ജന്മംനല്‍കിയവള്‍തന്നെ ജീവനുമെടുക്കുന്ന വാര്‍ത്തകള്‍ അടുത്തകാലത്തായി പെരുകിവരികയാണ്. പാലാരിവട്ടത്ത് നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത കുറച്ചു ദിവസം മുമ്പാണ് വന്നത്.. കുടുംബപ്രശ്‌നമാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കരുതുന്നത്. അമ്മമാര്‍ കൊലയാളികളാകുന്നതിനുപിന്നില്‍ ദാമ്പത്യത്തിലെ വിള്ളലും മറ്റു കുടുംബപ്രശ്നങ്ങളും മാത്രമാണോ കാരണം? വിധി തീര്‍പ്പിലെത്തുന്നതിനുമുമ്പ് മറ്റൊരു തലംകൂടി പരിശോധിക്കേണ്ടതുണ്ട്. ഇത്തരം കൊലപാതകങ്ങളില്‍ പ്രസവാനന്തര വിഷാദരോഗവും വില്ലനാകാമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. ഏറെ ഗൗരവതരമായ ഈ വിഷയത്തിലെ അന്വേഷണപരമ്പര വായിക്കാം...

പ്രസവാനന്തര വിഷാദരോഗത്തിന് ചികിത്സ വൈകിപ്പിക്കുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശംകൂടിയാണ് ഇല്ലാതാകുന്നത്. ഒന്നാംമാസംമുതല്‍ പപ്പായയും കൈതച്ചക്കയും ചിക്കനും ഐസ്‌ക്രീമും തൊട്ടുപോകരുതെന്ന് ചട്ടംകെട്ടുന്ന വീട്ടുകാര്‍ പക്ഷേ, ഗര്‍ഭിണിയുടെ മാനസികനില തൃപ്തികരമാണോ എന്ന് പലപ്പോഴും അന്വേഷിക്കാറില്ല.

ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ മൂന്നുമാസത്തോളം പപ്പായ പച്ചയ്ക്ക് കഴിക്കരുതെന്നുമാത്രം പറയാറുണ്ടെന്ന് ഡോ. മോളി പറയുന്നു. പച്ചപ്പപ്പായയിലെ കറ ഗര്‍ഭം അലസുന്നതിന് കാരണമാകുന്നുവെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുള്ളതിനാലാണിത്. എന്നാല്‍, പപ്പായ പഴുത്തതിനുശേഷമോ വേവിച്ചോ കഴിക്കുന്നതില്‍ പ്രശ്‌നമില്ല. എപ്പോഴെങ്കിലും വയറുവേദനയോ ബ്ലീഡിങ്ങോ മറ്റോ വന്നാല്‍ അത് ഈ ഭക്ഷണങ്ങള്‍ കഴിച്ചതുകൊണ്ടാണെന്നുകരുതി മാനസികസമ്മര്‍ദം അനുഭവിക്കുന്ന അമ്മമാരുമുണ്ട്. ഏതൊരു ഗര്‍ഭവും പത്തുതൊട്ട് പതിനഞ്ച് ശതമാനത്തോളം അലസിപ്പോകാന്‍ സാധ്യതയുണ്ട്, അതിന് ഈ ഭക്ഷണങ്ങള്‍ കാരണമാകണമെന്നില്ല. ആദ്യത്തെ കുഞ്ഞുണ്ടാവുന്നതുവരെ അമ്മമാര്‍ ഉത്കണ്ഠാകുലരായിരിക്കും. അതിനാല്‍, ചുറ്റുമുള്ളവര്‍ കൂടുതല്‍ സമ്മര്‍ദം നല്‍കാതിരിക്കണം. ഒരു മാവിലെ എല്ലാ പൂക്കളും മാങ്ങയാകണമെന്നില്ലല്ലോ. അതുപോലെത്തന്നെയാണ് ഗര്‍ഭധാരണവും എന്ന ചിന്തയാണ് വേണ്ടത് -ഡോക്ടര്‍ പറയുന്നു.

ഓരോ ഗര്‍ഭിണിയും വ്യത്യസ്തരാണെന്നും അതിനനുസരിച്ച് പ്രാധാന്യം നല്‍കി പരിശോധിക്കണമെന്ന് ഡോക്ടര്‍മാരും തിരിച്ചറിയണം. ഗര്‍ഭിണിയായിരിക്കവേ പെല്‍വിസ് പരിശോധന ചെയ്യുമ്പോള്‍ വേദനിക്കുന്നെന്ന് പറഞ്ഞതിന്, 'നീയൊക്കെ പിന്നെ എന്തിനാ കല്യാണം കഴിച്ചത്' എന്നുചോദിച്ച ഡോക്ടറുണ്ടെന്ന് പറയുന്നു ഇടുക്കിയില്‍ വീട്ടമ്മയായ രഞ്ജിനി. സ്‌കാനിങ്ങിനും എഴുതിയിടുന്ന മരുന്നുചീട്ടുകള്‍ക്കുമപ്പുറം സാന്ത്വനത്തിന്റെ നനുത്ത വാക്കുകള്‍കൂടി ആഗ്രഹിക്കുന്നവരുണ്ട്. പ്രസവവേദനയില്‍ പുളഞ്ഞ് അറിയാതെ ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ ചെകിട്ടത്തടിച്ചെന്ന് പരാതിപറഞ്ഞ അമ്മമാരുണ്ട്. ഓരോ കുഞ്ഞും ജനിക്കുമ്പോള്‍മാത്രമേ ഓരോ അമ്മയും ജനിക്കൂ എന്ന് വീട്ടിലുള്ളവരും ഡോക്ടര്‍മാരും മനസ്സിലാക്കണം. കുഞ്ഞിനെ പ്രസവിക്കുന്നതോടെ എല്ലാ ഉത്തരവാദിത്വങ്ങളും പരിമിതികളില്ലാതെ ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനുപകരം അവര്‍ക്ക് സമയം നല്‍കാം.

പ്രസവാനന്തര മാനസികാരോഗ്യം

കേരളത്തില്‍ ശിശുമരണനിരക്ക് ഇന്ത്യയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ കുറവാണ്. ശിശുമരണനിരക്ക് കുറയ്ക്കാനുള്ള നടപടിക്രമങ്ങള്‍ തേടിയതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ പറഞ്ഞ പ്രധാന വിഷയങ്ങളിലൊന്ന് പ്രസവാനന്തര വിഷാദരോഗമാണെന്ന് പറയുന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അമ്മയും കുഞ്ഞും തമ്മിലുള്ള അഭേദ്യബന്ധം കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെയും പരിപോഷിപ്പിക്കും. അമ്മ വിഷാദരോഗത്തിലൂടെ കടന്നുപോകുന്നത് കുഞ്ഞിന്റെ സ്വഭാവരൂപവത്കരണത്തെക്കൂടി ബാധിക്കാനിടയുണ്ട്. പല കാരണങ്ങളും മാനസികാസ്വാസ്ഥ്യത്തിലേക്ക് നയിക്കാം. പെണ്‍കുട്ടിക്ക് ഭര്‍ത്താവില്‍നിന്ന് ഉണ്ടാവുന്ന അവഗണന, കുടുംബത്തില്‍ തുല്യത ലഭിക്കാതിരിക്കുക, ശാരീരികമാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം വിഷാദരോഗത്തിലേക്ക് നയിക്കാം.

കോഴിക്കോട് ഇംഹാന്‍സില്‍ നിംഹാന്‍സുമായി ചേര്‍ന്ന് ഒ.പി. ക്ലിനിക് ആരംഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിനെയും സാമൂഹികനീതി, വനിത-ശിശു ക്ഷേമവകുപ്പിനെയും യോജിപ്പിച്ചുകൊണ്ട് ഈ വിഷയത്തെ ഗൗരവമായെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രികളില്‍ പ്രസവസമയത്ത് ഗര്‍ഭിണികളോടുള്ള പെരുമാറ്റം, സാന്ത്വനത്തോടെയുള്ള പരിചരണം എന്നിവയെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണ്. കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ 'ഗുഡ് പാരന്റിങ് സെന്റര്‍' എല്ലാജില്ലയിലും തുടങ്ങാന്‍ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 പ്രസവാനന്തര മാനസികാരോഗ്യത്തിന് പിന്തുണയായി 'അമ്മമനസ്സ്' എന്നപേരില്‍ ഒരു പദ്ധതിയും ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഗര്‍ഭാവസ്ഥയിലും പ്രസവാനന്തരവുമുണ്ടാകുന്ന വിഷാദരോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയും വേണ്ട ചികിത്സ ലഭ്യമാക്കുകയുമാണ് അമ്മമനസ്സ് പദ്ധതിയുടെ ലക്ഷ്യം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍വഴി നടത്തുന്ന പദ്ധതിക്കായി ആശാവര്‍ക്കര്‍മാരും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരും ഗര്‍ഭിണികളെ നേരില്‍ക്കണ്ട് അവരുടെ മാനസികപ്രശ്‌നങ്ങള്‍ പരിശോധിക്കണം. പത്തുചോദ്യമടങ്ങിയ സര്‍വേയിലെ ഉത്തരങ്ങളെ ആധാരമാക്കിയാണ് പ്രസവാനന്തര വിഷാദരോഗമാണോയെന്ന് സ്ഥിരീകരിക്കുക.

ബോധവത്കരണത്തില്‍ കുറവ്

പ്രസവാനന്തര മാനസികപ്രശ്‌നങ്ങളെ വൈകി കൈകാര്യംചെയ്തുതുടങ്ങിയ സമൂഹമാണ് മലയാളികള?ുടേതെന്ന് മാനസികാരോഗ്യവിഭാഗം സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍ പി.എസ്. പറയുന്നു. ഈ വിഷയങ്ങളില്‍ തുറന്നുപറച്ചില്‍ ഉണ്ടാകാതിരിക്കാന്‍ കാരണം ബോധവത്കരണത്തിന്റെ കുറവാണ്. ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള വിഷാദാവസ്ഥ തുറന്നുപറയാന്‍പോലും പലരും തയ്യാറല്ല.  

ആറുഘട്ടമായുള്ള സ്‌ക്രീനിങ്ങിനുശേഷമാണ് 'അമ്മമനസ്സി'ലൂടെ പ്രസവാനന്തര വിഷാദരോഗമാണോ എന്ന് നിര്‍ണയിക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ആന്റിനേറ്റല്‍ ക്ലിനിക്കുകള്‍ വഴിയാണ് സ്‌ക്രീനിങ് നടത്തുക. ഗര്‍ഭകാലത്ത് മൂന്നുതവണയും പ്രസവാനന്തരം മൂന്നുതവണയും സ്‌ക്രീനിങ് നടത്തും. അങ്കണവാടി-ആശാ വര്‍ക്കര്‍മാര്‍, ജെ.പി.എച്ച്.എന്‍., പി.എച്ച്.എന്‍., ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ തുടങ്ങിയവര്‍ക്കും പരിശീലനം നല്‍കും. പ്രസവകാലയളവില്‍ ഗൈനക്കോളജിസ്റ്റുമായും പ്രസവശേഷം കുഞ്ഞുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പീഡിയാട്രീഷ്യനുമായും സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ ഈ രണ്ടുവിഭാഗക്കാര്‍ക്കുകൂടി പരിശീലനം നല്‍കുമെന്നും കിരണ്‍കുമാര്‍ വിശദീകരിച്ചു.

വിഷാദരോഗസാധ്യതയും അപകടവിഭാഗവും

ഇന്ത്യയില്‍ 22 ശതമാനത്തോളം അമ്മമാരും പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് ലോക ആരോഗ്യസംഘടനയുടെ കണക്കുകളില്‍ പറയുന്നത്. ശാരീരികവും മാനസികവുമായുള്ള മാറ്റങ്ങളെക്കൂടാതെ മറ്റുചില ഘടകങ്ങള്‍ ഈ അവസ്ഥയെ കൂടുതല്‍ ഗുരുതരമാക്കുന്നുണ്ട്. മുമ്പ് മാനസികാസ്വാസ്ഥ്യം നേരിട്ടവര്‍, മാനസികരോഗത്തിന് ചികിത്സതേടിയവര്‍, മാതാപിതാക്കള്‍ക്ക് മാനസികരോഗം കണ്ടെത്തിയിട്ടുള്ളവര്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍മൂലം ശാരീരികബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍, തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയവരെല്ലാം പ്രസവാനന്തര വിഷാദരോഗം എളുപ്പത്തില്‍ ബാധിക്കാനിടയുള്ള അപകടസാധ്യതാവിഭാഗമാണ്.

പുരുഷാധിപത്യ കുടുംബപശ്ചാത്തലവും പ്രസവാനന്തര വിഷാദരോഗത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ്. ചായയ്ക്കും ഭക്ഷണത്തിനും തുടങ്ങി വീടിന്റെയും വീട്ടുകാരുടെയും ശുചിത്വംപോലും അവിടത്തെ ഗൃഹനാഥയില്‍മാത്രം നിഷ്‌കര്‍ഷിക്കുന്ന കുടുംബത്തിലുള്ള സ്ത്രീകളില്‍ ഇത്തരം വിഷാദരോഗങ്ങള്‍ പെട്ടെന്ന് ബാധിക്കാം. ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ പറഞ്ഞാല്‍ ദിവ്യഗര്‍ഭമൊന്നുമല്ലല്ലോ എന്ന കളിയാക്കലുകള്‍ ഒട്ടേറെ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടെന്ന് പല അമ്മമാരും സാക്ഷ്യപ്പെടുത്തുന്നു. ജോലിസ്ഥലത്തെ അമിതാധ്വാനവും മാനസികസമ്മര്‍ദത്തിന് കാരണമാകുന്നുണ്ട്. ആറുമാസംപോലും പ്രസവാവധി ലഭിക്കുംമുമ്പ് തിരികെ ജോലിയില്‍ പ്രവേശിക്കുന്ന അമ്മമാര്‍ കുഞ്ഞിനെ വിട്ടുപോരുന്ന അരക്ഷിതാവസ്ഥയും ശാരീരികമാറ്റങ്ങള്‍ ഉണ്ടാക്കിയ ആത്മവിശ്വാസക്കുറവുമൊക്കെയായിട്ടാകും ജോലിയില്‍ പ്രവേശിക്കുന്നത്. ഇതും പ്രസവാനന്തര വിഷാദരോഗത്തിന്റെ തീവ്രത കൂട്ടുന്നു.

പ്രസവശേഷമുള്ള മാനസികാസ്വാസ്ഥ്യത്തിന് ചികിത്സതേടിയവരാണെങ്കില്‍ രണ്ടാമത് ഗര്‍ഭധാരണം നടത്തുന്നതിനുമുമ്പുതന്നെ ഗൈനക്കോളജിസ്റ്റിനോടും സൈക്യാട്രിസ്റ്റിനോടും തന്റെ പൂര്‍വചരിത്രം പറഞ്ഞിരിക്കണം. അടുത്ത പ്രസവത്തില്‍ സ്ഥിതി ഗുരുതരമാകാതിരിക്കാനാണിത്. ഒപ്പം പ്രസവാനന്തര വിഷാദരോഗത്തെ മറികടന്നിട്ടുള്ളവര്‍ കുറഞ്ഞത് രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞിട്ട് ഗര്‍ഭധാരണം നടത്തുന്നതായിരിക്കും ഉചിതമെന്നും മനോരോഗവിദഗ്ധര്‍ പറയുന്നു. പലപ്പോഴും നീണ്ടകാലത്തെ ചികിത്സ ആവശ്യംവരുന്നതിനാല്‍ മരുന്നുകള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാതിരിക്കാനാണിത്.

മറികടക്കാം, ഇങ്ങനെയെല്ലാം

പ്രസവശേഷമുള്ള കാലം വളരെ സന്തോഷമുള്ള സമയമായാണ് പലരും കരുതുന്നത്. അമ്മ കരയുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമൊക്കെ അസാധാരണമായിത്തന്നെ കാണേണ്ടതാണ്. കുഞ്ഞിന് പോഷകാഹാരം ലഭിക്കില്ലെന്നുമാത്രമല്ല, ചികിത്സിക്കാതെ പോകുംതോറും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ അതുബാധിക്കും. ഭാവിയില്‍ ഇത് കുഞ്ഞിന്റെ സ്വഭാവ രൂപവത്കരണത്തെയും മാനസികാരോഗ്യത്തെയുമൊക്കെ വിപരീതമായി ബാധിക്കാം. പ്രസവാനന്തര വിഷാദരോഗത്തെ മറികടക്കാന്‍ അമ്മയ്ക്ക് ചികിത്സയും വീട്ടിലുള്ളവര്‍ക്ക് ബോധവത്കരണവുമാണ് നല്‍കേണ്ടത്.

ഗൈനക്കോളജി വിഭാഗവും സൈക്യാട്രിക് വിഭാഗവും തമ്മില്‍ സംയുക്തമായി പ്രവര്‍ത്തിച്ചാലേ ഈ പ്രശ്‌നം ഫലപ്രദമായി കൈകാര്യംചെയ്യാനാകൂവെന്ന് മാനസികാരോഗ്യവിദഗ്ധര്‍ പറയുന്നു. ഗര്‍ഭിണികളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും അറിയുന്നവര്‍ എന്നനിലയ്ക്ക് അവരില്‍ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് തോന്നിയാല്‍ സൈക്യാട്രിസ്റ്റിന് നിര്‍ദേശിക്കേണ്ടത് ഗൈനക്കോളജിസ്റ്റുകളുടെ ഉത്തരവാദിത്വമാണ്.

അമ്മമാര്‍ ശ്രദ്ധിക്കാന്‍

 * കുഞ്ഞിന്റെ ഓരോ വൈകാരിക പെരുമാറ്റത്തോടും സാന്ത്വനത്തോടെ പ്രതികരിക്കാം
*  കുഞ്ഞിനോട് അടുപ്പത്തോടെ പെരുമാറുംതോറും മാനസികോല്ലാസവും ആത്മവിശ്വാസവും വര്‍ധിക്കും
*  മാനസികസംഘര്‍ഷം അനുഭവപ്പെടുമ്പോള്‍ ഭര്‍ത്താവോ വീട്ടുകാരോ സുഹൃത്തുക്കളോ ഡോക്ടറോ തുടങ്ങി ആരോടെങ്കിലും പങ്കുവെക്കാം
*  അവനവനുവേണ്ടി സമയം കണ്ടെത്തുന്നതും സമ്മര്‍ദം കുറയ്ക്കും. വായനയും സിനിമയുംപോലുള്ള ഹോബികളില്‍ മുഴുകാം
*  പ്രസവശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ചെറിയ വ്യായാമങ്ങള്‍ ചെയ്യാം
*  കുഞ്ഞിന്റെ ഉത്തരവാദിത്വം അമ്മയും അച്ഛനും ഒരുപോലെ പങ്കുവെക്കാമെന്ന് തീരുമാനിക്കാം


(അവസാനിച്ചു)