വിവാഹം കഴിഞ്ഞാൽ ഉടൻ ഗർഭം ധരിക്കുക എന്ന മുൻകാല സങ്കല്പങ്ങളിൽ നിന്നും നമ്മുടെ സമൂഹം മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. സാമ്പത്തികവും തൊഴിൽപരവുമായുമുള്ള തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ദമ്പതികളിൽ ഭൂരിഭാഗം പേരും ഇന്ന് ഗർഭധാരണത്തിന് തയ്യാറാകുന്നത്. ഇതിനൊപ്പം തന്നെ നമ്മൾ പ്രാധാന്യം നൽകേണ്ട ഒന്നാണ് ശാരീരികമായും മാനസികമായുമുള്ള തയ്യാറെടുപ്പുകൾ.

തയ്യാറെടുപ്പുകൾ എപ്പോൾ തുടങ്ങണം
മൂന്നു മാസക്കാലം മുൻപ് തന്നെ ശാരീരിക തയ്യാറെടുപ്പുകൾ തുടങ്ങാം. കൃത്യമായ മാസമുറ ഉണ്ടാകുന്നു എന്നത് തന്നെ പ്രത്യുത്‌പാദനശേഷിയുടെ ഒരു ലക്ഷണമായി കണക്കാക്കാം. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർ ചെറിയ രീതിയിലുള്ള ശരീരശോധന ക്രിയകൾക്ക് വിധേയരാകുകയും (ആവശ്യമെങ്കിൽ മാത്രം) ഔഷധങ്ങൾ സേവിക്കുകയും ആഹാരം ക്രമപ്പെടുത്തുകയും വ്യായാമം ഉറപ്പുവരുത്തുകയും ചെയ്താൽ മതിയാകും. കഷായവസ്തി, സ്നേഹവസ്തി തുടങ്ങിയ ചികിത്സാരീതികൾ വളരെ ഫലപ്രദമായി ഇതിനായി ഉപയോഗിക്കാവുന്നതാണ്.

30 വയസിനു മുകളിൽപ്രായമുള്ളവർ
പ്രായം കൂടുതൽ ഉള്ളവർ (30 വയസിനു മുകളിൽ ) ഗർഭധാരണത്തിന് തയ്യാറെടുക്കുമ്പോൾ കുറച്ചുകൂടി ചിട്ടയായ ശരീര ശോധന ക്രിയകൾ ചെയ്യുന്നതാകും ഉത്തമം. പാരമ്പര്യമായി എന്തെങ്കിലും അസുഖം ഉള്ളവരോ മുൻപ് തന്നെ എന്തെങ്കിലും അസുഖത്തിനു മരുന്ന് കഴിക്കുന്നവരോ ആണെങ്കിൽ അതിനു കൂടി പ്രയോജനകരമാകുന്ന ചികിത്സാരീതികൾ ആയിരിക്കും ഉപയോഗിക്കേണ്ടി വരിക.

ഉദാഹരണത്തിന് പ്രമേഹമുള്ള സ്ത്രീ ആ അവസ്ഥയിൽ തന്നെ ഗർഭം ധരിക്കുകയാണെങ്കിൽ ഗർഭസ്ഥ ശിശുവിന് അത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുപോലെതന്നെ പി.സി.ഒ.ഡി. ഉള്ളവർക്ക് ഗർഭകാലഘട്ടത്തിൽ പല തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകുന്നതായി കണ്ടുവരാറുണ്ട്. ഈ പറഞ്ഞ സാഹചര്യങ്ങളെയൊക്കെ തന്നെ കൃത്യമായ തയ്യാറെടുപ്പുകളിലൂടെ (Pre-Conceptional Care )ഒരു പരിധിവരെ ഒഴിവാക്കാവുന്നതേയുള്ളു.

സാമാന്യമായി രക്തത്തിലെ പഞ്ചസാരയുടെ അളവ്, തൈറോയ്‌ഡ് പ്രവർത്തന ക്ഷമത എന്നിവ ഗർഭധാരണത്തിനു മുൻപായി തന്നെ പരിശോധിക്കേണ്ടതുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തവർ ഗർഭധാരണത്തിന് തയ്യാറെടുക്കുന്ന മാസങ്ങളിൽ ആലിന്റെ പൂവ് (ആലിൻ കായ) പാലിൽ അരച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. തിരുതാളി/ചുട്ടിതിരുതാളി പാലിൽ അരച്ച് കഴിക്കുന്നതും പാൽകഷായം ആക്കി ഉപയോഗിക്കുന്നതും അതുപോലെതന്നെ പ്രയോജനപ്രദമാണ്. ഉഴുന്ന് വേവിച്ച് എള്ളെണ്ണ താളിച്ച് കഴിക്കുന്നതും ഫലപ്രദം. ആർത്തവത്തെത്തുടർന്നുള്ള രക്തസ്രാവം നിന്നതിനു ശേഷമുള്ള ഒരാഴ്ച കാലയളവിൽ ആണ് ഇത് ഉപയോഗിക്കേണ്ടത്.
സുകുമാരം നെയ്യ്, ഫലസർപ്പിസ്, കല്യാണകം നെയ്യ്, തുടങ്ങിയവ അവസ്ഥാനുസൃതം വൈദ്യനിർദേശപ്രകാരം മാത്രം സേവിക്കാവുന്നതാണ്.

വിളർച്ച വരാതിരിക്കാനും ആരോഗ്യം നിലനിർത്താനും ഇലക്കറികൾ, ചെറുപയർ സൂപ്പ്, മാതളപ്പഴം, ഈന്തപ്പഴം, കൂവരക്, കറുത്ത മുന്തിരി, കാരെള്ള്, തുടങ്ങിയവ തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

ജീവിതശൈലി രോഗങ്ങൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ പുരുഷന്മാരും ആവശ്യമായ തരത്തിലുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർ ഔഷധസേവയും ആവശ്യമെങ്കിൽ മേല്പറഞ്ഞ പ്രകാരമുള്ള ശരീര ശോധനക്രിയകളോ വൈദ്യനിർദേശപ്രകാരം ശീലിക്കുക.

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. സൂര്യലക്ഷ്മി പി.ബി.
അസിസ്റ്റന്റ് പ്രൊഫസർ
പ്രസൂതി തന്ത്രം & സ്ത്രീ രോഗ വിഭാഗം
അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠം, വാവന്നൂർ, പാലക്കാട്

Content Highlights:want to get pregnant these ayurveda tips will help you Health, Ayurveda,Womens Health,Pre-Conceptional Care