ  ഇലക്ട്രിക് ചാര്‍ജ് വര്‍ധിക്കുന്നത് ഓര്‍മശക്തി കൂട്ടുന്നതായാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍.

മാനസികസംഘര്‍ഷം അനുഭവപ്പെടുമ്പോള്‍ ശ്വാസോച്ഛ്വാസം വേഗത്തിലാവുന്നതും തലച്ചോറിലെ ഇലക്ട്രിക് ചാര്‍ജില്‍ വ്യതിയാനം സംഭവിക്കുന്നതുമാണ് പെട്ടെന്നുള്ള മറവിക്കു കാരണമാകുന്നത്.   ഇത്തരം സന്ദര്‍ഭങ്ങളില്‍  ദീര്‍ഘശ്വാസമെടുത്ത്, ശ്വസനം താളക്രമത്തിലാക്കിയാല്‍ മാനസികസംഘര്‍ഷങ്ങളെ വരുതിയിലാക്കാനാകും. അതുവഴി പരീക്ഷകള്‍ക്കായി പഠിച്ച കാര്യങ്ങള്‍  ഓര്‍ത്തെടുക്കാമെന്നും ഉയര്‍ന്ന മാര്‍ക്ക് നേടാനാകുമെന്നുമാണ് ക്രിസ്റ്റീനയുടെയും സംഘത്തിന്റെയും കണ്ടെത്തല്‍.