ല്ലത്തു നിന്ന് പുറപ്പെട്ടു എന്നാല്‍ അമ്മാത്തൊട്ട് എത്തിയതുമില്ല എന്ന അവസ്ഥയാണ് കൗമാരക്കാലം. കുട്ടിയാണോ? അല്ല, എന്നാല്‍ മുതിര്‍ന്ന ആളായോ ? അതുമില്ല. ഈ വിഷമസന്ധിയിയിലൂടെ ശാരീരികവും മാനസികവും വൈകാരികവുമായ പാകപ്പെടലുകളിലൂടെ പക്വതയാര്‍ജ്ജിക്കുന്ന കാലമാണ് കൗമാരം.

കൗമാരത്തിലെ ആദ്യ ഘട്ടമായ യൗവനപ്രാരംഭത്തിന്റെ (Puberty)തുടക്കം ആര്‍ത്തവാരംഭമല്ല പെണ്‍കുട്ടികളില്‍. പ്രായപൂര്‍ത്തിയാവുന്നതിന്റെ അടയാളപ്പെടുത്തലുകള്‍ പെണ്‍കുട്ടികളില്‍ ആദ്യം ആരംഭിക്കുന്നത് സ്തനങ്ങളിലാണ്. എട്ടിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രായമുള്ളപ്പോള്‍ തന്നെ സ്തനമുകുളങ്ങള്‍ (Breast Buds) രൂപപ്പെടാന്‍ തുടങ്ങും. അതിന് ശേഷം രണ്ട് രണ്ടര വര്‍ഷത്തിന് ശേഷമാണ് ആദ്യ ആര്‍ത്തവം സാധാരണ നടക്കുക. ഗുഹ്യഭാഗത്തെയും കക്ഷത്തിലേയും രോമവളര്‍ച്ചയും മറ്റും സ്തനമുകുളങ്ങള്‍ ഉണ്ടായി 6-12 മാസങ്ങള്‍ക്കുള്ളില്‍ നടക്കും.

സ്തനമുകുളങ്ങള്‍ രൂപപ്പെടുന്നതിനും ആര്‍ത്തവാരംഭത്തിനും ഇടയിലുള്ള രണ്ട് രണ്ടര വര്‍ഷങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. പെണ്‍കുട്ടികളുടെ ശാരീരികമായ വളര്‍ച്ച ഏറ്റവും അധികം നടക്കുന്ന സമയമാണിത് (Growth Spurt). ഈ സമയത്ത് ഗണ്യമായ പൊക്കവും പെണ്‍കുട്ടികള്‍ നേടുന്നു.

നിങ്ങളുടെ മകള്‍ നല്ല വളര്‍ച്ച നേടണമെങ്കില്‍ അവളുടെ ഭക്ഷണക്രമത്തിലും ആരോഗ്യത്തിലും നിങ്ങള്‍ അവളുടെ ആര്‍ത്തവാരംഭത്തിന് മുമ്പുള്ള രണ്ട് വര്‍ഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം എന്നര്‍ത്ഥം. മക്കളുടെ സ്തനമുകുളങ്ങള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നതും ഇതു തന്നെ.

ആര്‍ത്തവാരംഭത്തിന്റെ പ്രായം?

അന്താരാഷ്ട്ര തലത്തില്‍ പെണ്‍കുട്ടികളില്‍ ആര്‍ത്തവാരംഭത്തിന്റെ ശരാശരി പ്രായം 13.53 വയസ്സാണ്. കഴിഞ്ഞ ദശകങ്ങളിലായി ആദ്യാര്‍ത്തവത്തിന്റെ ശരാശരി പ്രായം പതിയെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്.

വര്‍ഗം, കുടുംബ പശ്ചാത്തലം, സാമ്പത്തിക സാമൂഹിക ചുറ്റുപാടുകള്‍, പരിസ്ഥിതി, ഭക്ഷണക്രമം, ആരോഗ്യസ്ഥിതി തുടങ്ങി മാനസികവും വൈകാരികവുമായ നിരവധി കാരണങ്ങള്‍ ആര്‍ത്തവാരംഭത്തെ സ്വാധീനിക്കാം.

നമ്മുടെ ജീവിതരീതികളിലും ഭക്ഷണക്രമങ്ങളിലും വന്ന മാറ്റങ്ങള്‍ മൂലം ഒമ്പതും പത്തും വയസ്സില്‍ തന്നെ നിരവധി പെണ്‍കുട്ടികളില്‍ ആദ്യാര്‍ത്തവം ആരംഭിച്ചു കാണുന്നത് സാധാരണമാണ്.

ശരീരത്തിലെ കൊഴുപ്പിന്റെ അളവ്(Percentage of Body Fat)

ശരീരത്തിലെ കൊഴുപ്പ് 17 ശതമാനമെങ്കിലും ആകുമ്പോഴാണ് ആര്‍ത്തവാരംഭം നടക്കുക. ആര്‍ത്തവം കൃത്യമായി തുടര്‍ന്നു പോകാന്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ചുരുങ്ങിയത് 22% എങ്കിലും വേണ്ടതുണ്ട്.

ഒരു പാട് കൊഴുപ്പ് കലര്‍ന്ന ഭക്ഷണ രീതികളും അമിത വണ്ണവും ആര്‍ത്തവാരംഭം നേരത്തേയാക്കാന്‍ കാരണമാവുന്നു എന്ന് വ്യക്തം.

വൈകുന്ന ആര്‍ത്തവാരംഭം

പെണ്‍കുട്ടികളില്‍ ആദ്യാര്‍ത്തവം വൈകുന്നത് മാതാപിതാക്കളുടെ ആധിയേറ്റുന്ന ഒന്നാണ്. അത് കൊണ്ട് തന്നെ ആദ്യാര്‍ത്തവം അവരെപ്പറ്റി ആശങ്കകള്‍ ഏറെ സൃഷ്ടിക്കുമ്പോള്‍ തന്നെ, അവര്‍ അടുത്ത തലമുറയ്ക്ക് ജന്മം നല്‍കാന്‍ പ്രാപ്തരാകുന്നു എന്ന തിരിച്ചറിവ് മാതാപിതാക്കള്‍ക്ക് ആശ്വാസമേകുന്ന ഒന്നാണ്.

ശ്രദ്ധിക്കുക

  • ആദ്യ ആര്‍ത്തവം 16 വയസ്സിനുള്ളില്‍ വന്നില്ലെങ്കില്‍
  • 14 വയസ്സിനുള്ളില്‍ സ്തനമുകുളങ്ങള്‍, രോമവളര്‍ച്ച തുടങ്ങിയ യൗവന പ്രാരംഭ ലക്ഷണങ്ങള്‍ തുടങ്ങിയിട്ടില്ലെങ്കില്‍..
  • നിങ്ങളുടെ കുട്ടിയെ അടുത്തുള്ള ശിശുരോഗ വിദഗ്ദ്ധനേയോ, ഗൈനക്കോളജിസ്റ്റിനേയോ കാണിക്കണം.
  • എട്ട് വയസ്സിനുള്ളില്‍ ആര്‍ത്തവമോ, സ്തന വളര്‍ച്ചയോ, രോമവളര്‍ച്ചയോ പോലെയുള്ള ലക്ഷണങ്ങള്‍ Precocious Puberty യെ സൂചിപ്പിക്കുന്നു. ആയതും യഥാവിധി ഡോക്ടറെക്കണ്ട് പരിശോധനകള്‍ക്ക് വിധേയമാകേണ്ടതാണ്.

തയ്യാറെടുപ്പുകള്‍

ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ ആര്‍ത്തവത്തെ കുറിച്ച് ശരിയായ അറിവ് വളരെ കുറച്ചു ആളുകള്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. ശാരീരികമായ ഒരു പ്രക്രിയ ആണെങ്കിലും കുട്ടികളുടെ മാനസികാരോഗ്യത്തെ വരെ ബാധിക്കാന്‍ ആദ്യ ആര്‍ത്തവത്തിന് കഴിയും. ആദ്യമായി തന്റെ ശരീരത്തില്‍ നിന്നും രക്തം വരുന്നതിന്റെ പേടിയും, കടുത്ത വേദനയും, മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന സംശയവും ഒക്കെ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കാം. മാത്രവുമല്ല ആര്‍ത്തവവുമായി അനുബന്ധിച്ച് കൂട്ടുകാര്‍ക്ക് ഇടയില്‍ ഉണ്ടാകുന്ന കളിയാക്കല്‍,ഒറ്റപ്പെടുത്തല്‍ ഒക്കെ കുട്ടികളെ ബാധിക്കാം. തന്റെ കൂട്ടുകാരേക്കാള്‍ വളരെ മുന്‍പോ, വളരെ വൈകിയോ ആര്‍ത്തവം തുടങ്ങുന്നതും ഉത്കണ്ഠയ്ക്കും അപകര്‍ഷതാ ബോധത്തിനും കാരണമാകാം.

കുട്ടികളുടെ ശാരീരികമായ വളര്‍ച്ച ഉറപ്പു വരുത്തുന്നതിനോടൊപ്പം തന്നെ മാനസികമായും നമ്മള്‍ അവരെ ആദ്യ ആര്‍ത്തവത്തിന് ഒരുക്കേണ്ടതുണ്ട്. അത് തന്റെ സ്വത്വ ബോധം വര്‍ധിപ്പിക്കാനും ബോഡി ഇമേജ് കൂട്ടാനും കുട്ടികളെ വളരെയധികം സഹായിക്കും. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇതും നമുക്ക് ഉള്‍പ്പെടുത്തേണ്ടതുണ്ട്.

തുറന്നു സംസാരിക്കാം

'എന്റെ മോള്‍ക്ക് ഏഴെട്ടു വയസ്സല്ലേ ആയിട്ടുള്ളൂ, ഇതൊക്കെ എങ്ങനെ പറഞ്ഞു കൊടുക്കും ?'എന്ന ഉള്‍വലിയലൊന്നും ആവശ്യമില്ല. എന്താണ് ആര്‍ത്തവമെന്നും, ജനനേന്ദ്രിയത്തില്‍ നിന്നും രക്തം വരുന്നത് കണ്ട് പരിഭ്രാന്തരാകേണ്ടതില്ലെന്നും പെണ്‍കുട്ടികളെ പറഞ്ഞു മനസ്സിലാക്കാം.

പെണ്‍കുഞ്ഞുങ്ങളില്‍ സ്തനമുകുളങ്ങള്‍ വളര്‍ന്നുതുടങ്ങുമ്പോഴേ അവര്‍ക്ക് ആര്‍ത്തവ സംബസമായ അറിവുകള്‍ പകര്‍ന്നു നല്‍കാം.

സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും അത് സുരക്ഷിതമായി ഡിസ്‌പോസ് ചെയ്യുന്നതിനെക്കുറിച്ചും പറഞ്ഞു കൊടുക്കാം. ആവശ്യമെങ്കില്‍ വിദ്യാലയങ്ങളിലെ സ്ത്രീകളായ അധ്യാപകരുടെ സഹായം തേടാന്‍ കുഞ്ഞിനെ ഉപദേശിക്കാം. ഒപ്പം ഇത്തരം കാര്യങ്ങളില്‍ ഒന്നു ശ്രദ്ധിക്കണമെന്ന് ടീച്ചറോട് പറഞ്ഞു വെക്കുകയുമാവാം.

പലപ്പോഴും ഉടുപ്പില്‍ രക്തം പറ്റി സഹപാഠികളുടെ മുമ്പില്‍ അപഹാസ്യരായി നില്‍ക്കാനിട വരുന്നത് കുട്ടികളില്‍ മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിക്കാറുണ്ട്. ആര്‍ത്തവം തികച്ചും സ്വാഭാവികമായ ജൈവിക പ്രക്രിയയാണെന്നും അതില്‍ അപമാനം തോന്നേണ്ടതില്ലെന്നും നമ്മുടെ പെണ്‍മക്കളോട് അഭിമാനത്തോടെ പറയണം.

ആര്‍ത്തവ ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. കൃത്യമായ ഇടവേളകളില്‍ സാനിറ്ററി പാഡ് മാറ്റാതിരിക്കുന്നത് അണുബാധയ്ക്ക് കാരണമായേക്കാം എന്ന വസ്തുതയും അവരുടെ ഉള്ളിലുറയ്‌ക്കേണ്ടതുണ്ട്.

മാതാപിതാക്കള്‍ ഒന്നോര്‍ക്കുക. ആര്‍ത്തവം സംബന്ധിച്ച് നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്ക് പകര്‍ന്നു നല്‍കുന്ന അവബോധം തലമുറകളോളം പകര്‍ന്നു നല്‍കപ്പെടാനുള്ളവയാണ്. അനാചാരങ്ങളുടേയും അസ്പൃശ്യതയുടേയും വേലിക്കെട്ടുകളില്ലാതെ അഭിമാനപൂര്‍വ്വം ആ അറിവിന്റെ വെളിച്ചം വരും തലമുറകളിലേക്കുമെത്തിച്ചേരട്ടെ.

എഴുതിയത് : ഡോ. സുനില്‍ പി.കെ, ഡോ. ജിതിന്‍ ടി ജോസഫ്- ടീം ഇന്‍ഫോക്ലിനിക്ക് 

Content Highlights: first period of a girl, menses, puberty, breast buds