ജന്മംനല്‍കിയവള്‍തന്നെ ജീവനുമെടുക്കുന്ന വാര്‍ത്തകള്‍ അടുത്തകാലത്തായി പെരുകിവരികയാണ്. പാലാരിവട്ടത്ത് നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തെന്ന വാര്‍ത്തയോടെയാണ് കഴിഞ്ഞദിവസത്തെ പുലരി പിറന്നത്. കുടുംബപ്രശ്നമാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കരുതുന്നത്. അമ്മമാര്‍ കൊലയാളികളാകുന്നതിനുപിന്നില്‍ ദാമ്പത്യത്തിലെ വിള്ളലും മറ്റു കുടുംബപ്രശ്‌നങ്ങള്‍ മാത്രമാണോ കാരണം? വിധി തീര്‍പ്പിലെത്തുന്നതിനുമുമ്പ് മറ്റൊരു തലംകൂടി പരിശോധിക്കേണ്ടതുണ്ട്. ഇത്തരം കൊലപാതകങ്ങളില്‍ പ്രസവാനന്തര വിഷാദരോഗവും വില്ലനാകാമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. ഏറെ ഗൗരവതരമായ ഈ വിഷയത്തില്‍ അന്വേഷണപരമ്പര തുടങ്ങുന്നു.

''ഈ കുഞ്ഞ് എന്റെ കുഞ്ഞല്ല ഡോക്ടര്‍, ഇതിനെ കാണാന്‍ കുരങ്ങിനെപ്പോലെയുണ്ട്.''-എന്തിനാണ് ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കിണറ്റിലേക്കു വലിച്ചെറിഞ്ഞതെന്ന ചോദ്യത്തിന് കോഴിക്കോട് മലബാര്‍ ഹോസ്പിറ്റല്‍  ചെയര്‍പേഴ്‌സണ്‍ ഡോ. ലളിതയ്ക്ക് മായ (യഥാര്‍ഥ പേരല്ല) നല്‍കിയ മറുപടിയാണിത്. എട്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനോടുള്ള വെറുപ്പ് കൂടിക്കൂടി അതിനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ കിണറ്റില്‍ എറിയുകയും ചെയ്തു. 

മായയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ബന്ധുക്കള്‍ കുഞ്ഞിനെ കാണാതെ തിരച്ചില്‍ നടത്തിയപ്പോഴാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ കിട്ടിയത്. പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മറ്റൊന്നും സംഭവിച്ചില്ല. വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റെ സാഫല്യമോ, അമ്മയാവാന്‍ കഴിഞ്ഞതോ ഒന്നും മായയെ സാന്ത്വനിപ്പിക്കുന്നില്ല, പകരം കുഞ്ഞിനോടും ജീവിതത്തോടും മടുപ്പുതോന്നിയ അവസ്ഥയിലായിരുന്നു അവര്‍. 

ചുറ്റുമുള്ളവര്‍ 'ഭ്രാന്ത്' എന്ന ഒരൊറ്റവാക്കില്‍ അവസാനിപ്പിക്കുന്ന മായയുടെ അവസ്ഥ അതിലും അപ്പുറമായിരുന്നു. 'പ്രസവാനന്തര വിഷാദരോഗം' എന്ന സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് ഈ യുവതി കടന്നുപോയതെന്ന് തിരിച്ചറിഞ്ഞത് ആശുപത്രിയില്‍ എത്തിയതുകൊണ്ടുമാത്രം. സൈക്യാട്രിസ്റ്റിനെ കണ്ട് ചികിത്സ തേടിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, സ്വന്തം ജീവനൊടുക്കാന്‍പോലും മായ മടിക്കില്ലായിരുന്നു എന്നാണ് ഡോക്ടര്‍ പറയുന്നത്.'കുഞ്ഞിനെയെടുത്ത് അമ്മ പുഴയില്‍ ചാടിമരിച്ചു, കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യചെയ്തു, നവജാതശിശുവിന്റെ മരണം; അമ്മ അറസ്റ്റില്‍....' നമ്മളെല്ലാം അലസമായി വായിച്ചുപോകുന്ന വാര്‍ത്താശീര്‍ഷകങ്ങള്‍. അവളൊരു അമ്മയാണോ? കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ക്ക് കൊടുക്കാമായിരുന്നില്ലേ തുടങ്ങി പൊതുജനത്തിന്റെ വിധിന്യായങ്ങളുമുയരും.

അമ്മമാരുടെ ഈ കുറ്റകൃത്യങ്ങള്‍ക്കുപിന്നിലെ സാമൂഹികാന്തരീക്ഷം വിശകലനം ചെയ്യുന്നതിനൊപ്പം പ്രധാനമാണ് അവരുടെ മാനസികനിലയും. പിഞ്ചുകുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതിനുപിന്നില്‍ അമ്മമാരിലെ പ്രസവാനന്തര വിഷാദരോഗവും കാരണമാകാമെന്നാണ് മനഃശാസ്ത്രവിദഗ്ധരുടെ വാദം. ശിശുമരണനിരക്കും അമ്മമാരുടെ ആത്മഹത്യയും കുറയ്ക്കുന്നതിനൊപ്പം അമ്മയും കുഞ്ഞും തമ്മിലുള്ള അഭേദ്യമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിനുപിന്നില്‍ അമ്മയുടെ മാനസികസൗഖ്യംകൂടി പ്രധാനമാണ്. 

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍; രോഗമല്ല, അവസ്ഥ മാത്രം

പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. ഗര്‍ഭാവസ്ഥയുടെ അവസാനംതൊട്ട് കുഞ്ഞുണ്ടായി ഏതാനും മാസംവരെ നീണ്ടുനില്‍ക്കുന്ന ഈ മാനസികാവസ്ഥയെ പൊതുവില്‍ മൂന്നായി തിരിക്കാം. പോസ്റ്റ്പാര്‍ട്ടം ബ്ലൂസ്, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍, പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്. പ്രസവത്തോടെ സ്ത്രീകളില്‍ ഈസ്ട്രജന്റെയും പ്രൊജസ്‌ട്രോണിന്റെയും കുറവുണ്ടാകുന്നതും സാമൂഹിക സാംസ്‌കാരിക ഘടകങ്ങളുമൊക്കെ വിഷാദരോഗത്തിലേക്കും നിരാശയിലേക്കും നയിക്കാം. 

രാജ്യത്തുതന്നെ അത്രയൊന്നും ചര്‍ച്ചചെയ്യാത്ത അതിഗൗരവകരമായ മാനസികാവസ്ഥയാണിത്. പ്രസവശേഷമുള്ള സ്ത്രീകളുടെ സ്വഭാവത്തിലുണ്ടാകുന്ന അസ്വാഭാവികതയെ കുറ്റപ്പെടുത്തുകയും കുത്തിനോവിക്കുകയും ചെയ്യാന്‍ വെമ്പുന്ന സമൂഹത്തിന് അത്രയൊന്നും പരിചിതവുമായിരിക്കില്ല ഈയവസ്ഥ. 

സൈക്യാട്രിസ്റ്റിന്റെ സേവനം

പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ നിര്‍ബന്ധമായും അമ്മയെ ആശുപത്രിയില്‍ എത്തിക്കണം. മറ്റ് അസുഖങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കിയതിനുശേഷമേ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ആണെന്ന് നിര്‍ണയിക്കാവൂ എന്ന് ഡോ. ലളിത പറയുന്നു. മെനിഞ്ചൈറ്റിസ്, രക്താതിസമ്മര്‍ദം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തണം. മാനസികസമ്മര്‍ദം കൂടി ഒരുപരിധി കഴിയുമ്പോഴേക്കും പുറത്തേക്കുചാടുന്ന അവസ്ഥയാണിത്. പലര്‍ക്കും സൈക്യാട്രിസ്റ്റ് എന്നെഴുതിയിരിക്കുന്ന ബോര്‍ഡിന്റെ കീഴിലിരിക്കുന്ന ഡോക്ടറെ കാണാന്‍ മടിയാണ്. സൈക്യാട്രിസ്റ്റിനെ കണ്ടാല്‍ ഭ്രാന്താണെന്നാണ് പലരുടെയും ധാരണ. മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടു തോന്നിയാല്‍ മടിക്കാതെ സൈക്യാട്രിസ്റ്റിനെ കാണിക്കണം. എന്തെങ്കിലും അസ്വാഭാവികമായ ചിന്തകള്‍ അലട്ടിയാല്‍ ഉടന്‍ ഡോക്ടറെ കാണിക്കാന്‍ മടിക്കരുത്. പ്രത്യേക പരിചരണം അമ്മയ്ക്കു വേണമെന്നുണ്ടെങ്കില്‍ അമ്മയ്‌ക്കൊപ്പം കൂടുതലാളുകളെ നിര്‍ത്താന്‍ മറക്കരുതെന്നും ഡോക്ടര്‍ പറയുന്നു.

കാരണങ്ങള്‍?

ഗര്‍ഭകാലത്തെ ഹോര്‍മോണുകളുടെ വ്യതിയാനം, പ്രസവത്തിന്റെ ക്ഷീണം, കുഞ്ഞിനെ എങ്ങനെ നോക്കും എന്ന ആകുലത, വരുമാനക്കുറവ്, ബന്ധങ്ങളുടെ തകര്‍ച്ച, ഗര്‍ഭധാരണവും പ്രസവവും പ്രയാസമുള്ളതാവുക, കുഞ്ഞിന് എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടാവുക, ജോലി ചെയ്യുന്നിടത്തെ മാനസികസമ്മര്‍ദം, പ്രിയപ്പെട്ടവരുടെ മരണം, മുമ്പുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യം, കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും വിഷാദരോഗമോ മാനസികാസ്വാസ്ഥ്യമോ ഉണ്ടാവുക, ആദ്യപ്രസവത്തിലെ സങ്കീര്‍ണത തുടങ്ങിയവയെല്ലം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലേക്കു നയിക്കാം.

പാല്‍ ചുരത്താന്‍ സമ്മര്‍ദം

''ഇവളുടെ മുല മുറിച്ചാല്‍പോലും അല്പം പാലു വരില്ല ഡോക്ടറേ''-  മരുമകളെക്കുറിച്ച് ഒരു അമ്മായിയമ്മ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുന്നു കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ. മോളി ആന്റണി. അനാവശ്യ കാരണങ്ങളില്‍  സമ്മര്‍ദം ചെലുത്തുന്നതും അമ്മയെ പ്രസവാനന്തര വിഷാദരോഗത്തിലേക്കു നയിക്കാം. ആദ്യദിനംതന്നെ പാല്‍ ചുരത്തുന്നില്ലെന്നത് അസാധാരണമല്ല, അമ്മയില്‍ സമ്മര്‍ദം ചെലുത്താതെ പാലുണ്ടാകും എന്നു പറഞ്ഞ് എപ്പോഴും ആശ്വസിപ്പിച്ചാല്‍മാത്രമേ പാലു ചുരത്താന്‍ കഴിയൂ. നാട്ടുകാരുടെയും കുടുംബക്കാരുടെയും കുറ്റപ്പെടുത്തലുകള്‍ കേട്ട് പാലു കുറവായതിനാല്‍ താനൊരു നല്ല അമ്മയല്ലെന്ന ചിന്തയുമായി നടക്കുന്നവര്‍ പോലുമുണ്ട്. പോസ്റ്റ്‌നേറ്റല്‍ വാര്‍ഡിലെ സിസ്റ്റര്‍മാരും റൗണ്ട്‌സിനു വരുന്ന ഡോക്ടര്‍മാരുമാണ് പ്രസവാനന്തര വിഷാദരോഗം ആദ്യം കണ്ടുപിടിക്കുന്നതെന്ന് മോളി ആന്റണി പറയുന്നു. 

റീച്ച് അപ്രോച്ച് എന്ന പ്രക്രിയയിലൂടെയാണ് ഇതിനെ നേരിടുന്നത്. ആശ്വസിപ്പിക്കല്‍, പ്രചോദിപ്പിക്കല്‍ , അഭിനന്ദിക്കല്‍, ആശയവിനിമയം, സഹായിക്കല്‍ എന്നിങ്ങനെയാണ് ഈ ചികിത്സാരീതിയുടെ ഘട്ടങ്ങള്‍. പ്രസവത്തിനുമുമ്പും ശേഷവും കൗണ്‍സലിങ് നല്‍കേണ്ടതും നിര്‍ബന്ധമാണ്. ആന്റിപാര്‍ട്ടം കൗണ്‍സലിങ് എന്ന പേരിലാണ് ആശുപത്രികളില്‍ ഇവ നല്‍കാറുള്ളത്. ഗര്‍ഭിണിയും കുടുംബവുമാണ് ഇതില്‍ പങ്കെടുക്കേണ്ടത്. പ്രസവാനന്തര വിഷാദരോഗമാണെന്നു തിരിച്ചറിയപ്പെടാതെ പോവുകയും മതിയായ ചികിത്സയും കുടുംബപിന്തുണയും ഇല്ലാതെ വരികയും ചെയ്യുമ്പോഴാണ് അക്രമസ്വഭാവത്തിലേക്കും ആത്മഹത്യാ ചിന്തയിലേക്കും നീങ്ങുന്നതെന്നും ഡോ. മോളി പറയുന്നു.  

അവസ്ഥകള്‍ മൂന്ന്

പോസ്റ്റ്പാര്‍ട്ടം ബ്ലൂസ് എണ്‍പതു ശതമാനത്തോളം സ്ത്രീകളില്‍കണ്ടുവരുന്നുണ്ട്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അകാരണമായ ദേഷ്യം, കരച്ചില്‍, ഭയം എന്നിവയൊക്കെ ഇതിന്റെ ഭാഗം. മാനസികമായ സന്തോഷവും കുഞ്ഞിനോടുള്ള താത്പര്യവും കുറയുന്ന അവസ്ഥയാണിത്. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന പോസ്റ്റ്പാര്‍ട്ടം ബ്ലൂസ് ഒരു രോഗാവസ്ഥയായി കണക്കാക്കുന്നില്ല. കൗണ്‍സലിങ്ങിലൂടെതന്നെ ഭേദമാക്കാവുന്നതാണ്.

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഒരാഴ്ച കഴിഞ്ഞും നിലനില്‍ക്കുകയും മനോനില കൂടുതല്‍ തകരാറിലാവുകയും ചെയ്യുന്നതാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. 10-15 ശതമാനം സ്ത്രീകളിലും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.  എപ്പോഴും വിഷാദം, കുഞ്ഞിന്റെ കാര്യങ്ങളിലുള്ള അശ്രദ്ധ, ശുചിത്വം ഇല്ലാതിരിക്കുക, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ആത്മഹത്യാ പ്രവണത, കുഞ്ഞിനോടുള്ള വെറുപ്പ്, കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയവയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ പ്രധാന ലക്ഷണങ്ങള്‍. തുടക്കത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ കുഞ്ഞിന്റെ ജീവനും സ്വന്തം ജീവനും വരെ ഭീഷണിയാകാവുന്ന അവസ്ഥയാണിത്. 

മൂന്നാമത്തേതും ഏറ്റവും ഗുരുതരവുമായ അവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്. കുഞ്ഞിനോടുള്ള വെറുപ്പ് ഈ ഘട്ടത്തില്‍ കൂടുതലായിരിക്കും, കുഞ്ഞിനെച്ചൊല്ലിയുള്ള അരക്ഷിതാവസ്ഥ, ആത്മഹത്യാ പ്രവണത, അമിതമായ ദേഷ്യം, ഭയം എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. യാഥാര്‍ഥ്യബോധം നഷ്ടമാകുന്നതിനൊപ്പം അക്രമവാസനയും കാണിക്കും. പ്രതീക്ഷയില്ലായ്മ, ഊര്‍ജക്കുറവ്, കുറ്റബോധം, അമിത ആകാംക്ഷ തുടങ്ങിവയൊക്കെ ഈ ഘട്ടത്തില്‍ കൂടുതലായിരിക്കും. നിര്‍ബന്ധമായും മരുന്നുകള്‍ സ്വീകരിക്കേണ്ട ഘട്ടമാണിത്. 
(തുടരും)

Content Highlights: Postpartum Depression, Depression in women, postpartum Depression treatment