സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ അനേകം വ്യതിയാനങ്ങള്‍ സംഭവിക്കുന്ന സമയമാണ് ആര്‍ത്തവവിരാമകാലം. ആഹാരകാര്യത്തിലും ജീവിതശൈലിയിലും വേണ്ടവിധത്തില്‍ ശ്രദ്ധ ചെലുത്തുന്നതിലൂടെ ഈ കാലത്ത് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കാന്‍ സഹായിക്കും. 

സാമാന്യമായി പറഞ്ഞാല്‍, 45നും 55നും മധ്യേ പ്രായമുള്ള സ്ത്രീകളില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തോളം ആര്‍ത്തവം കാണാതിരിക്കുന്ന സാഹചര്യത്തില്‍ ആര്‍ത്തവവിരാമമായി കണക്കാക്കുന്നു. ഗര്‍ഭാശയം നീക്കുന്ന ശസ്ത്രക്രിയ, കീമോതെറാപ്പി തുടങ്ങിയവ മുഖേനയും ഇന്ന് പല സ്ത്രീകളില്‍ ആര്‍ത്തവവിരാമമാകുന്നുണ്ട്.

ആര്‍ത്തവവിരാമലക്ഷണങ്ങള്‍

ശരീരത്തില്‍ ഇടയ്ക്കിടെ നന്നേ ചൂട് അനുഭവപ്പെടുക, അതുപോലെ വിയര്‍ക്കുക, ഉറക്കക്കുറവ്, പെട്ടെന്ന് സങ്കടവും ദേഷ്യവും വരിക, തലവേദന, ഉത്കണ്ഠ, ഏകാഗ്രതയില്ലായ്മ, യോനിവരള്‍ച്ച, മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിങ്ങനെയുള്ള പല ബുദ്ധിമുട്ടുകളും ആര്‍ത്തവവിരാമത്തോടനുബന്ധിച്ച് സ്ത്രീകളില്‍ കാണാം.

ആഹാര കാര്യത്തില്‍ ശ്രദ്ധിക്കേണ്ടവ

എരിവ്- പുളി എന്നിവയുടെ അമിതോപയോഗം, മൈദ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍, തലേന്നത്തെ ആഹാരം വീണ്ടും ചൂടാക്കി കഴിക്കുക, ദഹിക്കാന്‍ പ്രയാസമുള്ള ആഹാരം, കട്ടന്‍ചായ, കട്ടന്‍കാപ്പി, ഗ്രീന്‍ടീ എന്നിവയുടെ ഉപയോഗം- തുടങ്ങിയ കാര്യങ്ങള്‍ പരമാവധി ഒഴിവാക്കുക. മലശോധന സുഗമമാക്കുന്ന ആഹാരരീതി സ്വായത്തമാക്കുക. പാല്‍, തവിടുള്ള ധാന്യങ്ങള്‍, പച്ചക്കറികള്‍,  ഉണക്കമുന്തിരി, നെല്ലിയ്ക്ക, മാതളം പോലുള്ള പഴവര്‍ഗങ്ങള്‍ മുതലായവ ആവശ്യാനുസരണം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

ജീവിതശൈലിയില്‍ ശ്രദ്ധിക്കേണ്ടത്

ശരീരബലത്തിനനുസരിച്ചിട്ടുള്ള വ്യായാമം ചെയ്യുക, വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇഷ്ടപ്പെട്ട  വിനോദങ്ങളില്‍ ഏര്‍പ്പെടുക, ആസനങ്ങള്‍, ശ്വസന വ്യായാമങ്ങള്‍, പ്രാണായാമം, ധ്യാനം എന്നിവ പരിശീലിക്കുക തുടങ്ങിയവയെല്ലാം തന്നെ ശാരീരിക- മാനസിക ആരോഗ്യത്തിന് പ്രയോജനപ്രദമാണ്. പരമാവധി പരുത്തി കൊണ്ടുള്ള വസ്ത്രം ധരിക്കുന്നത് നന്നാവും.  ആര്‍ത്തവവിരാമത്തോടനുബന്ധിച്ച് കാണുന്ന  ആരോഗ്യപ്രശ്‌നങ്ങള്‍മൂലം ദൈനംദിനജീവിതം ദുസ്സഹമാകുന്നുവെങ്കില്‍ വൈദ്യസഹായം നിര്‍ബന്ധമായും തേടേണ്ടതാണ്. അഭ്യംഗം, ശിരോധാര തുടങ്ങിയ ചികിത്സ വൈദ്യനിര്‍ദേശപ്രകാരം ചെയ്യാവുന്നതാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്: 
ജീന അരവിന്ദ് യു.
അസോസിയേറ്റ് പ്രൊഫസര്‍ & എച്ച്.ഒ.ഡി.
പ്രസൂതിതന്ത്ര & സ്ത്രീരോഗ
അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം, വാവന്നൂര്‍, പാലക്കാട്

Content Highlights: Health, Menopause these are the do's and don'ts you should know women's health