അധോമുഖമെന്നാൽ മുഖം താഴോട്ടാക്കിയിട്ട്‌ എന്നർത്ഥം. ശ്വാനനെന്നാൽ നായ തലകുനിഞ്ഞ്‌ പൃഷ്ഠഭാഗം ഉയർത്തി മുൻകാലിൽ വലിഞ്ഞു നിൽക്കുന്ന ഒരു നായയുടെ രൂപം ഈ ആസനത്തിനുണ്ട്‌. സൂര്യനമസ്കാരത്തിൽ ഈ ആസനം വരുന്നുണ്ട്‌.

ചെയ്യുന്നവിധം:
കമിഴ്‌ന്നു കിടക്കുക. കാലുകൾ ഒരടി അകലത്തിലാണ്‌. കൈപ്പത്തികൾ നെഞ്ചിന്‌ ഇരുവശങ്ങളിലായി നിലത്ത്‌ പതിച്ചുവയ്ക്കുക. ശ്വാസം വിട്ടുകൊണ്ട്‌ ശരീരം ഉയർത്തി മറിച്ചിട്ട്‌ 'വി'ആകൃതിയിലാക്കുക. കൈകളും കാലുകളും മുട്ടു നിവർത്തി വലിഞ്ഞിരിക്കണം. കാൽപ്പത്തികൾ നിലത്ത്‌ പതിഞ്ഞിരിക്കണം. തലയുടെ ഉച്ചി നിലത്ത്‌ പതിച്ചുവയ്ക്കണം. 20-30 സെക്കൻഡ്‌ അവിടെ നില നിന്നശേഷം തിരിച്ചുവരിക.

ഗുണങ്ങൾ:
ദേഹം തളർന്ന്‌ ക്ഷീണിച്ച സമയത്ത്‌ അൽപ്പസമയം ഈ ആസനത്തിൽ നിന്നാൽ ക്ഷീണം മാറും. ഊർജസ്വലത വീണ്ടുകിട്ടും. പ്രത്യേകിച്ച്‌, കായിക മത്സരത്തിലെ ഓട്ടക്കാർക്ക്‌ ഇത്‌ വളരെ പ്രയോജനപ്രദമാണ്‌. സന്ധിവേദനയ്ക്ക്‌ ആശ്വാസം നൽകും. ഉദരപേശികൾക്കും നട്ടെല്ലിനും വലിവും വഴക്കവും നൽകും. ശീർഷാസനത്തിന്റെ ഒരു ഫലം ഇതുകൊണ്ട്‌ കിട്ടുന്നുണ്ട്‌. അതുകൊണ്ട്‌, ശീർഷാസനം ചെയ്യാൻ പേടിയുള്ളവർക്ക്‌ ഇത്‌ ചെയ്യാവുന്നതാണ്‌.