ജന്മംനല്‍കിയവള്‍തന്നെ ജീവനുമെടുക്കുന്ന വാര്‍ത്തകള്‍ അടുത്തകാലത്തായി പെരുകിവരികയാണ്. പാലാരിവട്ടത്ത് നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തെന്ന വാര്‍ത്തയോടെയാണ് കഴിഞ്ഞദിവസത്തെ പുലരി പിറന്നത്. കുടുംബപ്രശ്നമാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കരുതുന്നത്. അമ്മമാര്‍ കൊലയാളികളാകുന്നതിനുപിന്നില്‍ ദാമ്പത്യത്തിലെ വിള്ളലും മറ്റു കുടുംബപ്രശ്‌നങ്ങളും മാത്രമാണോ കാരണം? വിധി തീര്‍പ്പിലെത്തുന്നതിനുമുമ്പ് മറ്റൊരു തലംകൂടി പരിശോധിക്കേണ്ടതുണ്ട്. ഇത്തരം കൊലപാതകങ്ങളില്‍ പ്രസവാനന്തര വിഷാദരോഗവും വില്ലനാകാമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. ഏറെ ഗൗരവതരമായ ഈ വിഷയത്തില്‍ അന്വേഷണപരമ്പര തുടരുന്നു..

.രുപത്തിനാലുകാരിയായ ദീപ്തി(യഥാര്‍ഥ പേരല്ല) പ്രസവംകഴിഞ്ഞ് മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും ആശുപത്രിയിലെത്തി. കിടപ്പറയുടെ മച്ചില്‍ കെട്ടിത്തൂങ്ങാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടുത്തി ഭര്‍ത്താവും മാതാപിതാക്കളുമാണ് അവളെ എത്തിച്ചത്. വിവാഹംകഴിഞ്ഞ് ഒന്നരവര്‍ഷത്തിനുശേഷമാണ് കുഞ്ഞുണ്ടായത്. ഭര്‍ത്താവോ അദ്ദേഹത്തിന്റെ വീട്ടുകാരോ ആയി ഒരു പ്രശ്‌നവുമില്ല. കുഞ്ഞിനുവേണ്ടി ഏറ്റവുമധികം കാത്തിരുന്നതും ദീപ്തിയായിരുന്നു. പക്ഷേ, കുഞ്ഞ് ജനിച്ചതിനുശേഷം അവള്‍ തുടര്‍ച്ചയായി കരച്ചിലായിരുന്നു. വിശപ്പില്ലായ്മയും ഉറക്കക്കുറവും വലച്ചു. ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന തോന്നലുണ്ടായതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രശ്‌നം തിരിച്ചറിഞ്ഞുള്ള ചികിത്സയ്ക്കുശേഷം ദീപ്തിക്ക് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞു. തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. വിഭയാണ് ഈ സംഭവം ഓര്‍ത്തെടുത്തത്.

''പതിനായിരത്തില്‍ നാലുപേര്‍ എന്ന നിരക്കില്‍ പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോയ അമ്മമാര്‍ ആത്മഹത്യചെയ്യുന്നുണ്ട്. രോഗിക്ക് തന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രധാന പ്രശ്‌നം. പാലൂട്ടുന്ന അമ്മയായതിനാല്‍ മരുന്നുകഴിക്കുന്നത് തെറ്റാണെന്ന അബദ്ധധാരണ, രോഗി അസ്വാഭാവികമായി പെരുമാറുന്നു എന്ന് തിരിച്ചറിഞ്ഞാലും ചികിത്സതേടാന്‍ സഹായിക്കാത്ത കുടുംബം, ചെലവേറിയ ചികിത്സയെക്കുറിച്ചുള്ള വീട്ടുകാരുടെ ഉത്കണ്ഠ തുടങ്ങിയവയാണ് പ്രധാന പ്രതിസന്ധികള്‍.''

ആത്മഹത്യപ്രവണതയുണ്ടാക്കുന്ന അസുഖമായതിനാല്‍ നിര്‍ബന്ധമായും ചികിത്സ തേടേണ്ടതാണ്. അമ്മയ്ക്ക് കുഞ്ഞിനെ പൂര്‍ണമായി പരിപാലിക്കാന്‍ കഴിയാത്തത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുകയും പോഷകക്കുറവിനൊപ്പം വളര്‍ച്ചയ്ക്ക് തടസ്സമാവുകയും ചെയ്യും.

പ്രസവാനന്തര വിഷാദരോഗത്തിനുള്ള പരിഹാരം കണ്ടെത്തുന്നതില്‍ പ്രധാനം രോഗനിര്‍ണയം നേരത്തേ നടത്തുക എന്നതാണെന്ന് ഇംഹാന്‍സ് ഹോസ്പിറ്റലിലെ സൈക്യാട്രിക് വിഭാഗം പ്രൊഫസറായ ഡോ. അശോക് കുമാര്‍ പറയുന്നു. മതിയായ ചികിത്സലഭിക്കാത്തപക്ഷം ഇത് ഭാവിയില്‍ വിഷാദരോഗമാകാനും ബൈപൊളാര്‍ എന്ന തീവ്രവൈകാരികവ്യതിയാനമുണ്ടാകാനും സാധ്യതയുണ്ട്. ഒരിക്കല്‍ ചികിത്സിച്ചെന്നുകരുതി ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് നിര്‍ത്താനും പാടില്ല. എപ്പോഴെങ്കിലും മാനസിക അസ്വാസ്ഥ്യം തോന്നിയാല്‍ വൈകാതെ ആശുപത്രിയിലെത്തിക്കണം.

aswathi
അശ്വതി ശ്രീകാന്ത് Photo: Facebook

പ്രസവാനന്തര ശാരീരിക മാറ്റങ്ങള്‍

അവതാരകയും എഴുത്തുകാരിയുമൊക്കെയായ അശ്വതി ശ്രീകാന്ത് പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോയ അനുഭവം പങ്കുവെക്കുകയാണ്. പ്രസവശേഷമുണ്ടാകുന്ന ശാരീരികമാറ്റങ്ങള്‍ക്കും ഈ വിഷാദരോഗത്തില്‍ കാര്യമായ പങ്കുണ്ടെന്ന് പറയുന്നു അശ്വതി. സഞ്ചിപോലെ തൂങ്ങിക്കിടക്കുന്ന വയറും കറുത്തിരുണ്ടിരിക്കുന്ന കഴുത്തുമൊക്കെ കാണുമ്പോള്‍ ഉണ്ടാകുന്ന നിരാശ പലര്‍ക്കും മനസ്സിലാകണമെന്നില്ല. ഇതൊക്കെ എല്ലാവര്‍ക്കും സംഭവിക്കുന്നതല്ലേ എന്ന മനോഭാവത്തോടെയുള്ള സംസാരമാണ് ആദ്യം നിര്‍ത്തേണ്ടത്. വായിക്കുന്ന കൂട്ടത്തിലായതുകൊണ്ട് എപ്പോഴും അകാരണമായി സങ്കടവും ദേഷ്യവും കുഞ്ഞിനെച്ചൊല്ലിയുള്ള അരക്ഷിതാവസ്ഥയുമൊക്കെ കണ്ടുതുടങ്ങിയപ്പോഴേ ഏറക്കുറെ മനസ്സിലാക്കിയിരുന്നു. ദിവസവും രാത്രി നിര്‍ത്താതെ കുഞ്ഞ് കരച്ചിലായതുകൊണ്ട് ഉറക്കമില്ലാതായി. ഗര്‍ഭകാലത്തെല്ലാം വാരിവലിച്ചുകഴിച്ചിരുന്ന തനിക്ക് വിശപ്പ് തീരേയില്ലെന്ന അവസ്ഥയായി. അതിനെക്കാളൊക്കെ വിഷമം, കുഞ്ഞിനുവേണ്ട മുലപ്പാല്‍ കിട്ടുന്നില്ലല്ലോ എന്നോര്‍ത്തായിരുന്നു.

'സമ്മര്‍ദം കുറയ്ക്കൂ, ആധിയില്ലാതെ കുഞ്ഞിനെ മുലയൂട്ടൂ, പാല്‍ തനിയേ വന്നോളും' എന്ന് ഡോക്ടര്‍ പലതവണ പറഞ്ഞെങ്കിലും അതൊന്നും ചെവിയില്‍പ്പോയില്ല.  പാലില്ലാത്തതുകൊണ്ടാണ് കുഞ്ഞ് കരയുന്നതെന്ന് ചുറ്റുമുള്ളവര്‍ പറയുമ്പോള്‍ ഒരിക്കലും താനൊരു നല്ല അമ്മയാകുന്നില്ലല്ലോ എന്ന് തോന്നിയിരുന്നു. ആത്മഹത്യപ്രവണതയും കൂടിവന്നതോടെയാണ് സുഹൃത്തുക്കളോടും വീട്ടുകാരോടുമൊക്കെ ഇതേക്കുറിച്ച് സംസാരിച്ചത്. ആ തുറന്നുപറച്ചിലാണ് തന്റെ മാനസികാസ്വാസ്ഥ്യത്തെ മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ സഹായിച്ചതെന്നും അശ്വതി പറയുന്നു.

പ്രസവാനന്തര വിഷാദരോഗം എന്ന അവസ്ഥയെക്കുറിച്ച് അതുണ്ടായതിനുശേഷംമാത്രമാണ് തിരിച്ചറിഞ്ഞതെന്ന് ഫാഷന്‍ ഡിസൈനറായ ആലപ്പുഴ സ്വദേശിനി അനുജ പറയുന്നു. അകാരണമായ ദേഷ്യം, കുഞ്ഞിനെ പാലൂട്ടാതിരിക്കല്‍, തുടങ്ങിയവയൊക്കെയായിരുന്നു തുടക്കത്തില്‍. പതിയെ കുഞ്ഞിനെ എടുത്തെറിയുമെന്ന് ഭീഷണിപ്പെടുത്തിത്തുടങ്ങി. ഭക്ഷണവും ഉറക്കവുമില്ലാതായതോടെ മൂന്നാംമാസം തലകറങ്ങിവീണു. 'ലോകത്തില്‍ ആദ്യമായി പ്രസവിക്കുന്നയാളൊന്നുമല്ല നീ' എന്നാണന്ന് വീട്ടുകാര്‍ പറഞ്ഞത്. താന്‍ മനപ്പൂര്‍വം ചെയ്യുന്നതാണെന്ന ധാരണയായിരുന്നു വീട്ടുകാര്‍ക്ക്. ശബ്ദംപോലും കേള്‍ക്കുന്നത് ഇഷ്ടമല്ലാതായി. എപ്പോഴും കുഞ്ഞിനെ ചീത്തവിളിക്കുമായിരുന്നു. പലപ്പോഴും ജീവനൊടുക്കുന്നതിനെക്കുറിച്ചായിരുന്നു ചിന്ത. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ സാധാരണ അവസ്ഥയിലേക്കെത്തുകയായിരുന്നു. പക്ഷേ, അക്കാലമത്രയും രോഗത്തെക്കുറിച്ച് തിരിച്ചറിയാതെ താന്‍ അനുഭവിച്ച മാനസികസമ്മര്‍ദം ഓര്‍ക്കാവുന്നതിലും അപ്പുറമായിരുന്നെന്ന് അനുജ പറയുന്നു.  

andrea
ആന്‍ഡ്രിയ യേറ്റ്‌സ് കുടുംബത്തിനൊപ്പം Photo: Getty Images

അഞ്ചുമക്കളെ മുക്കിക്കൊന്ന അമ്മ

2001-ല്‍ ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ് ആന്‍ഡ്രിയ യേറ്റ്സ് എന്ന അമ്മയുടെ കഥ പുറത്തുവരുന്നത്. അഞ്ചുമക്കളെയും കൊലപ്പെടുത്തിയ ആന്‍ഡ്രിയയ്ക്ക് ക്രൂരപരിവേഷമാണ് മാധ്യമങ്ങളും ജനങ്ങളുമൊക്കെ നല്‍കിയത്. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രസവാനന്തരവിഷാദരോഗത്തിന് അടിമയായിരുന്നു അവരെന്ന് കണ്ടെത്തിയത്. നാലുപ്രസവത്തിനുശേഷംതന്നെ വിഷാദരോഗത്താല്‍ ആന്‍ഡ്രിയ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അച്ഛന്റെ മരണത്തോടെ മരുന്നുനിര്‍ത്തിയതാണ് ആന്‍ഡ്രിയയുടെ സമനില വീണ്ടും തെറ്റിച്ചത്. ബാത്ത്ടബ്ബില്‍ മുങ്ങി ആത്മഹത്യചെയ്യാനും കുട്ടികളെ മുക്കിക്കൊല്ലാനും പദ്ധതിയിട്ടിരുന്നുവെന്ന് അവര്‍ ഡോക്ടറോട് വെളിപ്പെടുത്തി. തുടര്‍ന്നങ്ങോട്ട് സദാസമയം നിരീക്ഷണത്തിലായിരുന്നു യേറ്റ്സ്. എന്നാല്‍, പെട്ടെന്നൊരു ദിവസം ഭര്‍ത്താവിന് അത്യാവശ്യമായി ഒരു മണിക്കൂര്‍ മാറിനില്‍ക്കേണ്ടിവന്നപ്പോഴാണ് ആന്‍ഡ്രിയ അഞ്ചുമക്കളെയും മുക്കിക്കൊന്നത്. വിചാരണയ്‌ക്കൊടുവില്‍ 40 വര്‍ഷത്തേക്ക് ജയില്‍ശിക്ഷ വിധിച്ചെങ്കിലും പിന്നീട് മാനസികനില തകരാറിലാണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ശിക്ഷ പിന്‍വലിച്ച് ടെക്‌സസിലെ മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ രോഗം കണ്ടെത്തിയിട്ടും ഫലപ്രദമായി ചികിത്സനല്‍കാതിരുന്നതും വേണ്ടത്ര ശ്രദ്ധ നല്‍കാതിരുന്നതുമൊക്കെയാണ് ആ അഞ്ചുമക്കളുടെയും ജീവനെടുത്തത്.

പ്രശസ്ത ടെന്നീസ് താരം സെറീന വില്യംസും  പ്രസവാനന്തര വിഷാദരോഗത്തെ തരണംചെയ്ത അനുഭവം ഈയിടെ പങ്കുവെക്കുകയുണ്ടായി. കുഞ്ഞിന്റെ കാര്യങ്ങള്‍ വേണ്ടപോലെ ചെയ്യാന്‍ കഴിയുന്നില്ലെന്ന കുറ്റബോധമായിരുന്നു സെറീനയ്ക്ക്. ഒപ്പം, സിസേറിയനുപിന്നാലെയുണ്ടായ ശാരീരിക പ്രശ്‌നങ്ങളും. ഒരു ഘട്ടമെത്തിയപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍പോലും തന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി.

പ്രസവംവരെ സ്‌നേഹംകൊണ്ട് മൂടും

''ഗര്‍ഭംധരിച്ചുവെന്ന് പറയുന്ന കാലംതൊട്ട് ഭര്‍ത്താവും വീട്ടുകാരുമൊക്കെ സ്‌നേഹംകൊണ്ട് മൂടും. ഇഷ്ടങ്ങളെല്ലാം അറിഞ്ഞ് കൂടെനില്‍ക്കും. എന്നാല്‍, പ്രസവിച്ചുകഴിഞ്ഞാലോ അമ്മയ്‌ക്കൊരു വിലയുമില്ലാതായി. പിന്നെ കുഞ്ഞിനെമാത്രം മതി എല്ലാവര്‍ക്കും'' -പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോയ ജയശ്രീ എന്ന അമ്മയുടെ വാക്കുകളാണിത്.

ഗര്‍ഭകാലത്ത് നല്‍കുന്ന സ്‌നേഹവും പരിചരണവും അതിനുശേഷവും നല്‍കണമെന്ന് ആരും മനസ്സിലാക്കാത്തത് എന്തുകൊണ്ടാണെന്നാണ് അവരുടെ ചോദ്യം. പ്രസവത്തോടെ പിന്നെ കുഞ്ഞിനെ മുലയൂട്ടുന്ന ജോലിക്കാരിമാത്രമായി അമ്മ മാറും. മാനസികവും ശാരീരികവുമായൊക്കെ മാറ്റങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രസവാനന്തര കാലത്ത് വേണ്ട പരിഗണനയും കരുതലും ലഭിക്കാതിരിക്കുന്ന അമ്മമാരില്‍ വിഷാദരോഗത്തിനുള്ള സാധ്യത ഏറെയാണെന്നാണ് മാനസികരോഗ വിദഗ്ധര്‍ പറയുന്നത്.  കാര്യംകഴിഞ്ഞാല്‍ കറിവേപ്പിലപോലെ വലിച്ചെറിയപ്പെടുകയാണെന്ന തോന്നല്‍ ഉണ്ടാകുമ്പോഴാണ് പല അമ്മമാരും കുഞ്ഞുള്‍പ്പെടെ ചുറ്റുപാടുള്ളതിനോടെല്ലാം വെറുപ്പ് പ്രകടിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഭര്‍ത്താക്കന്മാരുടെ പിന്തുണയും പരിചരണവും പ്രധാനമാണ്. കുഞ്ഞിന്റെ കാര്യങ്ങള്‍ പൂര്‍ണമായും അമ്മയുടെ തലയില്‍ കെട്ടിവെക്കാതെ പരസ്പരംപങ്കുവെക്കാം. ഉറക്കവും ഭക്ഷണവുമൊക്കെ ഭാര്യയ്ക്ക് വേണ്ടുവോളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം.

അവരെ കേള്‍ക്കണം

മാനസികപ്രയാസം നേരിടുന്ന ഗര്‍ഭിണികളെയും നവജാതശിശുക്കളുടെ അമ്മമാരെയും കേള്‍ക്കാന്‍ ശ്രമിച്ചാല്‍ത്തന്നെ പ്രശ്‌നം പകുതി പരിഹരിക്കപ്പെടുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസറായ ഡോ. അനില്‍ കുമാര്‍ പറയുന്നു. മാനസികപ്രശ്‌നങ്ങളെ അഭിസംബോധനചെയ്യാനുള്ള നാണക്കേടുകൊണ്ടാണ് പലരിലും രോഗം തിരിച്ചറിയപ്പെടാതെ ഗുരുതരാവസ്ഥയിലേക്കെത്തുന്നത്. സ്വന്തമായി നേരിടേണ്ട പ്രശ്‌നമേയുള്ളൂവെന്ന നിസ്സാരവത്കരണമാണ് പലര്‍ക്കും. 2017-ലെ ലോകാരോഗ്യദിനത്തിന്റെ പ്രമേയം 'വിഷാദരോഗത്തെക്കുറിച്ച് സംസാരിക്കാം' എന്നതായിരുന്നു. അതിന്റെ ഭാഗമായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രശാന്തി എന്ന പേരില്‍ ഒരു പെരിനേറ്റല്‍ ക്ലിനിക് തുടങ്ങിയിരുന്നു. ആശാ വര്‍ക്കര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരുമൊക്കെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍മാത്രമേ പ്രസവാനന്തര വിഷാദരോഗത്തിന് പരിഹാരം കണ്ടെത്താനാകൂ.

(തുടരും)

Content Highlights: postpartum depression Chapter three