ഞാന്‍ 20 വയസ്സുള്ള യുവതിയാണ്. വിവാഹാലോചനകള്‍ നടക്കുന്നുണ്ട്. പക്ഷേ എന്റെ സ്തനങ്ങളില്‍ ഒന്നിന് വലുപ്പക്കുറവുണ്ട്.  ശരീരത്തിന് അമിതവലുപ്പമില്ല. സ്തനങ്ങളിലെ ഈ വലുപ്പവ്യത്യാസം കാരണം ഞാന്‍ പ്രയാസത്തിലാണ്. വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെടുകയാണ്. എന്താണ് ചെയ്യേണ്ടത്?

ജി.സി, ഇ-മെയില്‍

പൊതുവേ നമ്മുടെ ശരീരത്തിന്റെ ഏത് ഭാഗമെടുത്താലും വലതും ഇടതും ഒരുപോലെ ആയിരിക്കണമെന്നില്ല. സാധാരണമായി വലതു സ്തനത്തിന് അല്പം വലുപ്പം കൂടുതലായിരിക്കും. വലത്തെ കൈകൊണ്ട് ജോലികളും മറ്റും കായികപ്രവര്‍ത്തനങ്ങളും ചെയ്യുന്നത് കാരണം നെഞ്ചിന്റെ വലതു ഭാഗത്തെ പേശികള്‍ക്ക് കൂടുതല്‍ ഉറപ്പും വലുപ്പവും കാണും. ഇത് കാരണം വലത്തെ സ്തനം വലുതായി തോന്നും. കൗമാരപ്രായത്തില്‍ സ്വാഭാവികമായി സ്തനവലുപ്പത്തില്‍ വ്യത്യാസം കൂടുതല്‍ പ്രകടമാകും.

ഇതൊരു അസുഖമോ വൈകല്യമോ അല്ല. ഇതിനെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. സ്തനങ്ങളുടെ വലുപ്പം കൂട്ടാന്‍ ബ്രെസ്റ്റ്  മസാജ് നല്ലതാണ്. ഒരു വശം ചെറുതാണെങ്കില്‍ ആ ഭാഗത്ത് 15 മിനിറ്റ് കൂടുതല്‍ മസാജ് ചെയ്യാവുന്നതാണ്. അതുപോലെ നെഞ്ചിലെ പേശികള്‍ക്കും കൈകള്‍ക്കും ബലംകൂട്ടുന്ന വ്യായാമങ്ങള്‍ ചെയ്യാം. പാഡ് ഉള്ള  ബ്രാ ധരിച്ചാല്‍ രണ്ട് സ്തനങ്ങളും ഒരുപോലെ തോന്നിപ്പിക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട് 

ഡോ. ടി.എം. രഘുറാം
പ്രൊഫസര്‍&ഹെഡ്,
എം.ഇ.എസ്.മെഡിക്കല്‍ കോളേജ്
പെരിന്തല്‍മണ്ണ 

(മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധികരിച്ചത് )