പുതിയ രോഗങ്ങൾ ഉണ്ടാകുന്നതും അവയുടെ വർധനവും ഒരു പക്ഷേ കാലചക്രത്തിനനുസരിച്ച് ആഹാരത്തിലും ജീവിതരീതിയിലും അന്തരീക്ഷത്തിലുമൊക്കെ വന്ന മാറ്റങ്ങൾ കൊണ്ടാകാം. സ്ത്രീരോഗങ്ങളുടെ കാര്യത്തിലും ഒട്ടും വ്യത്യസ്തമല്ല. ഗർഭാശയസംബന്ധമായ രോഗങ്ങളുടെ കണക്ക് അത് തെളിയിക്കുന്നുമുണ്ട്.

പ്രജനനക്ഷമതയുള്ള പ്രായത്തിൽ സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് എൻഡോമെട്രിയോസിസ്. ഗർഭാശയത്തിന്റെ അകത്തെ പാളിയാണ് എൻഡോമെട്രിയം. ഈ കോശങ്ങൾ ഗർഭാശയത്തിന്റെ വെളിയിൽ കാണപ്പെടുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. അണ്ഡാശയത്തിലാണ് ഈ രോഗാവസ്ഥ സാധാരണയായി കണ്ടുവരുന്നത്. അണ്ഡവാഹിനികുഴലുകൾ, ഗർഭാശയത്തിന്റെ സമീപത്തായിട്ടുള്ള പലയിടങ്ങൾ, അതുപോലെ തന്നെ കുടൽ, മൂത്രസഞ്ചി, യോനിഭാഗം എന്നിവിടങ്ങളിലും അപൂർവ്വമായിട്ട് ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിലും ഈ രോഗം വരാം.

എൻഡോമെട്രിയോസിസ് സ്ഥിരീകരിക്കപ്പെട്ട എല്ലാവരിലും ഒരേ പോലെയുള്ള അസ്വസ്ഥതകൾ കാണണമെന്നില്ല. മാസമുറ സമയത്തുണ്ടാകുന്ന അമിതമായ വേദന, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ അനുഭവപ്പെടുന്ന വേദന, വസ്തി പ്രദേശത്തുള്ള വേദന, മലമൂത്ര വിസർജ്ജന സമയത്തുള്ള വേദന എന്നിങ്ങനെയുള്ള പലതരം ലക്ഷണങ്ങൾ രോഗിയിൽ കണ്ടേക്കാം. ചിലരിൽ രക്തസ്രാവത്തിന് മുന്നോടിയായി വേദന വന്നുതുടങ്ങുകയും ആർത്തവക്കാലത്തുടനീളം ഈ വേദന നീണ്ടുനിൽക്കുന്നതായും കാണാം. ചിലരിൽ രക്തസ്രാവം തെറ്റി വരാം. എൻഡോമെട്രിയോസിസ് ഉള്ള ഒട്ടുമിക്ക സ്ത്രീകളിൽ വന്ധ്യതയും സാധാരണയായി കാണപ്പെടുന്നു. രോഗാവസ്ഥ കാണുന്ന അവയവത്തിനനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസം വരാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ആർത്തവക്കാലത്ത് ശരീരത്തിനനുയോജ്യമായ രീതിയിൽ കാര്യങ്ങളെ ചിട്ടപ്പെടുത്താൻ ശ്രമിക്കുക.
  • മലമൂത്രവിസർജനത്തിനു തോന്നുമ്പോൾ അതു തടഞ്ഞുവയ്ക്കാതിരിക്കുക.
  • പുളിപ്പിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ, ധാരാളം എരിവടങ്ങിയ ആഹാരം, കഴിച്ചയുടനെ തന്നെ വളരെ ദാഹം ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എന്നിവ പരമാവധി കുറയ്ക്കാം.
  • വൻപയർ, കടല, പരിപ്പ്, ഗ്രീൻപീസ്, മുതിര, തൈര്, മത്സ്യം തുടങ്ങിയവയും കുറയ്ക്കാം.
  • ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • മലബന്ധമുണ്ടാകാത്ത രീതിയിലുള്ള ഭക്ഷണക്രമം ശീലിക്കുക.
  • ആർത്തവക്കാലത്തൊഴികെയുള്ള ദിവസങ്ങളിൽ ശരീരബലത്തിനനുസരിച്ച് നടത്തം പോലുള്ള ലഘുവ്യായാമം ചെയ്യുന്നത് നല്ലതാണ്. നന്നേ രക്തസ്രാവമുള്ള ദിവസങ്ങളിൽ ഓടുക, ചാടുക, നൃത്തം ചെയ്യുക, അതുപോലെ ആയാസമുണ്ടാക്കുന്ന മറ്റു കാര്യങ്ങളും ഒഴിവാക്കുന്നത് നന്നാവും.
  • ആഹാരക്രമം കൊണ്ടും ജീവിതശൈലി കൊണ്ടും ആർത്തവചക്രം ആരോഗ്യപരമായി കൊണ്ടുപോകാൻ എല്ലായ്പ്പോഴും ശ്രമിക്കുക. ജനിതകപരമായി സാധ്യതയുള്ളവരും വീണ്ടും വീണ്ടും ഇത്തരം രോഗാവസ്ഥകൾ വന്നുപെടുന്നവരും ഇക്കാര്യങ്ങളിൽ നന്നേ ശ്രദ്ധിക്കണം.

ഇത്തരം ലക്ഷണങ്ങളുള്ളവർക്കും പരിശോധനകളിൽ രോഗം സ്ഥിരീകരിച്ചവർക്കും വൈദ്യനിർദേശപ്രകാരം രോഗാവസ്ഥയ്ക്കനുസരിച്ച് ആയുർവേദ ചികിത്സ ചെയ്യാവുന്നതാണ്. രോഗതീവ്രതയ്ക്കനുസൃതമായി ഔഷധസേവയോ, വിരേചനം, വസ്തി തുടങ്ങിയ ചികിൽസകളിലേതെങ്കിലുമോ പ്രയോജനപ്പെടുത്താവുന്നതാണ്. മാസമുറയോടനുബന്ധിച്ചിട്ടുള്ള വേദനയും മറ്റു അസ്വസ്ഥതകളും കുറയ്ക്കാനും, മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കാനും, ഗർഭധാരണത്തിനുള്ള സാധ്യത കൂട്ടാനും ആയുർവേദ ചികിത്സ സഹായിക്കും.

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ജീന അരവിന്ദ് യു.
അസോസിയേറ്റ് പ്രൊഫസർ & എച്ച്.ഒ.ഡി.
പ്രസൂതിതന്ത്ര & സ്ത്രീരോഗ വിഭാഗം
അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠം, വാവന്നൂർ, പാലക്കാട്

Content Highlights:try these ayurvedic remedies can control Endometriosis,Health, Ayurveda, Womens Health