ര്‍ഭാശയ സംബന്ധമായ അസുഖങ്ങളുമായി ഡോക്ടറെ സമീപിക്കുന്ന സ്ത്രീകളില്‍ ഒരു വലിയ വിഭാഗം പേരും അമിത രക്തസ്രാവത്തിന് ചികിത്സ തേടുന്നവരാണ്. മുമ്പ് അപൂര്‍വ്വമായിരുന്നു പല ഗര്‍ഭാശയരോഗങ്ങളും ഇന്ന് വളരെ സാധാരണമായിരിക്കുന്നു.

പ്രത്യുത്പാദനശേഷി കൂടുതലുള്ള പ്രായത്തില്‍ അണ്ഡാശയത്തിന്റെയും ഗര്‍ഭപാത്രത്തിന്റെയും പ്രവര്‍ത്തനം അതിന്റെ പാരമ്യത്തിലായിരിക്കും. ഈ പ്രായത്തില്‍ ഇത്തരം രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.സ്ത്രീകളിലെ അമിതരക്തസ്രാവം ഏറെ ഗൗരവത്തോടെ കാണേണ്ട, കൃത്യമായ ചികിത്സ വേണ്ട ആരോഗ്യപ്രശ്‌നമാണ്. 

സാധാരണയായി സ്ത്രീകള്‍ക്ക് 28 ദിവസം കൂടുമ്പോഴാണ് ആര്‍ത്തവം ഉണ്ടാവുന്നത്. ശാരീരിക അവസ്ഥകളും ജീവിതശൈലിയും ആരോഗ്യാവസ്ഥയും പരിഗണിക്കുമ്പോള്‍ ഈ സമയക്രമത്തിന്റെ ഇടവേളകളില്‍ വ്യത്യാസം ഉണ്ടായേക്കാം. മാസമുറയില്‍ 5-7 ദിവസം വരെയാണ് രക്തസ്രാവം ഉണ്ടാവുന്നത്. അതുപോലെ ആര്‍ത്തവ ദിനങ്ങളില്‍ പ്രതിദിനം നാല് മുതല്‍ അഞ്ച് നാപ്കിനുകള്‍ മാറ്റാവുന്നിടത്തോളമുള്ള രക്തസ്രാവത്തെ നോര്‍മല്‍ ആയി കണക്കാക്കാം. ഈ കണക്കില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള വ്യതിയാനം ഉണ്ടായാല്‍ അതിനെ അബ്‌നോര്‍മല്‍ ആയി കണക്കാക്കമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തില്‍ ഏതെങ്കിലും ക്രമവ്യത്യാസം ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. 

അമിതരക്തസ്രാവത്തിന്റെ കാരണങ്ങള്‍

ആര്‍ത്തവദിവസങ്ങളില്‍ അല്ലാതെ ശാരീരിക ബന്ധത്തിനു ശേഷമോ കഠിനമായ ജോലികള്‍ക്കു ശേഷമോ ചെറിയ തോതില്‍ രക്തസ്രാവം ഉണ്ടാവുന്നതും അതീവ ഗുരുതരമായ രോഗലക്ഷണമാണ്. ഗര്‍ഭാശയത്തിലോ ഗര്‍ഭാശയഗളത്തിലോ ഉണ്ടാവുന്ന അര്‍ബുദ ബാധയുടെ ആദ്യലക്ഷണമായും ഇത്തരം രക്തസ്രാവങ്ങള്‍ ഉണ്ടായേക്കാം. ഇത്തരം സൂചനകള്‍ പ്രകടമായാല്‍ ഒട്ടും സമയം വൈകാതെ ക്യാന്‍സര്‍ നിര്‍ണയ പരിശോധനകള്‍ അടക്കമുള്ള പരിശോധനകള്‍ നടത്തേണ്ടത് അത്യാന്താപേക്ഷിതമാണ്. 

ശരീരഭാരവും ആര്‍ത്തവചക്രവും തമ്മില്‍ ബന്ധമുണ്ട്. ശരീരഭാരത്തിന്റെ 17 ശതമാനം കൊഴുപ്പുള്ളവരില്‍ കൃത്യമായ അണ്ഡോത്പാദനവും പ്രശ്നരഹിതവുമായ ആര്‍ത്തവവും ഉണ്ടാവുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശരീരം തീരെ മെല്ലിച്ചവരിലും പോഷകാഹാരകുറവുള്ളവരിലും അമിതവണ്ണമുള്ളവരിലും അമിത രക്തസ്രാവം ഉണ്ടാവുന്നു.

രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവിലോ പ്രവര്‍ത്തനത്തിലോ കുറവുണ്ടായാല്‍ അമിത രക്തസ്രാവം ഉണ്ടാവാം. കൗമാരക്കാരില്‍ തൈറോയ്ഡ്, അഡ്രിനല്‍, പാന്‍ക്രിയാസ് എന്നീ ഗ്രന്ഥികളുടെ പ്രവര്‍ത്തനതകരാറുകള്‍ അമിതരക്തസ്രാവം പോലെയുള്ള ആര്‍ത്തവപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു.

ടിബി (Tuberculosis):പ്രത്യുത്പാദന അവയവങ്ങളെ ബാധിക്കുന്ന ടി.ബി.  രോഗം കേരളത്തില്‍ കുറവാണെങ്കിലും ചില കൗമാരക്കാരില്‍ കണ്ടുവരുന്നു. പ്രത്യേകിച്ചും കേരളത്തിന് പുറത്ത് വടക്കേഇന്ത്യയിലും മറ്റും പഠിക്കുന്ന കുട്ടികളില്‍. ഈ രോഗമുള്ള നാല്പതു ശതമാനം പെണ്‍കുട്ടികളിലും അമിത രക്തസ്രാവമാണ് ആദ്യലക്ഷണം. പ്രത്യുത്പാദന അവയവങ്ങളിലുണ്ടാകുന്ന മറ്റു അണുബാധകളും ഈ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. അമിതമായി വ്യായാമം ചെയ്യുന്നവര്‍, അമിത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ എന്നിവരിലും ഇത്തരം പ്രശ്നങ്ങള്‍ കണ്ടുവരുന്നു. ഗര്‍ഭാശയം, അണ്ഡാശയം എന്നിവയിലുണ്ടാകുന്ന ജന്മവൈകല്യങ്ങളും, അമിത രക്തസ്രാവത്തിന് കാരണമാവാം.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ : ആര്‍ത്തവ സമയത്ത് ആര്‍ത്തവ രക്തത്തിനൊപ്പം അടര്‍ന്ന് പുറത്തുപോകുന്ന ഗര്‍ഭപാത്രത്തിന്റെ ഉള്‍പാളിയുടെ വളര്‍ച്ച നിയന്ത്രിക്കുന്നത് ഈസ്ട്രജന്‍, പ്രോജെസ്റ്റിറോണ്‍ ഹോര്‍മോണുകളുടെ സന്തുലനമാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാവുകയാണെങ്കില്‍ അത് അമിത രക്തസ്രാവത്തിന് കാരണമായേക്കാം.
ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡുകള്‍(Uterine fibroids): ഗര്‍ഭകാലത്ത് ഗര്‍ഭപാത്രത്തില്‍ ഉണ്ടാകുന്ന ക്യാന്‍സറിനു കാരണമല്ലാത്ത മുഴകളാണ് ഫൈബ്രോയിഡുകള്‍. ഈ ഫൈബ്രോയിഡുകള്‍ കാരണം രക്തസ്രാവം ഉണ്ടാവാം. 
അണ്ഡവിസര്‍ജനം നടക്കാത്ത അവസ്ഥ (anovulation): ആര്‍ത്തവ സമയത്ത് അണ്ഡവിസര്‍ജനം ഉണ്ടായില്ലെങ്കില്‍, പ്രോജെസ്റ്റിറോണ്‍ ഹോര്‍മോണ്‍ണ്‍ ഉത്പാദിപ്പിക്കപ്പെടുകയില്ല. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാവുകയും രക്തസ്രാവത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ഗര്‍ഭാശയ പോളിപ്പുകള്‍ (Uterine Polyps): ഗര്‍ഭപാത്രത്തിന്റെ ഉള്‍ പാളിയില്‍ ഉണ്ടാകുന്ന അപകടകരമല്ലാത്ത വളര്‍ച്ചകളാണ് പോളിപ്പുകള്‍. ഇതു മൂലം ആര്‍ത്തവസമയത്ത് അമിത രക്തസ്രാവമോ നീണ്ടുനില്‍ക്കുന്ന രക്തസ്രാവമോ ഉണ്ടായേക്കാം.
ക്യാന്‍സര്‍ (Cancer): അണ്ഡാശയം, ഗര്‍ഭപാത്രം, ഗര്‍ഭാശയമുഖം എന്നീ ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളുടെ ആദ്യലക്ഷണമായി രക്തസ്രാവം ഉണ്ടായേക്കാം. 
ഗര്‍ഭവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ (Pregnancy complications): ഗര്‍ഭമലസല്‍ അല്ലെങ്കില്‍ എക്ടോപ്പിക് ഗര്‍ഭം മൂലം കനത്ത രക്തസ്രാവം ഉണ്ടാകാം.
ഇന്‍ട്രാ യൂട്ടറൈന്‍ ഉപാധികള്‍ (Intrauterine devices): ഗര്‍ഭനിരോധനത്തിനായി ഉപയോഗിക്കുന്ന ഇന്‍ട്രാ യൂട്ടറൈന്‍ ഉപാധികള്‍ (ഐയുഡി) മൂലവും അമിത രക്തസ്രാവം ഉണ്ടാകാം.
രക്തസ്രാവത്തിലെ തകരാറുകള്‍ (Bleeding disorders): രക്തം ശരിയായി കട്ടപിടിക്കാതിരിക്കുന്ന തരത്തിലുള്ള തകരാറുകള്‍ പാരമ്പര്യമായി ഉണ്ടെങ്കിലും അമിത രക്തസ്രാവം ഉണ്ടാകാം.
മറ്റ് കാരണങ്ങള്‍: തൈറോയിഡ് പ്രശ്‌നങ്ങള്‍, വൃക്ക, കരള്‍ എന്നിവയുടെ തകരാറുകള്‍ തുടങ്ങിയവ മൂലവും അമിത രക്തസ്രാവം ഉണ്ടാകാം.
മരുന്നുകള്‍ (Medication): ആന്റികൊയാഗുലന്റുകളുടെയും (രക്തം കട്ടപിടിക്കുന്നത് താമസിപ്പിക്കുന്നവ) ആന്റി-ഇന്‍ഫ്‌ളമേറ്ററി (കോശജ്വലനത്തിനെതിരെയുള്ളവ) മരുന്നുകളുടെയും ഉപയോഗം മൂലവും രക്തസ്രാവം ഉണ്ടായേക്കാം.

രോഗനിര്‍ണയം

രക്തപരിശോധന: വിളര്‍ച്ച, അനീമിയ, രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകള്‍ എന്നിവ രക്തപരിശോധനയിലൂടെ കണ്ടെത്താം.
എന്‍ഡോമെട്രിയല്‍ ബയോപ്‌സി: ഗര്‍ഭപാത്രത്തിലെ കോശകലകളുടെ സാമ്പിളുകള്‍ പരിശോധിക്കുന്നു.
പാപ് പരിശോധന: ഗര്‍ഭാശയമുഖത്തു നിന്നുള്ള കോശങ്ങള്‍ പരിശോധിക്കുകയും ക്യാന്‍സര്‍ സാധ്യതയുണ്ടോ എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു.
അള്‍ട്രാസൗണ്ട്: ഗര്‍ഭപാത്രത്തിന്റെയും അണ്ഡാശയങ്ങളുടെയും ആകൃതിയിലും വലിപ്പത്തിലും അസ്വാഭാവികതയുണ്ടോ എന്ന് അറിയുന്നതിന്.
ഹിസ്റ്ററോസ്‌കോപി: യോനിയിലൂടെ ചെറിയ ഒരു ക്യാമറ കടത്തി ഗര്‍ഭപാത്രത്തിനുള്‍വശം നിരീക്ഷിക്കുന്നു.

ചികിത്സയുണ്ട്

ആര്‍ത്തവ പ്രശ്നങ്ങള്‍ പുറത്തുപറയാനുള്ള മടിമൂലം വിളര്‍ച്ച ബാധിച്ച്, ആരോഗ്യം സാരമായി ബാധിക്കപ്പെടുമ്പോഴാണ് മിക്ക സ്ത്രീകളും ചികിത്സ തേടുന്നത്. ഇത് ശരീരസ്ഥിതിയെ കൂടുതല്‍ മോശമാക്കും. അമിത രക്തസ്രാവത്തിന്റെ കാരണം രക്തപരിശോധന, സ്‌കാന്‍ പരിശോധന എന്നിവയിലൂടെ മനസ്സിലാക്കാം.

പ്രത്യേക കാരണങ്ങള്‍ കൂടാതെയാണ് അമിത രക്തസ്രാവം ഉണ്ടാവുന്നതെങ്കില്‍ അത് കുറയ്ക്കാനുള്ള ഗുളികകള്‍ മാത്രം മതിയാകും. മാസമുറ തുടങ്ങുന്ന ദിവസം മുതല്‍ 5 ദിവസം വരെ ഈ ഗുളികകള്‍ കഴിച്ചാല്‍ മാറ്റമുണ്ടാവും. ഒപ്പം വിളര്‍ച്ച മാറ്റാനുള്ള ഗുളികകളും. തൈറോയ്ഡാണ് പ്രശ്നമെങ്കില്‍, രോഗം മാറുന്നതുവരെ ഗുളികകള്‍ കഴിക്കണം. ഹോര്‍മോണ്‍ തകരാറുള്ളവര്‍ അതിന്റെ കാഠിന്യമനുസരിച്ച് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ ചികിത്സിക്കേണ്ടിവരും.

വ്യായാമം ശീലിക്കുകയും മാനസികസംഘര്‍ഷം ഒഴിവാക്കുകയും വേണം. ഇരുമ്പ് സത്ത് അടങ്ങിയ പഴങ്ങള്‍, ചീര പോലുള്ള ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സോയാബീന്‍, മുന്തിരി, നെല്ലിക്ക, പരിപ്പു വര്‍ഗങ്ങള്‍ എന്നിവയില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ തൂക്കവും കൊഴുപ്പിന്റെ അളവും വേണ്ടവിധത്തില്‍ ക്രമപ്പെടുത്തുക.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. എസ് ശ്യാമള, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനോക്കോളജിസ്റ്റ്, അനന്തപുരി ഹോസ്പിറ്റല്‍, തിരുവനന്തപുരം