ർത്തവവിരാമം അനേകം ശാരീരിക മാറ്റങ്ങൾക്കും ആർത്തവ ചക്രത്തിലുള്ള വ്യതിയാനങ്ങൾക്കും സാധ്യത ഏറിയ സമയമാണ്. ഏതാണ്ട് 45-50 വയസ്സോടടുപ്പിച്ച് സ്ത്രീകളിൽ ആർത്തവം പൂർണമായും നിൽക്കുന്ന അവസ്ഥയാണ് ആർത്തവവിരാമം എന്നത്. ഇതിന് മുൻപും ശേഷവും ശരീര ഊഷ്മാവ് കൂടുന്ന അവസ്ഥb(Hot flushes) സ്ത്രീകളിൽ കണ്ടുവരാറുണ്ട്.

ചിലർ നാമമാത്രമായുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ, മറ്റു ചിലർക്ക് ദൈനംദിന പ്രവർത്തികളെ പോലും ബാധിക്കുന്ന രീതിയിൽ ഊഷ്മാവ് അനുഭവപ്പെട്ടേക്കാം. പെട്ടെന്ന് ശരീരമാസകലം ചുട്ടുപൊള്ളുന്നതായി അനുഭവപ്പെടുക, പെട്ടെന്ന് കാരണം കൂടാതെ വിയർക്കുക, ക്ഷീണവും തളർച്ചയും അനുഭവപ്പെടുക, വിരളമായി ആണെങ്കിലും ബോധം നഷ്ടപ്പെടുന്ന പോലെയുള്ള അവസ്ഥകൾ ഉണ്ടാവുക എന്നിങ്ങനെ ലക്ഷണങ്ങൾ വിഭിന്നമാണ്. ഇത് ഒരു ദിവസം തന്നെ അനേകം തവണ അനുഭവപ്പെട്ടേക്കാം.

ഉറക്കം നഷ്ടപ്പെടൽ, മൂഡ് മാറ്റം, ആർത്തവചക്രത്തിലും ആർത്തവ സ്രാവത്തിലും വരുന്ന വ്യതിയാനം തുടങ്ങിയവ അനുബന്ധമായി കണ്ടേക്കാം. പലപ്പോഴും ആർത്തവവിരാമവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നമാണ് ഇത് എന്ന് മനസ്സിലാക്കാത്തതും വേണ്ടവിധമുള്ള ചികിത്സ തേടത്തതും സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. കൃത്യമായ ഔഷധങ്ങളിലൂടെയും ചികിത്സകളിലൂടെയും പഥ്യക്രമത്തിലൂടെയും ഈ അവസ്ഥയിൽ നിന്നും മുക്തി നേടാവുന്നതാണ്.

  • എരിവ്, പുളി എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
  • ഉഷ്ണ പ്രധാനമായ ആഹാര ദ്രവ്യങ്ങൾ (ഉദാഹരണത്തിന് മുതിര, എള്ള്) തുടങ്ങിയവ ഒഴിവാക്കുക.
  • കുളിയുടെ സമയം നിജപ്പെടുത്തുക. ഉച്ച സമയത്തുള്ള കുളി ഒഴിവാക്കുക.
  • വൈദ്യ നിർദേശ പ്രകാരം തലയ്ക്കെണ്ണ, ശരീരത്തിൽ പുരട്ടി കുളിക്കാനുള്ള തൈലം എന്നിവ അവസ്ഥാനുസൃതം ശീലിക്കാം.
  • പഴവർഗങ്ങൾ (മുന്തിരി, മാതളം, നെല്ലിക്ക മുതലായവ) ആഹാരത്തിലുൾപ്പെടുത്താം.
  • ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് ലഘു വ്യായാമങ്ങൾ, പ്രാണായാമം, ധ്യാനം തുടങ്ങിയവ ശീലിക്കാം.

(വാവന്നൂർ അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിലെ പ്രസൂതി തന്ത്രം & സ്ത്രീരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights:Hot flushes in women during menopause, Health, Womens Health