പ്രസവശേഷം നല്ലൊരു  ശതമാനം  സ്ത്രീകൾക്കും ചെറിയ തോതിൽ മാനസിക പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. പോസ്റ്റ്പാർട്ടം ഡിപ്രഷൻ/ പോസ്റ്റ്പാർട്ടം ബ്ലൂസ് എന്നാണ് ഇവ അറിയപ്പെടാറുള്ളത്. ഇത് പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കാറുണ്ട്. അതിനാൽ തന്നെ പ്രസവശേഷം സ്ത്രീകളുടെ മാനസികാരോഗ്യപാലനത്തിൽ  കാര്യമായ ശ്രദ്ധ പുലർത്തണം. പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങൾ ഇവയാണ്. 
* ഉറക്കക്കുറവ്, 
* അകാരണമായ സങ്കടം, 
* ഉത്കണ്ഠ, 
* തലവേദന, 
* ക്ഷീണം, 
* മുലപ്പാൽ കുറയൽ  എന്നിവ. 

ചെറിയൊരു ശതമാനം സ്ത്രീകളിലെങ്കിലും ഈ ലക്ഷണങ്ങൾ വർധിക്കുന്നതായോ നീണ്ടുനിൽക്കുന്നതായോ കാണാം. പ്രസവശേഷം  ശാരീരിക ബലം കുറയുന്നതും മാറിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും ഒക്കെ തന്നെ ഇതിനു കാരണമായി തീരാം. പലപ്പോഴും ഇതൊരു രോഗാവസ്ഥയാണ് എന്ന തിരിച്ചറിവ് സ്ത്രീയ്ക്കും അതുപോലെ തന്നെ ബന്ധുക്കൾക്കും ഇല്ലാതെ പോകുന്നതിനാൽ  തന്നെ ഇതിന്  കൃത്യമായ വൈദ്യ പരിരക്ഷ ലഭിക്കാതെ പോയേക്കാം. 

ബുദ്ധിമുട്ടേറിയ ഈ  അവസ്ഥ തിരിച്ചറിയാനും  മറികടക്കാനും ജീവിതപങ്കാളിയുടെയും മറ്റു കുടുംബാംഗങ്ങളുടെയും പിന്തുണ അത്യാവശ്യമാണ്. ആരോഗ്യകരമായ ആഹാരം, കൃത്യമായ വിശ്രമം, ഉറക്കം എന്നിവ അമ്മയ്ക്ക് ലഭിക്കണം. കുഞ്ഞിനെ പരിചരിക്കാനും മറ്റും എല്ലാവരും കൂടെയുണ്ട് എന്ന തോന്നൽ അമ്മയ്ക്ക് നൽകണം.

അമ്മയ്ക്കുണ്ടാകുന്ന ഇത്തരം ലഘു മാനസിക അസ്വസ്ഥതകൾ ചെറിയൊരു ശതമാനം ആളുകളിലെങ്കിലും കൂടുതൽ പ്രശ്നമുള്ളതായി മാറാം. നേരത്തെ പറഞ്ഞ ലഘു അവസ്ഥ വിട്ട് ഡിപ്രഷൻ പോലെ ഗൗരവ സ്വഭാവം ഉള്ളതായി  മാറിയേക്കാം. രണ്ടാഴ്ചയ്ക്കു മേൽ നീണ്ടുനിൽക്കുന്ന മാനസികാസ്വാസ്ഥ്യ ലക്ഷണങ്ങൾ തീർച്ചയായും ഒരു  ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്.

ശരിയായ രീതിയിലുള്ള പ്രസവരക്ഷാ രീതികൾ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുന്ന തലയ്ക്കെണ്ണ, ശിരസ്‌നാനത്തിനുപയോഗിക്കുന്ന ഔഷധസിദ്ധ ജല ഉപയോഗം, പാദാഭ്യംഗം (യുക്തമായ തൈലം കൊണ്ട് കാലുകൾ തിരുമ്മൽ) എന്നിവ പ്രയോജനകരമാണ്. ലക്ഷണങ്ങൾ അധികമായി കണ്ടാൽ തളം (യുക്തമായ ഔഷധങ്ങൾ നിറുകയിൽ പ്രയോഗിക്കുന്ന ചികിത്സാപ്രയോഗം), ശിരോധാര -തക്രധാര (ഔഷധസിദ്ധമായ ദ്രവങ്ങൾ - കഷായങ്ങളോ എണ്ണകളോ നിശ്ചിത സമയത്തേക്ക് ഇളം ചൂടായോ തണുപ്പോടെയോ ശിരസ്സിൽ ചെറിയ ധാരയായി ചെയ്യുന്നചികിത്സാരീതി) എന്നിങ്ങനെയുള്ള ചികിത്സാവിധികൾ ഉപയോഗിക്കാം. ചിലരിൽ കുഞ്ഞിനോടുള്ള ദേഷ്യം , ആത്മഹത്യ പ്രവണത തുടങ്ങിയവ കണ്ടേക്കാം. അത്തരം അവസ്ഥകളിൽ മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടതുണ്ട്. മാനസിക അസ്വാസ്ഥ്യം നീണ്ടു നിൽക്കുക, മുൻപ് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളവർ  എന്നിവരെ പ്രത്യേകം ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ മരുന്നുകൾ ഉപയോ​ഗിക്കുന്നതിലും കൗൺസിലിങ് സഹായം തേടുന്നതിലും ഉപേക്ഷ വിചാരിക്കരുത്.

(കൂറ്റനാട് അഷ്ടാം​ഗം ആയുർവേദ ചികിത്സാലയം& വിദ്യാപീഠത്തിലെ പ്രസൂതി തന്ത്രം & സ്ത്രീരോ​ഗ വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: How to Cure Postpartum Depression Ayurvedic treatments tips, Health, Women's Health