എന്റെ മകള്‍ക്ക് 14 വയസ്സുണ്ട്. ഈയടുത്ത കാലം മുതല്‍ അവളുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കാണുന്നു. എപ്പോഴും ദേഷ്യം, എന്തു ചോദിച്ചാലും എടുത്തടിച്ചപോലെ മറുപടി പറയുക, മുറിയടച്ചിരിക്കുക, പറഞ്ഞാലനുസരിക്കാത്ത വിധത്തിലുള്ള വസ്ത്രധാരണം... ഇതിനൊരു പരിഹാരമാര്‍ഗം നിര്‍ദേശിക്കാമോ? എന്തുകൊണ്ടാണ് ഇങ്ങനെ?


ജയശ്രീ, കുന്നംകുളംബാഹ്യമായി പ്രകടമാവുന്ന ശാരീരിക വളര്‍ച്ച മാത്രമല്ല കൗമാരം. വളര്‍ച്ചയ്ക്ക് കാരണമായ പലതരം ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി, മാനസികവും വൈകാരികവും ലൈംഗികവുമായ ചിന്തകളും കാഴ്ചപ്പാടുകളും കുട്ടികളില്‍ ഉടലെടുക്കുന്നു. ഒപ്പം തന്നിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വയം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും അവര്‍ക്ക് കഴിയുന്നില്ല. മാതാപിതാക്കള്‍ക്ക് തങ്ങളെ മനസ്സിലാവില്ല എന്ന ചിന്താഗതിയും അവരില്‍ വളരുന്നു. ഇതെല്ലാം, വളര്‍ച്ചയുടെ പ്രത്യേകതയാണെന്ന് തിരിച്ചറിയാതെയുള്ള മാതാപിതാക്കളുടെ പ്രതികരണം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു.


വേഗം വളരുന്ന ശരീരം


ബാല്യകാലം തീരുന്നതിനുമുമ്പേ എത്തുന്ന ആര്‍ത്തവാരംഭം പല പെണ്‍കുട്ടികള്‍ക്കും സ്വഭാവ വ്യതിയാനങ്ങള്‍ക്ക് കാരണമാവുന്നു. 10 വയസ്സിനു മുമ്പേ ആര്‍ത്തവം തുടങ്ങുന്നത് ഇന്ന് സാധാരണമാണ്. ഇതിനു മുന്നോടിയായിട്ടുള്ള ശാരീരിക വളര്‍ച്ച 7-8 വയസ്സാകുമ്പോഴേക്കും തുടങ്ങുന്നു. അമിത രക്തസ്രാവം, ക്രമംതെറ്റിയുള്ള ആര്‍ത്തവം എന്നിവ സൂചിപ്പിക്കുന്നത് താളം തെറ്റിയ ഹോര്‍മോണ്‍ പ്രവര്‍ത്തനമാണ്. ഈ ശാരീരിക-മാനസിക മാറ്റങ്ങള്‍ക്ക് പ്രധാന കാരണം ഇന്നത്തെ തെറ്റായ ഭക്ഷണരീതിയാണ്. ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണം എന്നതാണ് ശരിയായ ആരോഗ്യത്തിന്റെ അടിസ്ഥാനം. നാടന്‍ പഴങ്ങള്‍, ഇലക്കറികള്‍, കടല്‍മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പ്രഭാതഭക്ഷണം വേണ്ട അളവില്‍ കഴിക്കാത്ത കുട്ടിയുടെ തലച്ചോറിന് ആവശ്യമായ ഊര്‍ജം ലഭിക്കാതെ പോകുന്നു. ഊര്‍ജസ്വലത, ഓര്‍മശക്തി, ശ്രദ്ധിക്കാനുള്ള കഴിവ്, ഉത്സാഹം, സന്തോഷം എന്നിവ നിലനിര്‍ത്തുന്നത് തലച്ചോറിലെ പ്രത്യേകതരം കോശങ്ങളുടെ പ്രവര്‍ത്തനഫലമായാണ്. ഊര്‍ജം ലഭിക്കാതെ വരുമ്പോള്‍ ഈ കോശങ്ങള്‍ സമ്മര്‍ദം വര്‍ധിപ്പിക്കാനുപകരിക്കുന്നതരം ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു. ഈ രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി സമ്മര്‍ദം കൂടുക മാത്രമല്ല, ആത്മവിശ്വാസം കുറയുകകൂടി ചെയ്യുന്നു. സ്‌കൂള്‍വിട്ട് ക്ഷീണിച്ച് വീട്ടിലെത്തുന്ന കുട്ടികള്‍ ദേഷ്യം, എതിര്‍പ്പ് എന്നീ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു.

വളര്‍ച്ചയുടെ ഭാഗമായുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍മൂലം മുഖക്കുരു, കറുത്ത പാടുകള്‍, കരുവാളിപ്പ് എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. മുതിര്‍ന്നവര്‍ക്ക് വളരെ നിസ്സാരമായി തോന്നാവുന്ന ഈ പ്രശ്‌നങ്ങള്‍ കൗമാരക്കാരുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ പങ്കുവെക്കാനാവാതെ രഹസ്യമായി വേദന തിന്നുന്ന കൗമാരക്കാര്‍ ചെറിയ കാര്യങ്ങള്‍ക്കുപോലും പൊട്ടിത്തെറിച്ചേക്കാം.

കുറ്റെപ്പടുത്തലുകളും വഴക്കുമല്ല പക്വതേയാെടയുള്ള സമീപനമാണ് കൗമാരക്കാര്‍ക്ക് േവണ്ടത്. അവരിേലക്ക് ഇറങ്ങിെച്ചന്ന് ആശങ്കകെളയും സ്വപ്‌നങ്ങെളയും മനസ്സിലാക്കി അവര്‍െക്കാരു താങ്ങായി നില്‍ക്കുക എന്നതു ഏെറ ്രശമകരമായ ഒന്നാണ്. സ്‌നേഹത്തോടെ, സംയമനത്തോടെ, സഹനശക്തിയോടെ കാര്യങ്ങള്‍ കാണാനും, കൗമാരക്കാര്‍ക്ക് മാതൃക കാണിക്കാനും മാതാപിതാക്കള്‍ തയ്യാറാവണം.

പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കമൂലം വല്ലാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന അമ്മമാരുണ്ട്. ഇത് കുട്ടികളില്‍ ശത്രുത വളര്‍ത്തുന്നു. അവര്‍ക്കേറ്റവും പ്രിയപ്പെട്ടത് അവരുടെ വീടാണെന്നും മാതാപിതാക്കള്‍ അവര്‍ക്ക് താങ്ങായി എപ്പോഴും ഉണ്ടാകുമെന്നുമുള്ള വിശ്വാസമാണ് ഉണ്ടാക്കേണ്ടത്.