കോഴിക്കോട്: കാൻസർ ദിനാചരണത്തിന്റെ ഭാഗമായി ആസ്റ്റർ മിംസ് ആശുപത്രി റെസിഡന്റ്സ് അസോസിയേഷനുകൾക്കായി ഹരിത ആരോഗ്യഭവനം പദ്ധതി തുടങ്ങി.
കോവിഡ് 19 ന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കാൻസറിനെതിരായ പതിവ് ബോധവത്‌ക്കരണ പരിപാടികൾ എന്നതിൽ നിന്ന് മാറി ക്രിയാത്മകമായി ഏത് രീതിയിൽ കാൻസർ പ്രതിരോധ പ്രവർത്തനം വ്യാപകമാക്കാം എന്ന ആശയത്തിന്റെ ഭാഗമായാണ് കോഴിക്കോട് കോർപ്പറേഷൻ കേന്ദ്രീകരിച്ച് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്.
ഹരിത കേരള മിഷൻ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, നിറവ് ഓർഗാനിക് വില്ലേജ്, പൊട്ടാഫോ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി.
കോഴിക്കോട് കോർപ്പറേഷനിലെ റസിഡൻഷ്യൽ അസോസിയേഷനുകൾക്ക് ഈ നൂറ് ദിന കർമ്മ പദ്ധതിയിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്ന റസിഡന്റ് അസോസിയേഷനുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ വിശദമായ പഠനക്ലാസ് നൽകും. ഓരോ റസിഡൻസ് അസോസിയേഷനുകളിലെയും വീടുകളിൽ നടപ്പിലാക്കേണ്ട ഹരിതവത്‌ക്കരണ പദ്ധതികൾ, മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ, വീട്ടിൽ തന്നെ കൃഷി ചെയ്യാവുന്ന പച്ചക്കറികളെക്കുറിച്ചുള്ള അറിവുകളും അതിനായുള്ള സഹായങ്ങളും, ഓരോ റസിഡൻസ് അസോസിയേഷൻ കേന്ദ്രീകരിച്ച് ജീവൻ രക്ഷാസേന രൂപീകരിക്കാനുള്ള ക്ലാസുകളും സഹായങ്ങളും കുഞ്ഞുങ്ങൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവർക്കായുള്ള പ്രത്യേക ആരോഗ്യ ക്ലാസുകൾ, അടിസ്ഥാന ജീവൻരക്ഷാ മാർഗങ്ങളിലുള്ള ക്ലാസുകൾ തുടങ്ങിയവ ഉൾപ്പടെ വിവിധ ഘട്ടങ്ങളിലായി ഓരോ റസിഡൻസ് അസോസിയേഷനുകളിലും നടപ്പിലാക്കും.
ഇത്തരം മാർഗനിർദേശങ്ങളും അവബോധ ക്ലാസുകളുമെല്ലാം പൂർത്തിയാക്കിയ ശേഷം നിശ്ചിത സമയപരിധിക്കുള്ളിൽ വിദഗ്ധ സമിതി അംഗങ്ങൾ ഓരോ റസിഡൻസ് അസോസിയേഷനുകളും സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. ഏറ്റവും മികച്ചരീതിയിൽ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ റസിഡൻസ് അസോസിയേഷന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനത്ത് 50,000 രൂപയും മൂന്നാം സ്ഥാനത്തിന് 25,000, രൂപയും സമ്മാനമായി ലഭിക്കും. ഏറ്റവും മികച്ച രീതിയിൽ പദ്ധതി നടപ്പിലാക്കിയിരിക്കുന്ന പത്ത് വീടുകൾക്ക് 10,000 രൂപ വീതം ലഭിക്കും.
കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സി.ഇ.ഒ. ഫർഹാസിൻ യാസിൻ അധ്യക്ഷനായി. കൗൺസലർ ഡോ. പി.എൻ. അജിത, ഡോ. ഇ.കെ. സുരേഷ് കുമാർ, ഡോ. കെ.വി. ഗംഗാധരൻ, ഡോ. മോഹൻദാസ് നായർ, ബാബു പറമ്പത്ത്, ഡോ. എം.പി. അനൂപ് , ഡോ. എം.ആർ. കേശവൻ, സി.പി.എം. ഷറഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
Content Highlights:World Cancer Day 2021, Haritha Arogya Bavanam project by Aster Mims Kozhikode,Health