ആര്‍ത്തവം തുടങ്ങുക എന്നത് ഒരു പെണ്‍കുട്ടിയുടെ ജീവിതചക്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റം തന്നെയാണ്. ശാരീരികമായി മാത്രമല്ല മാനസികമായും സാമൂഹികമായും ഇതുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ ചെറുതല്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കളിലും ഇത് മാറ്റങ്ങള്‍ വരുത്തുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ആദ്യ ആര്‍ത്തവം ആകുമ്പോള്‍ അടുത്ത ബന്ധുക്കളെയും മിത്രങ്ങളെയും അറിയിക്കുക, അവര്‍ പുതിയ വസ്ത്രങ്ങളും സമ്മാനങ്ങളും ഒക്കെയായി കാണാന്‍ വരിക എന്നിങ്ങനെയുള്ള ചടങ്ങുകളൊക്കെ മുന്‍പ് നിലനിന്നിരുന്നു. ആര്‍ത്തവം ആവുക എന്നത് ഒരു മോശം കാര്യമല്ല എന്നുള്ള സൂചന നല്‍കല്‍ തന്നെയാകാം ഇതിന്റെ ലക്ഷ്യവും.
എന്നാല്‍, ചില മാതാപിതാക്കള്‍ മകള്‍ക്ക് ആര്‍ത്തവമായി എന്നറിഞ്ഞാല്‍ 'അയ്യോ' എന്ന ഒരു പ്രതികരണമാകാം പ്രകടിപ്പിക്കുന്നത്. സ്വാഭാവികമായും ഇത് എന്തോ മോശം കാര്യമാണെന്നുള്ള ഒരു തോന്നലാവും കുട്ടിക്ക് നല്‍കുന്നത്. ഒപ്പം വരുന്ന ചെറിയ ശാരീരിക അസ്വസ്ഥതകളും രക്തം സ്രവിക്കലും ഒക്കെ ഈ ഒരു വിശ്വാസത്തിന് ബലം നല്‍കിയേക്കാം. അതിനാല്‍ വളരെ സ്വാഭാവികമായി നടക്കേണ്ട ഒരു കാര്യം തന്നെയാണ് നടന്നത് എന്ന തോന്നല്‍ കുട്ടിയില്‍ ഉണ്ടാക്കുന്ന രീതിയില്‍ തന്നെ വേണം ആദ്യ ആര്‍ത്തവത്തെ നാം സ്വീകരിക്കേണ്ടത്. കൃത്യമായ ആര്‍ത്തവചര്യ കൗമാരപ്രായത്തിലുടനീളം നല്‍കുന്നത് പ്രത്യുത്പാദന വ്യവസ്ഥയുടെ ആരോഗ്യകരമായ പരിപാലനത്തിന് അനിവാര്യമാണ്.
എന്തൊക്കെ ശ്രദ്ധിക്കാം:
- ഈ സമയത്ത് ശരീരഭാരവും വണ്ണവും കൂടുന്ന രീതിയില്‍ ഉള്ള ആഹാരം നല്‍കുന്നത് സാധാരണയായി കണ്ടുവരുന്ന ഒരു പ്രവണതയാണ്. ഇത് തീര്‍ത്തും അനാരോഗ്യകരമാണ്. വിശപ്പിനനുസരിച്ച് ആരോഗ്യകരമായ, ദഹിക്കാന്‍ എളുപ്പമുള്ള ആഹാരക്രമമാകും ഉചിതം.
- രക്തസ്രാവമുള്ള ആദ്യദിവസങ്ങളില്‍ ഒരു ആയുര്‍വേദ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഗര്‍ഭാശയശുദ്ധിക്ക് ആവശ്യമായ മരുന്നുകള്‍ സേവിക്കാവുന്നതാണ്.
- മുക്കുറ്റി, തുമ്പ തുടങ്ങിയവ ചേര്‍ത്ത് വീട്ടിലുണ്ടാക്കുന്ന അരി, കുറുക്ക് എന്നിവ ഉപയോഗിക്കാം.
- ഒരു നേരം, യവം കൊണ്ടുണ്ടാക്കുന്ന കഞ്ഞി കഴിക്കാം.
- ആയാസകരമായ ശരീര വ്യാപാരങ്ങള്‍, വ്യായാമങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക.
- ഈ സമയത്ത്, ആഹാരം പാകം ചെയ്യാന്‍ എള്ളെണ്ണ ഉപയോഗിക്കാം
ആര്‍ത്തവം എന്താണെന്നും ആര്‍ത്തവ ശുചിത്വം എങ്ങനെ പാലിക്കണമെന്നും എങ്ങനെ ആരോഗ്യം ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളില്‍ കുട്ടിക്ക് കൃത്യമായ അറിവ് കൊടുക്കേണ്ട സമയം കൂടിയാണ് ഇത്. തുടര്‍ന്ന് വരുന്ന ഓരോ മാസമുറയെയും കൂടുതല്‍ കരുതലോടെ ഉള്‍ക്കൊള്ളുവാനും ആരോഗ്യകരമായി പരിപാലിക്കുവാനും ഇത് സഹായകമാകും.
കടപ്പാട്: ഡോ.സൂര്യലക്ഷ്മി പി.ബി
അസിസ്റ്റന്റ് പ്രൊഫസര്‍
പ്രസൂതി തന്ത്രം& സ്ത്രീരോഗ വിഭാഗം
അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം, വാവന്നൂര്‍, പാലക്കാട്
Content Highlights: Health, wellness, Women Health, Menstruation