ക്തഗ്രൂപ്പുകൾ പലതരത്തിലുണ്ട്. A,B,AB,O എന്നിവയാണവ. ഈ ഓരോ ഗ്രൂപ്പുകൾക്കും നെഗറ്റീവ്, പോസിറ്റീവ് ഗ്രൂപ്പുകളുമുണ്ട്. പോസിറ്റീവ് ഗ്രൂപ്പുകൾ സർവസാധാരണമാണ്. നെഗറ്റീവ് ഗ്രൂപ്പുകളാകട്ടെ അപൂർവവും.

നെഗറ്റീവ് ഗ്രൂപ്പ് ഉണ്ടാകുന്നത് ഇങ്ങനെ

രക്തകോശങ്ങളുടെ ഉപരിതലത്തിൽ കാണുന്ന ഒരു പ്രോട്ടീനാണ് റീസസ് ഫാക്ടർ (ആർ.എച്ച്. ഫാക്ടർ). ഈ ഫാക്ടർ ഇല്ലാത്ത രക്തഗ്രൂപ്പുകളാണ് നെഗറ്റീവ് ഗ്രൂപ്പ് എന്ന് പറയുന്നത്. പാരമ്പര്യം മൂലം കൈമാറിവരുന്ന ജീനുകളാണ് ഈ അവസ്ഥയ്ക്കിടയാക്കുന്നത്. നെഗറ്റീവ് രക്തഗ്രൂപ്പുള്ളവർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ രക്തം ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും എന്നല്ലാതെ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാൽ സ്ത്രീകളിൽ ഗർഭകാലത്ത് ചിലപ്പോൾ പ്രശ്നമുണ്ടാകാൻ ഇടയുണ്ട്.

അമ്മ നെഗറ്റീവും ഗർഭസ്ഥ ശിശു പോസിറ്റീവുമായാൽ

നെഗറ്റീവ് രക്തഗ്രൂപ്പുള്ള സ്ത്രീ ഗർഭിണിയായാൽ ഗർഭസ്ഥ ശിശുവിന്റെ രക്തഗ്രൂപ്പ് നിർണയിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കുഞ്ഞിന്റെ രക്തഗ്രൂപ്പ് നെഗറ്റീവാണെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും യാതൊരു പ്രശ്നങ്ങളുമുണ്ടാകില്ല. എന്നാൽ കുഞ്ഞിന്റെ രക്തഗ്രൂപ്പ് പോസിറ്റീവാണെങ്കിൽ ഭാവിയിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ ഗർഭകാലത്ത് തന്നെ ചില ചില മുൻകരുതൽ എടുക്കേണ്ടി വരും.

അമ്മയുടെ നെഗറ്റീവ് രക്തവും കുഞ്ഞിന്റെ പോസിറ്റീവ് രക്തവും തമ്മിൽ കൂടിക്കലുമ്പോൾ ആന്റിജൻആന്റിബോഡി റിയാക്ഷൻ ഉണ്ടാകും. ഇതോടെ പോസിറ്റീവ് രക്തഗ്രൂപ്പിനെതിരെ പ്രവർത്തിക്കാനുള്ള ഒരു ആന്റിബോഡി ശരീരത്തിൽ ഉത്‌പാദിപ്പിക്കപ്പെടും.

ഇത് ശരീരത്തിൽ പിൽക്കാലത്ത് മുഴുവൻ നിലനിൽക്കും. ഈ പ്രസവത്തിൽ പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നുപോകുമെങ്കിലും രണ്ടാമത് ഗർഭിണിയാകുമ്പോൾ, ആ കുഞ്ഞിന്റെ രക്തഗ്രൂപ്പും പോസിറ്റീവായാൽ നേരത്തെ അമ്മയുടെ ശരീരത്തിൽ രൂപംകൊണ്ട ആന്റിബോഡികൾ പ്ലാസെന്റ മറികടന്ന് ഗർഭസ്ഥ ശിശുവിന്റെ ചുവന്ന രക്തകോശങ്ങൾക്കെതിരെ പ്രവർത്തിക്കും. ഇത് ചുവന്ന രക്താണുക്കൾ വളരെ വേഗത്തിൽ നശിക്കുന്നതിന് ഇടയാക്കും. ആർ.എച്ച്. ഇൻകോംപാറ്റിബിലിറ്റി എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

ഇതുമൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ ഇവയാണ്.

  • കുഞ്ഞിന് ഗുരുതരമായ വിളർച്ച (രക്തക്കുറവ്)
  • ഓക്സിജൻ ലഭ്യതക്കുറവ്
  • ഹൃദയത്തകരാറുകൾ
  • ജനിച്ച ഉടനെയുള്ള മഞ്ഞപ്പിത്തം
  • മസ്തിഷ്കത്തകരാറുകൾ

ഈ പ്രശ്നങ്ങൾ ഉണ്ടാകുന്ന പക്ഷം കുഞ്ഞിന് ഗർഭപാത്രത്തിൽ വെച്ചുതന്നെ പൊക്കിൾക്കൊടിയിലൂടെ രക്തം കയറ്റേണ്ടിവരും.

ചെയ്യേണ്ടത്

ആദ്യമായി ഗർഭിണിയായാൽ അമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും രക്തഗ്രൂപ്പ് ഡോക്ടർ നിർണയിക്കും. അമ്മയുടേത് പോലെ നെഗറ്റീവ് രക്തഗ്രൂപ്പ് തന്നെയാണെങ്കിൽ പ്രശ്നമില്ല. പോസിറ്റീവ് രക്തഗ്രൂപ്പാണെങ്കിൽ ഗർഭകാലത്ത് ഉടനീളം കൃത്യമായി ഗർഭിണിയെയും ഗർഭസ്ഥശിശുവിനെയും നിരീക്ഷിക്കണം. ഒപ്പം വളരെ ശ്രദ്ധാപൂർവമുള്ള ഗർഭകാല പരിചരണം നൽകുകയും വേണം.
ഗർഭസ്ഥ ശിശുവിന്റെ രക്തഗ്രൂപ്പ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞാൽ പ്രസവം കഴിഞ്ഞ ഉടൻ അമ്മയ്ക്ക് ആർ.എച്ച്. ഇമ്മ്യൂൺ ഗ്ലോബുലിൻ ഇഞ്ചക്ഷൻ നൽകണം. ഇതുവഴി അമ്മയുടെ രക്തത്തിലുള്ള കുഞ്ഞിന്റെ രക്തകോശങ്ങൾ നിർവീര്യമാക്കപ്പെടും.
ഈ ഇഞ്ചക്ഷൻ നൽകിയാൽ മാത്രമേ അടുത്ത തവണ ഗർഭിണിയാകുമ്പോൾ അപകടസാധ്യത ഒഴിവാക്കാനാവുകയുള്ളൂ. ഡോക്ടർ നിർദേശിക്കുന്ന ഇടവേളകളിൽ സ്കാനിങ്ങും മറ്റ് ഗർഭകാല പരിശോധനകളും നടത്തേണ്ടതുമുണ്ട്

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. മഞ്ജു വി.കെ.
ഗൈനക്കോളജിസ്റ്റ്
ഇ.എസ്.ഐ. ഹോസ്പിറ്റൽ, കൊല്ലം

Content Highlights:If the mother with a negative blood type woman is pregnant the babys blood type is positive What will happen, Health, Women's Health