പൊതുവെ എല്ലാവരും ജാഗ്രത പാലിക്കേണ്ട ഒരു കാലമാണ് ഈ കോവിഡ് കാലം. ഏതുകാലത്തും ഏതുദേശത്തും എല്ലാവരും  ആരോഗ്യമുള്ളവർ ആയിരിക്കാൻ വേണ്ടിയിട്ടുള്ള കാര്യങ്ങളാണ് ആയുർവേദം എന്നും ഉയർത്തിക്കാട്ടുന്നത്. 

പ്രസവാനന്തരപരിചരണമാകട്ടെ കേരളീയർക്ക് സുപരിചിതമായ ഒന്നാണ്.  എന്നാൽ, ഈ കോവി‍ഡ്കാലത്ത് ആയുർവേദരീതി അനുസരിച്ച് പ്രസവാനന്തരശുശ്രൂഷ എങ്ങനെ  ആരോഗ്യകരമായ നിലയിൽ മികവുറ്റതാക്കാമെന്നും, ശരീരത്തിലെ  പ്രതിരോധസംവിധാനം  എങ്ങനെ മെച്ചപ്പെടുത്താമെന്നും  നോക്കാം. 

 • സർക്കാർനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. വ്യക്തിശുചിത്വവും പരിസരശുചിത്വവും  ഉറപ്പ് വരുത്തുക.
 • സന്ദർശകരെ അനുവദിക്കാതിരിക്കുക. അമ്മയുടേയും കുഞ്ഞിൻ്റേയും പരിചരണത്തിന് വീട്ടിലുള്ളവരുടെ മാത്രം സഹായം തേടുക. 
 • മഴയുടേയും കോവിഡിൻ്റേയും കാലമായതുകൊണ്ട് ദഹനവ്യവസ്ഥയിൽ അതീവശ്രദ്ധ ചെലുത്തണം. ദഹിക്കാനെളുപ്പമുള്ളവ കഴിക്കുക. വിശപ്പിനനുസരിച്ച് മാത്രം ഭക്ഷണം കഴിക്കുക. നന്നേ ചവച്ച് കഴിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം അസ്വസ്ഥതകളില്ലാതെ ദഹിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക.   
 • പ്രസവിച്ച സ്ത്രീയുടെ ശരീരപ്രകൃതി, ആരോഗ്യാവസ്ഥ, ശീലം, കാലാവസ്ഥ, താമസിക്കുന്ന പ്രദേശം എന്നിവയ്ക്കനുസരിച്ചുള്ള ഭക്ഷണസമ്പ്രദായം സ്വീകരിക്കുക. 
 •  തൈര്, തലേന്നത്തെ ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുക, ഫ്രിഡ്ജിൽ വച്ചതോ നല്ല തണുത്തതോ ആയ ഭക്ഷണസാധനങ്ങൾ, ബേക്കറിസാധങ്ങൾ, വറുത്തും പൊരിച്ചതും  അതുപോലെ ധാരാളം എരിവും പുളിയും ചേർത്ത ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവ തീർത്തും ഒഴിവാക്കുക. 
 • തവിട് കളയാത്ത അരി ഉപയോഗിക്കുന്നത് നന്നാവും. പൊടിയരിക്കഞ്ഞി ദഹനവ്യവസ്ഥയ്ക്കും ആരോഗ്യത്തിനും ഉത്തമമായ ആഹാരമാണ്.  നല്ല വിശപ്പുള്ളപ്പോൾ  തേങ്ങാപ്പാലിട്ട കഞ്ഞിയും  ഉപയോഗിക്കാം. കൂടെ ചുവന്നുള്ളി, കറിവേപ്പില, നെല്ലിക്ക തുടങ്ങിയവ ചേർത്ത തേങ്ങയരച്ച ചമ്മന്തി രുചിപ്രദവും ആരോഗ്യദായകവുമാണ്.  ജീരകം ചേർത്ത ചെറുപയർകറിയും  നന്നാവും. 
 • പരമാവധി വീട്ടിൽ ഉണ്ടായ പച്ചക്കറികൾ ചേർത്ത് കറികളുണ്ടാക്കുക. ഇലക്കറികൾ, പഴങ്ങൾ ആഹാരത്തിലുൾപ്പെടുത്തുക. കറികൾ പാകം ചെയ്യാൻ ഇരുമ്പ് ചീനച്ചട്ടി ഉപയോഗിക്കാം. 
 • കറിവേപ്പില, ഇഞ്ചി, ജീരകം, മഞ്ഞൾപൊടി ഇവ ചേർത്ത് കാച്ചിയ മോര് , രസം എന്നിവ ഊണിനൊപ്പം ആകാം. 
 •  ചുക്ക്,  ജീരകം, മല്ലി, മുത്തങ്ങ ഇവയൊക്കെ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കാം. അതാത് ദിവസം തിളപ്പിച്ച വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക.  
 • പാൽ കുടിക്കുന്ന ശീലമുണ്ടെങ്കിൽ 1-2 നുള്ള് ചുക്കുപൊടിയും മഞ്ഞൾപൊടിയും ഇട്ട് കാച്ചിയ പാൽ ഉപയോഗിക്കുന്നത് നല്ലതാണ്. മധുരത്തിന് പനംകൽകണ്ടം ഉപയോഗിക്കുക.
 • ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം 1 -2 തുളസിയിലയും കുരുമുളകും ചേർത്ത കരിപ്പെട്ടികാപ്പി ആവാം. 
 • ഉപ്പും മഞ്ഞളുമിട്ട ചെറുചൂടുവെള്ളം കൊണ്ട് കവിൾകൊള്ളുക .
 • രാവിലെ ഭക്ഷണത്തിനു മുമ്പ് കുളിക്കുക. കാലാവസ്ഥയ്ക്കും ശരീരപ്രകൃതിയ്ക്കും  ശീലത്തിനും അനുസരിച്ച്  കുളിക്കാനുപയോഗിക്കുന്ന വെള്ളത്തിൻ്റെ ചൂട് ക്രമീകരിക്കുക. 
 •  ശാരീരികവും മാനസികവും ആയ ആരോഗ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമായ കാര്യമാണ്. 
 • പ്രസവിച്ച സ്ത്രീയുടെ ശരീരപ്രകൃതി, ആരോഗ്യാവസ്ഥ, പ്രസവസംബന്ധമായ മറ്റുകാര്യങ്ങൾ എന്നിവ സൂചിപ്പിച്ച് ഭക്ഷണത്തിലും ഔഷധങ്ങളിലും അതാത് സമയത്ത്  വരുത്തേണ്ട മാറ്റങ്ങളും അതുപോലെ വേണ്ട നിർദ്ദേശങ്ങളും അടുത്തുള്ള ആയുർവേദ ഡോക്ടറിൽ  നിന്നും  സ്വീകരിക്കുക.
 • ഈ കോവിഡ്കാലത്തും  സഹായഹസ്തവുമായി ആയുർവേദം നിങ്ങൾക്കൊപ്പമുണ്ട്. ആരോഗ്യസംബന്ധമായ സംശയനിവാരണങ്ങൾക്കായി ആയുർ ഹെൽപ്പ് ലൈൻ നമ്പറിൽ (7034940000 ) വിളിക്കാം.

(കൂറ്റനാട് അഷ്ടാം​ഗം ആയുർവേദ മെഡിക്കൽ കോളേജിലെ പ്രസൂതിതന്ത്ര & സ്ത്രീരോ​ഗ വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Ayurveda tips to Care Post Delivery woman, Ayurveda, Health, Women's Health