പ്രസവ ശേഷമുള്ള ആദ്യ ആഴ്ചകളിൽ വളരെ സൂക്ഷ്മതയോടെ സ്ത്രീയുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വിശ്രമം, പ്രസവശേഷം ശരീരം പൂർവ സ്ഥിതിയിലേക്കെത്താനും മുലപ്പാലിന്റെ അളവും ഗുണവും ഉറപ്പുവരുത്താനും സഹായിക്കുന്ന പ്രസവരക്ഷ മരുന്നുകളുടെ ഉപയോഗം എന്നിവയോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് പ്രസവശേഷമുള്ള മരുന്നുകുളി /വേതുകുളി.

മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത പക്ഷം ഒരു ഡോക്ടറുടെ നിർദേശപ്രകാരം, സുഖപ്രസവമാണെങ്കിൽ അഞ്ചാം ദിവസം മുതലും സിസേറിയനാണെങ്കിൽ പത്തു ദിവസത്തിന് ശേഷവും (ചിലരിൽ രണ്ട് ആഴ്ചയ്ക്ക് ശേഷം ) വേതുകുളി ആരംഭിക്കാവുന്നതാണ്. 14 മുതൽ 28 ദിവസം വരെ ഇത് തുടരാം.

ശരീരത്തിൽ തൈലം/കുഴമ്പ് പുരട്ടി (സിസേറിയൻ മുറിവ് ഭാഗം ഒഴിവാക്കി ), വേതുവെള്ളം സഹിക്കാവുന്ന ചൂടിൽ പുറമെ ഒഴിച്ച് കുളിപ്പിക്കാം. ധാന്വന്തരം കുഴമ്പ്, മുക്കൂട്ട് തുടങ്ങിയവയാണ് ഏറിയ കൂറും പ്രചാരത്തിൽ ഉള്ള തൈലങ്ങൾ. കാലാവസ്ഥ, അമ്മയുടെ ശരീര പ്രകൃതി, ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കനുസരിച്ച് തൈലം നിശ്ചയിക്കുന്നത് കൂടുതൽ ഗുണകരമായിരിക്കും.

കുളിക്കാനുള്ള വെള്ളം /വേത് വെള്ളം

തലേദിവസം യുക്തമായ ഔഷധങ്ങൾ (ഉദാ: നാല്പാമരപ്പട്ട, ദശമൂലചൂർണം മുതലായവ) ഇട്ട് തിളപ്പിച്ച വെള്ളം പിറ്റേന്ന് ചൂടാക്കി സഹിക്കാവുന്ന ചൂടിൽ കുളിക്കാനുപയോഗിക്കാം (താങ്ങാവുന്നതിലും അധികം ചൂടിൽ വെള്ളം ഉപയോഗിക്കുന്ന രീതി പലയിടത്തും പ്രചാരത്തിലുണ്ട്, ഇത് ഒഴിവാക്കുക.)

എണ്ണ മെഴുക്കു കളയാൻ ചെറുപയർ പൊടി/കടലമാവ് /മൃദുവായ സോപ്പ് എന്നിവ ഉപയോഗിക്കാം.

തലയിൽ ഒഴിക്കാനുള്ള വെള്ളം ഉണക്കനെല്ലിക്ക, രാമച്ചം, ചന്ദനം മുതലായവയിട്ട് തിളപ്പിച്ചാറിയതിന് (തണുത്തതിന്)ശേഷം വേണം ഉപയോഗിക്കാൻ. ശേഷം നിറുകയിൽ രാസ്നാദി ചൂർണം തിരുമ്മുന്നത് നീരിറക്കം വരുന്നത് തടയാൻ സഹായകമാകും.

പ്രസവിച്ച സ്ത്രീയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉള്ള പക്ഷം ആ ദിവസം വേതുകുളി ഒഴിവാക്കാവുന്നതാണ്.

ശരിയായ രീതിയിൽ വൈദ്യനിർദേശപ്രകാരം അനുവർത്തിക്കുന്ന വേതുകുളി പ്രസവക്ലേശത്തിൽ നിന്നും, നടുവേദന, നീർക്കെട്ട് തുടങ്ങിയവ അകറ്റാനും സ്ത്രീയുടെ പ്രസവാനന്തര ആരോഗ്യം ഉറപ്പുവരുത്താനും സഹായിക്കും.

(കൂറ്റനാട് അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിലെ പ്രസൂതി തന്ത്രം & സ്ത്രീരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights:What is Vethu Kuli in ayurveda after delivery how to use it, Ayurveda, Health, Preganacy