ജന്മംനല്‍കിയവള്‍തന്നെ ജീവനുമെടുക്കുന്ന വാര്‍ത്തകള്‍ അടുത്തകാലത്തായി പെരുകിവരികയാണ്. പാലാരിവട്ടത്ത് നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയോടെയാണ് കഴിഞ്ഞദിവസത്തെ പുലരി പിറന്നത്. കുടുംബപ്രശ്‌നമാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കരുതുന്നത്. അമ്മമാര്‍ കൊലയാളികളാകുന്നതിനുപിന്നില്‍ ദാമ്പത്യത്തിലെ വിള്ളലും മറ്റു കുടുംബപ്രശ്‌നങ്ങള്‍ മാത്രമാണോ കാരണം? വിധി തീര്‍പ്പിലെത്തുന്നതിനുമുമ്പ് മറ്റൊരു തലംകൂടി പരിശോധിക്കേണ്ടതുണ്ട്. ഇത്തരം കൊലപാതകങ്ങളില്‍ പ്രസവാനന്തര വിഷാദരോഗവും വില്ലനാകാമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. ഏറെ ഗൗരവതരമായ ഈ വിഷയത്തില്‍ അന്വേഷണപരമ്പര രണ്ടാം ഭാഗം.

മുപ്പതുകളിലെത്തിയ രാധിക(യഥാര്‍ഥ പേരല്ല) നാലുമക്കളുടെ അമ്മ. എട്ടുവര്‍ഷത്തോളമായി ഗ്രാമത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം സന്തോഷജീവിതം. നാലാമത്തെ പ്രസവത്തോടെയാണ് രാധികയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. വീട്ടില്‍ മിഡ്‌വൈഫിന്റെ സഹായത്തോടെയായിരുന്നു പ്രസവം. വീട്ടില്‍ വെച്ചുള്ള പ്രസവം ആ ഗ്രാമത്തില്‍ സാധാരണം. രാധികയ്ക്ക് പ്രസവത്തിനുമുമ്പോ ശേഷമോ എന്തെങ്കിലും കൗണ്‍സലിങ്ങോ വൈദ്യപരിചരണമോ ലഭിച്ചിരുന്നില്ല. കുഞ്ഞ് ജനിച്ച് ഒരുമാസത്തിനകം രാധികയില്‍ അസ്വാഭാവികത കണ്ടുതുടങ്ങി. കുഞ്ഞിനെ നോക്കാനോ വീട്ടിലെ കാര്യങ്ങളിലോ താത്പര്യമില്ലാതായി. ഒരു ദിവസം വീട്ടിലുള്ളവരെല്ലാം പുറത്തുപോയ സമയത്ത് രാധിക ദേഹത്ത് തീകൊളുത്തി. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഭൂരിഭാഗവും പൊള്ളലേറ്റിരുന്നു. എട്ടുദിവസത്തിനുശേഷം രാധിക മരിച്ചു.

ഇവിടെ രാധിക എന്ന യുവതിയെ മരണത്തിലേക്ക് നയിച്ചത് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. പ്രസവത്തിനുമുമ്പും ശേഷവും കൃത്യമായ കൗണ്‍സലിങ് ലഭിച്ചിരുന്നെങ്കില്‍ അവള്‍ ഇന്നും കുഞ്ഞിനോടൊപ്പം സന്തോഷത്തോടെ ജീവിക്കുമായിരുന്നു.

'കുഞ്ഞിനെ കൊന്നത് ഞാന്‍തന്നെ'

ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി അമ്മയാല്‍ കൊല്ലപ്പെടുമ്പോഴും പ്രസവിച്ച് അധികനാള്‍ കഴിയുംമുമ്പ് അമ്മ ആത്മഹത്യ ചെയ്യുമ്പോഴുമൊക്കെയാണ് അവരുടെ മാനസികനില ചര്‍ച്ചയാകുന്നതെന്ന് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൗണ്‍സലിങ് സൈക്കോളജിസ്റ്റായ ഗായത്രി നാരായണന്‍ പറയുന്നു. മാസങ്ങള്‍ക്കുള്ളില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനില്‍നിന്ന് മുക്തരാകുന്നവരില്‍ തുടങ്ങി വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്നവര്‍വരെയുണ്ട്.

ഒരിക്കല്‍ മകളുടെ കരിയര്‍ സംബന്ധമായ കൗണ്‍സലിങ്ങിന് വന്നപ്പോള്‍ മാത്രം ഭാര്യയ്ക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനാണെന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവിനെ പരിചയമുണ്ടെന്ന് ഗായത്രി പറയുന്നു. കുഞ്ഞുണ്ടായതിനുശേഷം എല്ലാറ്റിനോടും താത്പര്യക്കുറവ്, കുഞ്ഞിനെ ശ്രദ്ധിക്കാതായി തുടങ്ങിയ കുറ്റങ്ങള്‍ പറഞ്ഞാണ് അയാള്‍ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടിയത്. ചികിത്സിച്ചാല്‍ മാറുമായിരുന്ന മാനസികാവസ്ഥയെ തിരിച്ചറിയാതെ പോയതിലൂടെ ഒരു കുഞ്ഞിന് അമ്മയെക്കൂടിയാണ് നഷ്ടമായത്.

പോസ്റ്റ്പാര്‍ട്ടം സൈക്കോസിസിലേക്കെത്തി അമ്മമാര്‍ കുഞ്ഞിനെ കൊന്ന സംഭവങ്ങളുമുണ്ട്. കുഞ്ഞ് പിറന്ന് രണ്ടുമാസം കഴിഞ്ഞപ്പോള്‍ മരിച്ചു. അതില്‍പ്പിന്നെ അമ്മ മനോരോഗിയായി എന്നുപറഞ്ഞാണ് ആ കുടുംബം ആശുപത്രിയിലെത്തിയത്. കുഞ്ഞ് ശ്വാസംമുട്ടി മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട് വന്നത്. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത രീതിയിലാണ് ആ അമ്മ പെരുമാറിയിരുന്നതെന്നും വീട്ടുകാര്‍. കുഞ്ഞ് ജനിച്ചതിനുശേഷം നോക്കിയിട്ടേയില്ല. ഭര്‍ത്താവിനെയും വീട്ടുകാരെയും അവഗണിക്കുക, വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുക, ടെറസില്‍നിന്ന് ചാടുമെന്ന് പറയുക തുടങ്ങിയ ലക്ഷണങ്ങളാണ് കാണിച്ചിരുന്നത്. ഇരുപതാം ദിവസം ശിശുരോഗവിദഗ്ധനെ കാണിച്ചപ്പോള്‍ കുഞ്ഞിനെ നന്നായി നോക്കണമെന്നതുള്‍പ്പെടെയുള്ള ഉപദേശങ്ങള്‍മാത്രമാണ് ലഭിച്ചത്; അമ്മയുടെ മാനസികനില വിഷയമായതേയില്ല. കുഞ്ഞും മരിച്ച് അമ്മ ആത്മഹത്യയ്ക്കുതുനിയുന്നത് കണ്ടപ്പോള്‍മാത്രമാണ് അമ്മയെ കൗണ്‍സലിങ്ങിനായി എത്തിച്ചത്. മരുന്നുകഴിച്ച് രണ്ടുമാസത്തിനുള്ളില്‍ അവര്‍ സ്വാഭാവിക അവസ്ഥയിലേക്കെത്തി. കുഞ്ഞിനെ കൊന്നത് താനാണെന്നും അതെങ്ങനെയാണെന്ന് കൃത്യമായി ഓര്‍ക്കുന്നില്ലെന്നുംപറഞ്ഞ് നിര്‍ത്താതെ കരഞ്ഞു. വിവാഹമോചനത്തിന്റെ വക്കിലെത്തിയിരുന്ന കുടുംബം വീണ്ടും സാധാരണ അവസ്ഥയിലേക്കെത്തി. ഭാര്യയുടെ അവസ്ഥ നേരത്തേ തിരിച്ചറിഞ്ഞ് മതിയായ ചികിത്സനല്‍കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമായിരുന്നു ഭര്‍ത്താവിന്.

പ്രശ്‌നം അമ്മയുടേതുമാത്രമല്ല

ഗര്‍ഭിണിയായിരിക്കുമ്പോഴും പ്രസവത്തിനുശേഷമുള്ള കുറച്ചുമാസങ്ങളിലും പല വിധത്തിലുള്ള മാനസികാസ്വാസ്ഥ്യങ്ങളിലൂടെ അമ്മ കടന്നുപോകാം. ഗര്‍ഭകാലത്തും പ്രസവശേഷവും ഉണ്ടാകുന്ന മാനസികാരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നുമാത്രമാണ് പ്രസവാനന്തര വിഷാദരോഗം. പ്രസവാനന്തര വിഷാദരോഗത്തെ അല്ലെങ്കില്‍ കടുത്ത മാനസികരോഗത്തെ തിരിച്ചറിയാതെ, പലപ്പോഴും അമ്മയില്‍ ഗര്‍ഭകാലത്ത് ബാധകൂടിയതാണെന്നുപറഞ്ഞ് പൂജകള്‍ക്ക് കൊണ്ടുപോകുന്ന സംഭവവും കുറവല്ലെന്ന് കോഴിക്കോട് ഇംഹാന്‍സിലെ സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് വിഭാഗം അധ്യാപകന്‍ ഡോ. രാഗേഷ് പറയുന്നു.

പ്രസവം കഴിഞ്ഞ് നാലാമത്തെ ദിവസം വീട്ടിലേക്കുപോയ അമ്മ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തനിയെ ഇരുന്ന് ചിരിക്കുന്നു, സംസാരിക്കുന്നു, ഭക്ഷണം കഴിക്കുന്നില്ല, കുഞ്ഞിനെ ശരിയാംവണ്ണം പരിപാലിക്കുന്നില്ല എന്നെല്ലാമായിരുന്നു വീട്ടുകാരുടെ പരാതി. ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം ക്ഷേത്രത്തിലും പൂജാരികളുടെയടുത്തുമൊക്കെ പോയി. ബാധതന്നെയാണെന്ന് ഉറപ്പിച്ചു. ഒടുവില്‍ പേരെടുത്ത ഒരു പൂജാരി ബാധ ഒഴിപ്പിക്കാന്‍ ഇരുമ്പ് പഴുപ്പിച്ച് നെറ്റിയിലും കൈയിലും കാലിലും വയറിലുമൊക്കെ വെച്ചു. കുട്ടിയെ ബാധ ഏല്‍ക്കാതിരിക്കാന്‍ കുപ്പിവള പഴുപ്പിച്ച് പൊക്കിളിലും െവച്ചിരുന്നു, പക്ഷേ, ഭാഗ്യംകൊണ്ട് അത് പഴുത്തിരുന്നില്ല. ഇവയൊക്കെ ചെയ്തിട്ടും ബാധ പോകുന്നില്ലെന്ന് മനസ്സിലായതോടെയാണ് ആശുപത്രിയിലെത്തുന്നത്. അപ്പോഴേക്കും അമ്മയുടെ ശരീരത്തിലെ മുറിവൊക്കെ പഴുത്തുതുടങ്ങിയിരുന്നു. പ്രാഥമികനിഗമനത്തില്‍ത്തന്നെ പോസ്റ്റ്പാര്‍ട്ടം സൈക്കോസിസാണെന്ന് മനസ്സിലായി. മരുന്നുതുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ പ്രകടമായ മാറ്റംവന്നു, അതിനൊപ്പം കുഞ്ഞിന്റെ കാര്യങ്ങളില്‍ ശ്രദ്ധനല്‍കാനും തുടങ്ങി. മൂന്നാഴ്ച കഴിഞ്ഞപ്പോഴേക്കും അവര്‍ പൂര്‍ണ ആരോഗ്യവതിയായി, നാലാഴ്ച പിന്നിട്ടപ്പോള്‍ ആശുപത്രിയില്‍നിന്ന് വീട്ടിലേക്കുപോയി.

പ്രസവാനന്തര വിഷാദരോഗവും കടുത്ത മാനസിക അസ്വാസ്ഥ്യങ്ങളും അനുഭവിക്കുന്ന ചില അമ്മമാരുടെ ഭര്‍ത്താക്കന്മാര്‍ക്കും ഈ കാലയളവില്‍ മാനസികപ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇത് സമ്മര്‍ദംമൂലമാകാം. അതുകൊണ്ടുതന്നെ ഈ പ്രശ്‌നം കുടുംബത്തെ മൊത്തം ബാധിക്കുന്ന പ്രശ്‌നമായി കണക്കാക്കിയാണ് ചികിത്സ നല്‍കേണ്ടത്. പ്രസവാനന്തര വിഷാദരോഗം അല്ലെങ്കില്‍ ഗര്‍ഭകാലത്തും പ്രസവശേഷവും ഉണ്ടാകുന്ന ഏതുതരത്തിലുമുള്ള മനസികരോഗങ്ങളും ഒരിക്കലും അമ്മയുടെമാത്രം പ്രശ്‌നമായി കാണരുതെന്ന് ഡോ. രാഗേഷ് പറയുന്നു. അമ്മയും കുഞ്ഞും അച്ഛനും ബാക്കി കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന രീതിയിലാണ് ചികിത്സ നല്‍കേണ്ടത്. ഗര്‍ഭകാലത്തും പ്രസവാനന്തരവും ഉണ്ടാകുന്ന മാനസികാരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. കുഞ്ഞുങ്ങളുടെ വളര്‍ച്ച നിരീക്ഷിക്കേണ്ടതുണ്ട്. കൂടാതെ അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്‌നേഹബന്ധത്തില്‍ ഉലച്ചിലുകളുണ്ടാകാം. ഇവയും കണ്ടുപിടിച്ച് പരിഹരിക്കേണ്ടതുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള ചികിത്സ ഇപ്പോള്‍ ഇംഹാന്‍സില്‍ നല്‍കുന്നുണ്ട്.

വിളിക്കൂ, പ്രതിസന്ധിഘട്ടങ്ങളില്‍

പ്രതിസന്ധിഘട്ടങ്ങളെ തരണംചെയ്യുന്നതിനായി അമ്മമാരെ സഹായിക്കാന്‍ ഒരു ഹെല്‍പ് ലൈന്‍ നമ്പര്‍ ഇപ്പോള്‍ കോഴിക്കോട് ഇംഹാന്‍സിലുണ്ട്. 8884426444 എന്ന നമ്പറില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ വിളിക്കാം. ഇംഹാന്‍സിലോ കോഴിക്കോട് ഐ.എം.സി.എച്ചിലോ ചികിത്സ തേടുന്ന ഗര്‍ഭിണികള്‍ക്കും രണ്ടുവയസ്സിനുതാഴെയുള്ള മക്കളുടെ അമ്മമാര്‍ക്കുമാണ് നിലവില്‍ ഈ സേവനം ലഭിക്കുന്നത്.

2018 ഒക്ടോബര്‍ പത്തിന് ലോക മാനസികാരോഗ്യദിനത്തിലാണ് ഐ.എം.സി.എച്ചില്‍ നവജാതശിശുക്കള്‍ക്കും അമ്മമാര്‍ക്കുംവേണ്ടിയുള്ള പ്രത്യേക സേവനപദ്ധതി തുടങ്ങിയത്. എല്ലാ തിങ്കളാഴ്ചയും രാവിലെ ഒന്പതുമുതല്‍ ഒരുമണിവരെ ഈ സേവനം ലഭ്യമാണ്. 2017ല്‍ ഇംഹാന്‍സില്‍ വനിതാക്‌ളിനിക്കും (എല്ലാ വ്യഴാഴ്ചയും ഒമ്പതുമുതല്‍ 12 വരെ) പ്രവര്‍ത്തനം തുടങ്ങി. ഗര്‍ഭകാലത്തും പ്രസവശേഷവും ഉണ്ടാകുന്ന മാനസികാരോഗ്യപ്രശ്‌നങ്ങള്‍ക്കും കൂടാതെ സ്ത്രീകളുടെ മാനസികാരോഗ്യം സംബന്ധിച്ച എല്ലാ വിഷയങ്ങള്‍ക്കും ഇവിടെ മാനസികാരോഗ്യസേവനങ്ങള്‍ ലഭ്യമാണ്.

(തുടരും)

Content Highlights: postpartum depression