നാല്‍പത് വയസ്സിന് ശേഷം രണ്ടാമത് അമ്മയാകുന്നവരുടെ എണ്ണം അടുത്തിടെ കൂടിവരുകയാണ്. എന്നാല്‍ ഈ പ്രായത്തില്‍ ഗര്‍ഭം ധരിക്കുന്നത് സുരക്ഷിതമാണോ എന്നും സാധാരണ പോലെ എളുപ്പമാണോ എന്നും പലര്‍ക്കും സംശയങ്ങളുണ്ട്. 

എപ്പോഴാണ് ആ നല്ല സമയം

ഇരുപതുകളിലും മുപ്പതുകളുടെ ആദ്യവും ഗര്‍ഭം ധരിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധാഭിപ്രായം. ഇതാണ് അമ്മയ്ക്കും കുഞ്ഞിനും നല്ലത്. എന്നാല്‍ രണ്ടാമത്തെ പ്രസവത്തിന്റെ സമയം നിശ്ചയിക്കുമ്പോള്‍ ചിന്തിക്കേണ്ടത് അമ്മയുടെ ആരോഗ്യമാണ്. ആദ്യപ്രസവത്തിന്റെ പ്രശ്‌നങ്ങളെല്ലാം പൂര്‍ണമായും മാറിയ ശേഷമേ രണ്ടാമത്തെ പ്രസവത്തെക്കുറിച്ച് അമ്മമാര്‍ ചിന്തിക്കൂ. ആദ്യത്തെ പ്രസവം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ രണ്ടാമത് ഗര്‍ഭം ധരിക്കുന്നത് മൂലം കുഞ്ഞിന് തൂക്കക്കുറവോ വളര്‍ച്ച പൂര്‍ത്തിയാവാതെയുള്ള പ്രസവമോ ഉണ്ടാകാം. ആദ്യത്തെ പ്രസവവും രണ്ടാമത്തെ പ്രസവവും തമ്മില്‍ 18 മുതല്‍ 23(ഏകദേശം രണ്ടു വര്‍ഷം) വരെ മാസങ്ങള്‍ ഇടവേളയുണ്ടാകുന്നതാണ് നല്ലത്. 

പ്രായം പ്രത്യുത്പാദനത്തെ ബാധിക്കുമോ

ഒരു പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ അവളുടെ അണ്ഡാശയങ്ങളില്‍ നിശ്ചിത എണ്ണം അണ്ഡങ്ങള്‍ ഉണ്ടായിരിക്കും. പ്രായം കൂടുന്തോറും അവയുടെ എണ്ണം കുറഞ്ഞുവരും. മാത്രമല്ല, ബാക്കിയുള്ള അണ്ഡങ്ങളുടെ ഗുണനിലവാരവും കുറഞ്ഞുവരും. 35 വയസ്സിന് ശേഷം ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയാന്‍ തുടങ്ങും. ഗര്‍ഭധാരണം നടന്നവരില്‍ നിരവധി സങ്കീര്‍ണതകള്‍ ഉണ്ടാവാനുള്ള സാധ്യതകളും വര്‍ധിക്കും. ചിലപ്പോള്‍ സ്വാഭാവിക ഗര്‍ഭധാരണത്തിന് പകരം കൃത്രിമ ഗര്‍ഭധാരണത്തിനുള്ള വഴികള്‍ തേടേണ്ടി വരും. പ്രായം കൂടി ഗര്‍ഭം ധരിച്ചാല്‍ ഗര്‍ഭമലസാനുള്ള സാധ്യത കൂടും. ഗര്‍ഭസ്ഥ ശിശുവിന് തൂക്കം കുറയാനും സാധ്യതയുണ്ട്. ഗര്‍ഭകാല പ്രമേഹം, പ്രീ എക്ലാംസിയ, ട്യൂബിലെ ഗര്‍ഭധാരണം എന്നിവയ്ക്കും സാധ്യതയുണ്ട്. 

40 ന് ശേഷം ഗര്‍ഭം ധരിക്കുമ്പോള്‍

നാല്‍പതിന് ശേഷം അമ്മയാകാന്‍ തയ്യാറെടുക്കുമ്പോള്‍ ചില സങ്കീര്‍ണതകളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് കൂടുതല്‍ ശ്രദ്ധിക്കണം. സ്വാഭാവിക ഗര്‍ഭധാരണത്തിനായി തുടര്‍ച്ചയായി ആറുമാസം ശ്രമിച്ചിട്ടും നടക്കുന്നില്ലെങ്കില്‍ ഒരു ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റിനെ സമീപിക്കണം. ഗര്‍ഭധാരണത്തിന്റെ സാധ്യത പരിശോധിക്കുന്ന ചില ടെസ്റ്റുകള്‍ ചെയ്യേണ്ടി വരും. 45 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് സ്വാഭാവികമായി ഗര്‍ഭംധരിക്കാന്‍ കഴിയാറില്ല എന്നാണ് അമേരിക്കന്‍ കോളേജ് ഓഫ് ഒബ്സ്റ്റട്രിഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ് അഭിപ്രായപ്പെടുന്നത്. 

നാല്‍പതുകളില്‍ ഗര്‍ഭധാരണം നടന്നവരില്‍ ഗര്‍ഭകാലത്ത് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. പേശികള്‍ക്ക് പ്രായത്തിന്റെ ക്ഷീണം ഉണ്ടാകുമെന്നതിനാല്‍ സന്ധികളില്‍ വേദനയുണ്ടാകാം. രക്തസമ്മര്‍ദം ഉയരാനും ഗര്‍ഭകാല പ്രമേഹമുണ്ടാകാനും സാധ്യതയുണ്ട്. നോര്‍മല്‍ പ്രസവത്തിനുള്ള സാധ്യതയും വളരെ കുറയും. 

വൈദ്യശാസ്ത്ര രംഗം ഇത്രയും പുരോഗതി പ്രാപിച്ച ഈ കാലത്ത് മുപ്പതുകളിലും നാല്‍പതുകളിലും ഗര്‍ഭധാരണവും പ്രസവവും സാധ്യമാണ്. കൃത്യമായ ആരോഗ്യപരിശോധനകള്‍ നടത്തുകയും ശ്രദ്ധയോടെ വേണ്ട കാര്യങ്ങള്‍ ചെയ്യുകയും വേണം. 

Content Highlights: Get pregnant in 40s is it safe all things you needs to know, Health, Women's Health