ളരെ ഫലപ്രദവും പരാജയനിരക്ക് കുറവുമാണ് എന്നതാണ് ഗര്‍ഭനിരോധന ഗുളികകളുടെ പ്രത്യേകത. എന്നാല്‍ ഇവ കൃത്യമായി കഴിക്കാതിരിക്കുന്നത് പരാജയനിരക്ക് കൂടാന്‍ ഇടയാക്കും. ഗര്‍ഭനിരോധന ഗുളികകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇവയാണ്. 

ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം ഭാരം കൂട്ടും: ഒന്നാം തലമുറ ഗര്‍ഭനിരോധന ഗുളികകള്‍ താത്ക്കാലികമായി ശരീരഭാരം കൂട്ടാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ പുതിയ തലമുറ ഗുളികകള്‍ക്ക് ഈ പ്രശ്‌നം ഇല്ല. മാത്രമല്ല, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഉള്ളവര്‍ക്ക് മറ്റു ഗുണഫലങ്ങള്‍ കൂടാതെ ഭാരം കുറയാന്‍ സഹായിക്കുകയും ചെയ്യും. 

ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം മുഖക്കുരുവും രോമവളര്‍ച്ചയും ഉണ്ടാക്കും: പുതിയ ഗര്‍ഭനിരോധന ഗുളികകളുടെ ഫോര്‍മുലയില്‍ പ്രൊജസ്റ്റിറോണ്‍ ഘടകങ്ങള്‍ വ്യത്യസ്തമാണ്. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഗാഢത കുറയ്ക്കുകയും മുഖക്കുരു പ്രശ്‌നങ്ങളും പി.സി.ഒ.എസ്. പ്രശ്‌നങ്ങളും കുറയ്ക്കുകയും ചെയ്യും. 

ആര്‍ത്തവചക്രത്തിനിടയില്‍ ഒന്നോ രണ്ടോ ഗുളിക കഴിച്ചില്ലെങ്കിലും പ്രശ്‌നമില്ല: ഇതുമൊരു തെറ്റിദ്ധാരണയാണ്. ആര്‍ത്തവചക്രത്തിനിടയില്‍ ഗുളിക കഴിക്കുന്നത് മുടങ്ങിപ്പോയാല്‍ അത് അപ്രതീക്ഷിത ഗര്‍ഭധാരണത്തിന് ഇടയാക്കും. മാത്രവുമല്ല, ഇത് ചെറിയ ബ്ലഡ് സ്‌പോട്ടിങ്ങിനോ ആര്‍ത്തവചക്രത്തിനിടയിലെ രക്തസ്രാവത്തിനോ കാരണമാകും. കഴിക്കേണ്ട ഗുളികകളില്‍ നിന്ന് ഒന്നോ രണ്ടോ ഗുളികകള്‍ വിട്ടുപോയാല്‍ ഗൈനക്കോളജിസ്റ്റുമായി സംസാരിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇതുവഴി അപ്രതീക്ഷിത ഗര്‍ഭധാരണം തടയാനാകും. 

പ്രത്യുത്പാദന കഴിവിനെ ബാധിക്കും: ഗര്‍ഭനിരോധന ഗുളികകള്‍ പ്രത്യുത്പാദനത്തിനുള്ള കഴിവിനെ ബാധിക്കും എന്നത് തെറ്റിദ്ധാരണയാണ്. ഇവ അണ്ഡവിസര്‍ജനത്തെയും ഗര്‍ഭധാരണത്തെയും മാത്രമേ തടയൂ. 

ഗര്‍ഭനിരോധന ഗുളികകള്‍ അപകടസാധ്യതയുള്ളതാണ്: ഗര്‍ഭനിരോധന ഗുളികകള്‍ പൊതുവേ സുരക്ഷിതമാണ്. എന്നാല്‍ ചില അപകടഘടകങ്ങള്‍ ഉള്ളവരില്‍ ഇത് ചില പ്രശ്‌നങ്ങളുണ്ടാക്കും. രക്തം കട്ടപിടിക്കുന്ന ജനിതകപ്രശ്‌നമുള്ളവര്‍, അമിതവണ്ണമുള്ളവര്‍, പുകവലിക്കുന്നവര്‍ തുടങ്ങിയവര്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഡോക്ടറെ കണ്ട് അഭിപ്രായം തേടി അപകടസാധ്യതകളുണ്ടോയെന്ന് പരിശോധിച്ച ശേഷം ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. 

Content Highlights: Five myths about contraceptive pills, Health, Women's Health