ര്‍ത്തവം നിലച്ച് ഒരു വര്‍ഷത്തിന് ശേഷം ഉണ്ടാകുന്ന രക്തസ്രാവത്തെയാണ് പോസ്റ്റ് മെനപ്പോസല്‍ ബ്ലീഡിങ് എന്ന് പറയുന്നത്. ആര്‍ത്തവ വിരാമശേഷമുണ്ടാകുന്ന ചെറിയ അളവിലുള്ള രക്തസ്രാവത്തെ പോലും ഗൗരവത്തോടെ കണ്ട് വിദഗ്ധ പരിശോധന നടത്തണമെന്ന്‌ ഗൈനക്കോളജിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്നു.  

ആര്‍ത്തവവിരാമശേഷമുള്ള എല്ലാ രക്തസ്രാവവും കാന്‍സര്‍ ആകണമെന്നില്ല. ആര്‍ത്തവവിരാമശേഷം രക്തസ്രാവമുണ്ടാകുന്ന പത്തില്‍ ഒരു സ്ത്രീകളില്‍ മാത്രമാണ് കാന്‍സര്‍ കോശങ്ങള്‍ കണ്ടെത്തുന്നത്. ആര്‍ത്തവവിരാമം വന്നവരില്‍ സ്ത്രീ ഹോര്‍മോണുകളുടെ അഭാവം മൂലം ഗര്‍ഭപാത്രത്തിന്റെ ഉള്‍വശത്തെ സ്തരത്തിന്റെ കട്ടികുറയുന്ന അവസ്ഥ (അട്രോപിക് എന്‍ഡോമെട്രിയം), യോനിയുടെ കട്ടി കുറയുന്ന അവസ്ഥ(അട്രോപിക് വജൈന) എന്നിവ രക്തസ്രാവത്തിന് കാരണമാകാം. 

മറ്റ് കാരണങ്ങള്‍ ഇവയാണ്

* എന്‍ഡോമെട്രിയല്‍/ സെര്‍വിക്കല്‍ പോളിപ്‌സ്: കാന്‍സര്‍കാരികളോ അല്ലാത്തതോ ആയ കോശങ്ങള്‍ ഗര്‍ഭപാത്രത്തിന്റെ ഉള്ളില്‍ വളരുന്നത്. ഇത് വിദഗ്ധ പരിശോധനയ്ക്ക് ശേഷം നീക്കം ചെയ്യണം. 
* ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി ചെയ്യുന്നത്
* ഗര്‍ഭപാത്രത്തിന്റെ എന്‍ഡോമെട്രിയത്തിന് കട്ടികൂടുന്നത്
* ചില അസുഖങ്ങള്‍ മൂലം രക്തത്തിന് കട്ടികുറയ്ക്കാന്‍ മരുന്ന് കഴിക്കുന്നവരിലും ആര്‍ത്തവവിരാമശേഷം രക്തസ്രാവമോ ബ്ലഡ് സ്‌പോട്ടിങ്ങോ ഉണ്ടാകാം. 

സങ്കീര്‍ണത കൂട്ടുന്നത് ആരിലൊക്കെ 

* അമിതവണ്ണവും ഭാരവുമുള്ളവര്‍. ഈ അവസ്ഥയുള്ള സ്ത്രീകളില്‍ കട്ടി കൂടിയ ഗര്‍ഭപാത്രവും കാന്‍സര്‍ സാധ്യതയും ഉണ്ടാവാം. 
* ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി ചെയ്യുന്നവര്‍
* ഓറല്‍ ഈസ്ട്രജന്‍ തെറാപ്പി ചെയ്യുന്നവര്‍
* ഗര്‍ഭപാത്ര-അണ്ഡാശയ കാന്‍സറുകള്‍, സ്തനാര്‍ബുദം എന്നിവയുടെ കുടുംബപശ്ചാത്തലമുള്ളവര്‍. 

ചെയ്യേണ്ട പരിശോധനകള്‍

രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ ഗൈനക്കോളജിസ്റ്റ് വിശദമായ പരിശോധനകള്‍ നടത്തും. 
പാപ്‌സ്മിയര്‍ ടെസ്റ്റ്: ഗര്‍ഭാശയ മുഖത്തു നിന്ന് അല്പം കോശങ്ങള്‍ ഒരു സ്വാബ് ഉപയോഗിച്ച് ശേഖരിച്ച് മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ പരിശോധിക്കുന്ന പ്രക്രിയയാണ് പാപ് സ്മിയര്‍ ടെസ്റ്റ്. 
ട്രാന്‍സ് വജൈനല്‍ അള്‍ട്രാസൗണ്ട്:  ഈ പരിശോധന വഴി ഗര്‍ഭപാത്രം, അണ്ഡാശയങ്ങള്‍ എന്നിവ കൂടുതല്‍ വ്യക്തതയോടെ കാണാന്‍ സാധിക്കും. എന്‍ഡോമെട്രിയല്‍ കട്ടി നാല് എം.എമ്മില്‍ കുറവാണ് ആര്‍ത്തവവിരാമശേഷം കാണേണ്ടത്. അള്‍ട്രാസൗണ്ട് പരിശോധനയിലൂടെ എന്‍ഡോമെട്രിയത്തിന് കട്ടികൂടുതലായി കണ്ടാല്‍ അതിന്റെ സാംപിളെടുത്ത് പരിശോധിക്കും. ഇതിന്റെ ഫലത്തിന് അനുസരിച്ചായിരിക്കും രോഗമുണ്ടോ എന്ന് തിരിച്ചറിയുന്നത്. കാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ വിദഗ്‌ധോപദേശ പ്രകാരം ചികിത്സ തേടണം. 

Content Highlights: Is Postmenopausal bleeding cause cancer uterus health treatment, What is postmenopausal bleeding