സ്ത്രീകളില്‍ മൂത്രാശയ രോഗങ്ങള്‍ വളരെ സാധാരണമാണ്. കാലാവസ്ഥ മുതല്‍ ശുചിത്വമില്ലായ്മ വരെ മൂത്രാശയ രോഗങ്ങള്‍ക്ക് കാരണമാവാറുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന ആരോഗ്യപ്രശ്നത്തെ കുറിച്ച് കൂടുതല്‍ അറിയാം..

സ്ത്രീകളില്‍ കൂടുതലും പേരും യാത്രക്കിടയില്‍ മൂത്രമൊഴിക്കാന്‍ മടിക്കുന്നവരാണ്. മൂത്രശങ്ക തടുക്കാനായി കഴിയുന്നത്ര സമയം വെള്ളം കുടിക്കാതിരിക്കാനും ഇവര്‍ ശ്രമിക്കും. സ്ത്രീകളില്‍ ഇടയ്ക്കിടയ്ക്ക് മൂത്രത്തില്‍ അണുബാധ ഉണ്ടാകുവാനുള്ള കാരണം ഇതാണ്. എന്നാല്‍ ഇത്തരത്തില്‍ ദീര്‍ഘനേരം മൂത്രം പിടിച്ചുവെയ്ക്കുന്നത് ഗര്‍ഭാശയത്തിലുള്ള അണുബാധയ്ക്ക് കാരണമാവും. 

കൂടാതെ ആര്‍ത്തവകാലത്തു സാനിറ്ററി നാപ്കിന്‍ മാറ്റാതെ ഒരെണ്ണം തന്നെ ദീര്‍ഘനേരം ഉപയോഗിക്കുന്നതും അണുബാധയ്ക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. കിഡ്നിയിലെ സ്റ്റോണും മൂത്രനാളികളില്‍ ഉണ്ടാകുന്ന ടിബിയും അണുബാധയ്ക്കു കാരണമാകാറുണ്ട്.

രോഗലക്ഷണങ്ങള്‍

മൂത്രമൊഴിക്കുമ്പോള്‍ അസഹ്യമായ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍, മൂത്രം  ഒഴിക്കുന്നതിനു മുന്‍പോ ഒഴിച്ചതിനുശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും, അടിവയറ്റില്‍ വേദന, മൂത്രത്തില്‍ പഴുപ്പുണ്ടാകുക, മൂത്രം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വരിക, മൂത്രം കലങ്ങി പോകുകയും രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടാകുകയും, ഇടയ്ക്കിടെ കടുത്ത പനിയും ശരീരം വിറയ്ക്കലും ഉണ്ടാകുകയും ചെയ്യുക തുടങ്ങിയവയെല്ലാം ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ ആണ്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കാണുവാന്‍ മടിക്കരുത്.

രോഗനിര്‍ണയവും ചികിത്സയും 

മൂത്രസഞ്ചിയിലുണ്ടാകുന്ന അണുബാധയും മൂത്രനാളിയിലെ അണുബാധയുമാണ് പ്രധാന മൂത്രാശ രോഗങ്ങള്‍. മൂത്രാശയ  അണുബാധയ്ക്ക് പ്രധാന കാരണം ഇ-കോളി ബാക്ടീരിയയാണ്. മൂത്രസഞ്ചിയില്‍ മാത്രമായി കാണുന്ന അണുബാധകള്‍ക്ക് സിസ്‌റ്റൈറ്റിസ് എന്നാണ് പറയപ്പെടുന്നത്. അണുബാധ ഉള്ളിലേക്കു വ്യാപിക്കുന്നതോടെ വൃക്കകളെ ബാധിക്കുകയും പൈലോനെഫ്രൈറ്റിസ് എന്ന അവസ്ഥയ്ക്കു കാരണമാകുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കാണുകയും മൂത്രപരിശോധന നടത്തുകയും വേണം. ലഘുവായ പരിശോധനയിലൂടെ മിക്കയിനം അണുബാധയും കണ്ടുപിടിക്കുവാന്‍ സാധിക്കും. കൂടുതലായി രോഗനിര്‍ണയം നടത്തേണ്ടപ്പോള്‍ മൂത്രം കള്‍ച്ചര്‍ ചെയ്തു പരിശോധിക്കേണ്ടതായി വരും. 

മൂത്രപരിശോധനയ്ക്കു വേണ്ടി സാമ്പിള്‍ എടുക്കുമ്പോള്‍ ശുചിത്വം പാലിക്കണം. മൂത്രം ഒഴിച്ചുതുടങ്ങി പകുതിയോളമാകുമ്പോഴാണു അണുബാധരഹിതമായ ചെറിയ കുപ്പിയിലേക്കു മൂത്രം എടുക്കേണ്ടത്. ഈ രോഗം ഉള്ളവര്‍ കൃത്യമായ കാലയളവില്‍ ഡോക്ടര്‍ പറയുന്ന സമയം വരെ ആന്റിബയോട്ടിക്സ് കഴിക്കാന്‍ ശ്രദ്ധിക്കണം.

സാധാരണയായി അണുബാധയ്ക്ക് 5-7 ദിവസം വരെ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കേണ്ടിവരും. രോഗം വൃക്കയിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കില്‍ രണ്ടുമൂന്നു ആഴ്ച വരെ ആന്റിബയോട്ടിക്സ് കഴിക്കേണ്ടതായി വരും. മരുന്നു കഴിച്ചു പൂര്‍ണ്ണമായി മാറിയാലും വീണ്ടും വരാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഗര്‍ഭകാലത്ത് മൂത്രാശയ അണുബാധയുണ്ടാകുന്നത് സാധാരണയാണ്. ഹോര്‍മോണ്‍ നിലകളില്‍ ഇടയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ ആണ് ഇതിനു പ്രധാന കാരണം. ഈ സമയത്ത് ഡോക്ടറുടെ ഉപദേശപ്രകാരമേ മരുന്നുകള്‍ കഴിക്കാവൂ. വേണ്ടത്ര വെള്ളം കുടിച്ചും ശരിയായ വിശ്രമവും ആവശ്യമാണ്. 

മുന്‍കരുതല്‍

ധാരാളം വെള്ളം കുടിക്കുകയാണ് മൂത്രാശയ അണുബാധ ഒഴിവാക്കുവാനുള്ള പ്രധാന വഴി. ആര്‍ത്തവസമയത്തു കുറഞ്ഞത് മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും  കുടിച്ചിരിക്കണം. മൂത്രം ഒഴിക്കുവാന്‍ തോന്നിയാല്‍ കൂടുതല്‍ സമയം പിടിച്ചുവയ്ക്കാതിരിക്കുക. യാത്രാവേളയില്‍ ടോയ്ലറ്റില്‍ പോകുവാന്‍ മടി കാണിക്കരുത്. ടോയ്ലറ്റില്‍ പോയ ശേഷം മുന്നില്‍ നിന്നു പിന്നിലേക്കു വെള്ള മൊഴിച്ചു കഴുകുക. സാനിറ്ററി നാപ്കിന്‍ കൃത്യമായ ഇടവേളകളില്‍ മാറ്റുവാന്‍ ശ്രദ്ധിക്കുകയും വേണം. ലൈംഗിക ബന്ധത്തില്‍ ശരിയായ ശുചിത്വം പാലിക്കണം.

Content Highlight: urinary tract infection,  urinary infection, Urinary Infection Treatment, Urinary Infection Symptoms